കുറച്ചു വർഷങ്ങളായി പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ബെൽജിയൻ സൂപ്പർതാരമായ കെവിൻ ഡി ബ്രൂയ്നെ. എന്നാൽ കൊറോണ മൂലം വിശ്രമമില്ലാതെ മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ പരിക്കിനുള്ള സാധ്യത കൂടുകയാണ് ചെയ്യുന്നത്. എന്നിരുന്നാലും തന്റെ കഴിവിന്റെ നൂറു ശതമാനം കളിക്കളത്തിൽ നൽകാറുണ്ടെന്നു ഡി ബ്രൂയ്നെ ചൂണ്ടിക്കാണിക്കുന്നു.
തന്റെ സഹതാരങ്ങളുടെ കൂടെ ശബ്ദമാണ് ഡി ബ്രൂയ്നെയിലൂടെ വെളിവാകുന്നത്. ഇങ്ങനെ വിശ്രമമില്ലാതെ കളിക്കുന്നത് പരിക്കിനെ വിളിച്ചു വരുത്തുമെന്നു താൻ ഭയക്കുന്നുണ്ടെന്നും ഡി ബ്രൂയ്നെ മനം തുറക്കുന്നു. നിലവിലെ ബെൽജിയം ടീമിനൊപ്പം അന്താരാഷ്ട്രമത്സരങ്ങൾക്കായി തയ്യാറെടുക്കുകയാണ് ഡിബ്രൂയ്നെ. 7 ദിവസത്തിനിടയിൽ 3 മത്സരങ്ങളാണ് ബെൽജിയത്തിനുള്ളത്. ഇതോടെയാണ് തന്റെ ശരീരികക്ഷമതയെക്കുറിച്ചും പരിക്കുകളെക്കുറിച്ചും താരം വാചാലനാവുന്നത്.
” രണ്ടു വർഷത്തോളമായി ക്ഷീണിതനാവും വരെ ഞാൻ കളിക്കാറുണ്ട്. എങ്കിലും ആരും കളിക്കാരുടെ വാക്കുകളെ ശ്രദ്ദിക്കാറില്ല. അതെനിക്കു പലപ്പോഴും വേവലാതിയുണ്ടാക്കാറുണ്ട്. പ്രത്യേകിച്ചും എന്റെ സാഹചര്യങ്ങളെ കുറിച്ച് ആലോചിക്കുമ്പോൾ. എനിക്കാകെ 8-9 ദിവസങ്ങളാണ് അവധിയായി ലഭിച്ചത്. എന്റെ ഭാര്യ ഗർഭിണിയായതിനാൽ അവധി ആഘോഷിക്കുവാനും സാധിച്ചില്ല. ഞാൻ ഇങ്ങനെ സീസൺ അവസാനം വരെ തുടരുകയാണെങ്കിൽ രണ്ടു വർഷമായി വിശ്രമമമില്ലാതെയാണ് ഞാൻ കളിച്ചുകൊണ്ടിരുന്നത്.” ഡി ബ്രൂയ്നെ വ്യക്തമാക്കി.
എന്റെ ശരീരം വിശ്രമത്തിനായി നിലവിളിക്കുകയാണ്. എന്നാൽ ആരും കളിക്കാരുടെ വാക്കുകൾക്ക് വിലകൊടുക്കുന്നില്ല. എല്ലാവരും പറയുന്നത് അവർ നല്ല തുക സമ്പാദിക്കുന്നുണ്ട്, അതവർ തന്നെ നോക്കിക്കോളുമെന്നാണ്. അത്ര തന്നെ. വളരെയധികം തരങ്ങൾക്ക് പരിക്കുവരാനുള്ള സാഹചര്യം ഞാൻ കാണുന്നു. എന്നെ വിശ്വസിക്കൂ. ഞാൻ 80%തിൽ കളിക്കാറില്ല. എല്ലായ്പ്പോളും 100% മാണു ഞാൻ നൽകാറുള്ളത്. “