അത്ലറ്റികോ മാഡ്രിഡിന്റെ മധ്യനിര താരമായ തോമസ് പാർട്ടേയെ സ്വന്തമാക്കാനുള്ള ആഴ്സനലിന്റെ നീക്കങ്ങൾ വിജയം കണ്ടേക്കും. ആഴ്സനൽ ഒഴിവാക്കാനൊരുങ്ങുന്ന യുറുഗ്വയ് താരം ലൂകാസ് ടൊരേരയെ ടീമിലെത്തിക്കാൻ സിമിയോണിക്കു താൽപര്യമുണ്ട്. ഇതു മുതലെടുത്ത് ഘാന താരത്തെ സ്വന്തമാക്കാൻ ആഴ്സനൽ തയ്യാറെടുക്കുന്നുവെന്ന് എൽ ഗോൾ ഡിജിറ്റൽ റിപ്പോർട്ടു ചെയ്യുന്നു.
പാർട്ടേയെ സ്വന്തമാക്കാൻ ആഴ്സനൽ വളരെക്കാലമായി ശ്രമം നടത്തുകയാണ്. താരത്തിനും ഗണ്ണേഴ്സിനൊപ്പം ചേരാൻ ആഗ്രഹമുണ്ട്. എന്നാൽ താരത്തിന്റെ റിലീസ് ക്ളോസായ അൻപതു മില്യൺ നൽകണമെന്ന് അറ്റ്ലറ്റികോ നിർബന്ധം പിടിച്ചതോടെ ആഴ്സനലിന്റെ നീക്കങ്ങൾ പരാജയപ്പെട്ടിടത്താണ് ഇപ്പോൾ പുതിയ സാധ്യത തെളിഞ്ഞത്. ടൊരേര പ്ലസ് ക്യാഷ് ഡീലാണ് ആഴ്സനൽ മുന്നോട്ടു വച്ചിരിക്കുന്നത്.
ആഴ്സനൽ പരിശീലകൻ അർടേട്ടക്ക് വളരെയധികം താൽപര്യമുള്ള കളിക്കാരനാണ് പാർട്ടേ. സ്പാനിഷ് പരിശീലകന്റെ പദ്ധതികൾക്ക് അനുയോജ്യനായ താരമെത്തുന്നതോടെ ആഴ്സനലിന്റെ ശക്തി ഇനിയും വർദ്ധിക്കും. നിലവിൽ തന്നെ അർടേട്ടക്കു കീഴിൽ രണ്ടു കിരീടങ്ങൾ നേടുകയും വമ്പൻ ടീമുകളെ തോൽപ്പിക്കുകയും ചെയ്തതോടെ ആഴ്സനൽ ആരാധകർ വലിയ പ്രതീക്ഷയിലാണ്.
അതേ സമയം ടൊരേരക്ക് ആഴ്സനലിൽ അവസരങ്ങൾ വളരെ കുറവാണ്. ടൊരേരക്കു പുറമെ ഗുണ്ടൂസി, കൊളാസിനാച്ച്, മുസ്താഫി എന്നിവരെയും ആഴ്സനൽ ടീമിൽ നിന്നും ഒഴിവാക്കാനൊരുങ്ങുകയാണ്.