കേരള ബ്ലാസ്റ്റേഴ്സിന്റെ അർജന്റീന ഫോർവേഡ് പെരേര ഡയസിന്റെ മുംബൈയിലേക്കുള്ള ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ സീസണിൽ തുടക്കത്തിൽ ഉണ്ടായിരുന്നു. കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയിൽ മുംബൈക്ക് വേണ്ടി പെരേര ഡയസ് ഗോൾ നേടുകയും ചെയ്തു.ഗോൾ നേടിയ ഉടൻ ആദ്യം ഗാലറിയെ നോക്കി കൈകൂപ്പിയ ഡയസ് പിന്നീട് ടീം മാനേജ്മെന്റ് പ്രതിനിധികൾ ഉൾപ്പെടയുള്ളവർ ഇരിക്കുന്ന സ്ഥലത്തേക്ക് നോക്കുകയും, ജേഴ്‌സിയിലെ തന്റെ പേര് ചൂണ്ടി കാണിക്കുകയുമൊക്കെ ചെയ്തു.
ഡയസിനെ നിലനിർത്താൻ സാധിക്കാത്തത് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന്റെ പിടിപ്പുകേടാണ് എന്നുപറഞ്ഞ് ആരാധകർ വിമര്ശനം ഉന്നയിച്ചിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്‌സിനെ ചതിച്ചിട്ട് തന്നെയാണ് പെരേര ഡയസ് മുംബൈ സിറ്റിയിലേക്ക് പോയതെന്ന് വെളിപ്പെടുത്തല്‍. ഐഎസ്എല്‍ കമന്റേറ്റര്‍ ഷൈജു ദാമോദരനാണ് ഈ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. രണ്ടുമാസത്തോളം ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റിനെ വട്ടുകളിപ്പ ശേഷമാണ് മുംബൈയുമായി കരാറിലൊപ്പിട്ടതെന്നും അദേഹം വെളിപ്പെടുത്തുന്നു.
കഴിഞ്ഞ സീസൺ ഫൈനൽ മത്സരം കഴിഞ്ഞ ഉടൻ ഡയസിനെ ടീമിൽ നിലനിർത്താൻ വേണ്ടി ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് ശ്രമം തുടങ്ങിയിരുന്നു. അടുത്ത ദിവസങ്ങളിൽ തന്നെ 70 മുതൽ 75 ശതമാനം വരെ വേതനം വർധിപ്പിച്ചുകൊണ്ടുള്ള കരാർ ഡയസിന് അയച്ചുനൽകിയതുമാണ്. എന്നാൽ ഡയസ് 60 ദിവസം കഴിഞ്ഞിട്ടും കരാർ ഒപ്പിട്ട് തിരിച്ചയച്ചില്ല. ഇതിനെപറ്റി അന്വേഷിച്ചപ്പോൾ കുറച്ചുദിവസം കൂടെ ഡയസും അദ്ദേഹത്തിന്റെ ഏജന്റും ആവശ്യപ്പെട്ടു. എന്നാൽ ഇതിനിടയിലാണ് ബ്ലാസ്റ്റേഴ്‌സ് അറിയുന്നത് ഡയസ് മുംബൈ സിറ്റിയിൽ കരാറിൽ എത്തിക്കഴിഞ്ഞുവെന്ന്. അല്ലാതെ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് ഡയസിനെ ടീമിൽ നിലനിർത്താഞ്ഞതല്ല. ടീമിനോട് യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത താരമാണ് ഡയസ്. ഷൈജു ദാമോദരൻ പറഞ്ഞു.
വെളിപ്പെടുത്തൽ പുറത്ത് വന്നതോടെ ആരാധകർ ഡയസിനെതിരെ തിരിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ വരെയുള്ള കുതിപ്പിൽ ഡയസ് നിർണായക പങ്കുവഹിച്ചിരുന്നു. ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് ഇതുവരെ മൂന്നു തുടര്‍തോല്‍വികളുമായി പോയിന്റ് പട്ടികയില്‍ പിന്നിലാണ്. ശനിയാഴ്‌ച നോർത്ത് ഈസ്റ്റിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം