മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡൊക്കെതിരെ രൂക്ഷമായ വിമർശനവുമായി ക്ലബിന്റെ ഇതിഹാസതാരമായ പോൾ ഇൻസ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഡ്രസിങ് റൂമിലെ മറ്റു താരങ്ങൾക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ നല്ലൊരു മാതൃകയല്ലെന്നും താരം മറ്റു കളിക്കാരുടെ ശ്രദ്ധ കൂടി പതറിപ്പോകുന്ന പ്രവൃത്തിയാണ് താരം ചെയ്യുന്നതെന്നും പറഞ്ഞ ഇൻസ് പോർച്ചുഗൽ താരം ഉടനെ തന്നെ ക്ലബിൽ നിന്നും പുറത്തു പോകേണ്ടത് നിർബന്ധമാണെന്നും അഭിപ്രായപ്പെട്ടു. ലയണൽ മെസിയിൽ നിന്നും ഇതുപോലൊരു പ്രവൃത്തി ഒരിക്കലും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടണം. ഞാൻ കളിക്കുന്ന സമയത്ത് റോയ് കീൻ, സ്റ്റീവ് ബ്രൂസ് എന്നിവർക്കൊപ്പം റൊണാൾഡോയും ഡ്രസിങ് റൂമിൽ ഉണ്ടായിരുന്നുവെങ്കിൽ ഞങ്ങൾ അദ്ദേഹത്തോട് ക്ഷമിക്കില്ലായിരുന്നു. താരം ഒന്നിൽ നിന്നും രക്ഷപ്പെട്ടു പോവുകയുമില്ലായിരുന്നു.” ബോയ്ൽസ്പോർട്സ് പ്രീമിയർ ലീഗിനോട് സംസാരിക്കുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം മൂന്നു ഫാസ്റ്റ് ഡിവിഷൻ കിരീടങ്ങളടക്കം നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ മധ്യനിര താരം പറഞ്ഞത് ഗോൾ റിപ്പോർട്ടു ചെയ്‌തു.
“റൊണാൾഡോയെ ലിവർപൂളിനെതിരായ മത്സരത്തിലെ ആദ്യ ഇലവനിൽ നിന്നും ഒഴിവാക്കിയത് വളരെ പ്രധാനപ്പെട്ടൊരു കാര്യമായിരുന്നു. കാരണം അത് റൊണാൾഡോയില്ലെങ്കിലും മുന്നോട്ടു പോകാൻ കഴിയുമെന്നു വ്യക്തമായി മനസിലാക്കാൻ സഹായിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിലുള്ള എല്ലാവരിലും താരം പതർച്ച സൃഷ്‌ടിക്കുന്നു. റൊണാൾഡോ ഓരോ സമയത്തും ചെയ്‌തിരുന്നതു പോലെ ലയണൽ മെസി ഒരിക്കലും ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല.” ഇൻസ് വ്യക്തമാക്കി.
മാഞ്ചസ്റ്റർ യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗ് യോഗ്യത ഇല്ലാത്തതിനാൽ ക്ലബ് വിടാൻ ആഗ്രഹിക്കുന്ന റൊണാൾഡോ സ്വീകരിച്ച നിലപാടുകൾ നേരത്തെ തന്നെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പരിശീലനത്തിനു ചേരാൻ വൈകുകയും പ്രീ സീസൺ മത്സരങ്ങൾ കളിക്കാതിരിക്കുകയും ചെയ്‌ത റൊണാൾഡോ ഒരേയൊരു പ്രീമിയർ ലീഗ് മത്സരത്തിൽ മാത്രമാണ് ആദ്യ ഇലവനിൽ ഉൾപ്പെട്ടത്. മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ റൊണാൾഡോ ആഗ്രഹിക്കുന്നുണ്ടെങ്കിലും ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ക്ലബുകളൊന്നും താരത്തെ വാങ്ങാൻ തയ്യാറാവുന്നില്ലെന്നതാണ് പ്രധാന പ്രതിസന്ധി.