റയൽ മാഡ്രിഡിന്റെ മൊറോക്കൻ താരമായ അഷ്റഫ് ഹക്കിമി ഇന്റർ മിലാനിലേക്കുള്ള ട്രാൻസ്ഫർ പൂർത്തിയാക്കാൻ ഒരുങ്ങുകയാണെന്നാണ് അഭ്യൂഹങ്ങൾ. ഡോർട്മുണ്ടിനു വേണ്ടി ഈ സീസണിൽ തകർപ്പൻ ഫോമിൽ കളിച്ച റൈറ്റ് ബാക്ക് പ്രതിരോധ താരമെന്നതിലുപരി ആക്രമണത്തിലും മികച്ച സംഭാവന നൽകുന്ന കളിക്കാരനാണ്. തന്റെ 3-4-3 ശൈലിക്ക് അനുയോജ്യനായതിനാലാണ് കോണ്ടെ ഹക്കിമിയെ ഇന്ററിൽ എത്തിക്കുന്നത്.
അതേ സമയം റയലിന്റെ തീരുമാനം അബദ്ധമായും പെരസിന്റെ കൂർമ ബുദ്ധിയായും വിലയിരുത്തപ്പെടുന്നുണ്ട്. ഡോർട്മുണ്ടിനു വേണ്ടി ഒൻപതു ഗോളും പത്തിലധികം അസിസ്റ്റും സ്വന്തമാക്കിയ യുവതാരം റയലിലേക്കു തിരിച്ചു വരുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. അങ്ങനെയുള്ള താരത്തെ വിൽക്കുന്നത് അബന്ധമാണെന്നാണ് ഒരു വിഭാഗം കരുതുന്നത്. എന്നാൽ കർവാഹാൾ, ഒഡ്രിയാസോള എന്നീ താരങ്ങളുള്ളതു കൊണ്ടു തന്നെ ഹക്കിമി റയലിൽ ബെഞ്ചിലിരിക്കുമെന്നത് വാസ്തവമാണ്.
ബാഴ്സയുടെ ലൗടാരോ മാർട്ടിനസ് ട്രാൻസ്ഫർ തടയാനുള്ള പെരസിന്റെ നീക്കമായും ഹക്കിമി ട്രാൻസ്ഫർ വിലയിരുത്തപ്പെടുന്നുണ്ട്. ലൗടാരോ മാർട്ടിനസിനു പകരം ഇന്റർ ബാഴ്സയോട് ആവശ്യപ്പെട്ടത് നെൽസൻ സെമഡോയെ ആയിരുന്നു. എന്നാൽ അവർക്കു ചേരുന്ന റൈറ്റ് ബാക്കിനെ റയൽ നൽകിയതോടെ ഇനി മാർട്ടിനസിനെ സ്വന്തമാക്കാൻ ബാഴ്സ മുഴുവൻ തുകയും നൽകണമെന്ന അവസ്ഥയാണുള്ളത്.
ബാഴ്സക്കു മാത്രമല്ല, റയലിനും താൽപര്യമുള്ള സ്ട്രൈക്കറാണ് മാർട്ടിനസ്. ബെൻസിമ ടീം വിടുമ്പോൾ പകരക്കാരനായാണ് റയൽ താരത്തെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നത്. അതു കൊണ്ടു തന്നെ ഈ ട്രാൻസ്ഫർ വഴി ബാഴ്സയുടെ നീക്കങ്ങളെ ഹൈജാക്ക് ചെയ്ത് റയൽ മാർട്ടിനസിനെ ടീമിലെത്തിക്കുമോ എന്നു വരെ ചിന്തിക്കേണ്ടിയിരിക്കുന്നു.