കൂടുതൽ മെച്ചപ്പെടുത്താൻ ഹാലൻഡ് മറ്റൊരു പ്രീമിയർ ലീഗ് താരത്തിന്റെ പ്രകടനം കാണുന്നുണ്ടെന്ന് പെപ് ഗ്വാർഡിയോള

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഈ സീസണിൽ മാരക ഫോമിലാണ് എർലിങ് ഹാലാൻഡ് കളിച്ചു കൊണ്ടിരിക്കുന്നത്. സീസൺ പകുതിയായപ്പോൾ തന്നെ ഇരുപത്തിയഞ്ചു ഗോളുകളാണ് താരം ലീഗിൽ നേടിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടോപ് സ്കോററാർമാരായിരുന്ന സോണിന്റെയും സലായുടെയും ഗോളുകളുടെ എണ്ണം ഇപ്പോൾ തന്നെ നോർവേ താരം മറികടന്നു കഴിഞ്ഞിരിക്കുന്നു.

സമകാലീന ഫുട്ബോളിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണെങ്കിലും സ്വയം ഇനിയും മെച്ചപ്പെടുത്തണമെന്ന ആഗ്രഹം ഹാലാൻഡിന് എപ്പോഴുമുണ്ടെന്നാണ് താരത്തിന്റെ പരിശീലകനായ പെപ് ഗ്വാർഡിയോള പറയുന്നത്. ഇതിനായി മറ്റുള്ള താരങ്ങളുടെ പ്രകടനത്തിന്റെ വീഡിയോയും അവരുടെ മത്സരങ്ങളും കണ്ട് കൂടുതൽ കൂടുതൽ മികച്ചതാവാനുള്ള ശ്രമങ്ങൾ താരം നടത്തുന്നുണ്ടെന്നും ഗ്വാർഡിയോള പറഞ്ഞു.

“ഏർലിങ് ഹാലാൻഡുമായി ബന്ധപ്പെട്ട് എന്നെ ആശ്ചര്യപ്പെടുത്തിയ കാര്യം താൻ ഇനിയും മെച്ചപ്പെടാൻ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന താരത്തിന്റെ തന്നെ ബോധ്യമാണ്. താരം ഹാരി കേനിന്റെ മത്സരങ്ങൾ കാണുന്നുണ്ടാകുമെന്ന് എനിക്കുറപ്പുള്ള കാര്യമാണ്. ഹാരി കേനിനെ മാത്രമല്ല, കൂടുതൽ മെച്ചപ്പെടാൻ മറ്റു പല താരങ്ങളുടെയും പ്രകടനം താരം കാണുന്നുണ്ടാകും.”

“എനിക്കിനിയും കൂടുതൽ മികച്ചതാവാൻ കഴിയുമെന്ന് ഇരുപത്തിരണ്ടാം വയസിൽ പറയാനുള്ള ഹാലൻഡിനെ ആർജ്ജവമാണ് ഏറ്റവും വലിയ കാര്യമെന്ന് ഞാൻ വിശ്വസിക്കുന്നു. അല്ലെങ്കിൽ ഇതെല്ലാം മടുപ്പുണ്ടാക്കും. കരിയർ അവസാനിപ്പിക്കുന്നത് വരെയും കൂടുതൽ മെച്ചപ്പെട്ടു കൊണ്ടിരിക്കണം. അതാണ് നമ്മുടെ ജീവിതത്തിലുള്ള പ്രധാനപ്പെട്ട കാര്യം, ഒരിക്കലും നിർത്തരുത്.” ഗ്വാർഡിയോള അഭിപ്രായപ്പെട്ടു.

ഇന്ന് രാത്രി നടക്കാനിരിക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയും ടോട്ടനം ഹോസ്‌പറും തമ്മിലാണ് ഏറ്റുമുട്ടാൻ തയ്യാറെടുക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ പ്രീമിയർ ലീഗ് ടോപ് ഓഫ് ദി ടേബിൾ ടീമായ ആഴ്‌സണൽ തോൽവി വഴങ്ങിയതിനാൽ അവരിൽ കിരീടപ്പോരാട്ടത്തിൽ സമ്മർദ്ദം ചെലുത്താൻ ഇന്നത്തെ മത്സരത്തിൽ വിജയം നേടേണ്ടത് ഗ്വാർഡിയോളക്കും സംഘത്തിനും അത്യാവശ്യമാണ്.

Rate this post
Erling Haaland