ബ്രസീലിയൻ ഇതിഹാസതാരം പെലെയുടെ റെക്കോർഡ് തകർക്കാനുള്ള കുതിപ്പിലാണ് അർജന്റൈൻ സൂപ്പർ താരം ലയണൽ മെസ്സി. പെലെയുടെ ബ്രസീലിയൻ ജേഴ്സിയിലുള്ള ഗോൾവേട്ടയുടെ റെക്കോർഡാണ് മെസ്സിക്ക് മറികടക്കാനുള്ളത്. ഏഴ് ഗോളുകൾ കൂടി നേടിയാൽ പെലെയുടെ റെക്കോർഡ് ഭേദിക്കാൻ മെസ്സിക്കാവും.
നിലവിൽ രാജ്യത്തിനു വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ലാറ്റിനമേരിക്കൻ താരമെന്ന നേട്ടം പെലെയുടെ പേരിലാണ്. 77 ഗോളുകളാണ് പെലെ ഇതുവരെ ബ്രസീലിയൻ ജേഴ്സിയിൽ നേടിയിട്ടുള്ളത്. എന്നാൽ മെസ്സിയാവട്ടെ ഇതുവരെ അർജന്റീനക്ക് വേണ്ടി 71 ഗോളുകൾ നേടികൊണ്ട് രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ ഇക്വഡോറിനെതിരെയുള്ള മത്സരത്തിൽ ഒരു ഗോൾ കൂടെ നേടിയതോടെയാണ് മെസ്സി ഗോൾനേട്ടം 71-ആയി ഉയർത്തിയത്.നിലവിൽ പെലെക്ക് പിറകിൽ രണ്ടാം സ്ഥാനത്താണ് മെസ്സി.
മൂന്നാം സ്ഥാനത്തുള്ളത് ബ്രസീലിയൻ ഇതിഹാസം റൊണാൾഡോയാണ്. 62 ഗോളുകളാണ് റൊണാൾഡോ ഇതുവരെ തന്റെ രാജ്യത്തിനായി നേടിയത്. നാലാം സ്ഥാനത്തുള്ളത് ബ്രസീലിന്റെ തന്നെ സൂപ്പർ താരം നെയ്മർ ജൂനിയറാണ്. 61 ഗോളുകൾ ഇതുവരെ നെയ്മർ നേടികഴിഞ്ഞു. തൊട്ട് പിന്നാലെ ഉറുഗ്വൻ സൂപ്പർ താരം ലൂയിസ് സുവാരസുമുണ്ട്. അറുപത് ഗോളുകളാണ് സുവാരസ് ഇതുവരെ തന്റെ രാജ്യത്തിനായി നേടിയത്. മെസ്സിക്ക് വെല്ലുവിളിയായി നെയ്മറും സുവാരസും പിറകിൽ ഉണ്ടെന്നർത്ഥം.
അതേ സമയം രാജ്യത്തിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന കണക്കിൽ ഇവരെല്ലാം തന്നെ ഏറെ പിറകിലാണ്. 109 ഗോളുകൾ നേടിയ ഇറാനിന്റെ അലി ദായിയാണ് ഒന്നാമത്. 101 ഗോളുകൾ നേടിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആ റെക്കോർഡ് തകർക്കാനുള്ള ഒരുക്കത്തിലാണ്. 84 ഗോളുള്ള ഹങ്കറിയുടെ ഫെറെങ്ക് പുഷ്കാസ് ആണ് മൂന്നാം സ്ഥാനത്ത്. 72 ഗോളുകളോട് ഇന്ത്യൻ താരം സുനിൽ ഛേത്രി പത്താം സ്ഥാനത്തുണ്ട്.