യൂറോ കപ്പിന്റെ ചരിത്രത്തിലൂടെ 29 വര്ഷം പുറകോട്ട് സഞ്ചരിക്കുമ്പോൾ ലോക ഫുട്ബോളിലെ തന്നെ ഒരു അത്ഭുതം നമുക്ക് കാണാനാവും. യൂറോ കപ്പിന്റെ യോഗ്യത റൗണ്ടിൽ പരാജയപ്പെട്ട ഒരു ടീം ടൂർണമെന്റ് അവസാനിച്ചപ്പോൾ കിരീടത്തിൽ മുത്തമിട്ട അത്ഭുത കാഴ്ചക്ക് ലോകം സാക്ഷിയായി.1992 സ്വീഡനിൽ നടന്ന യൂറോ കപ്പിൽ കിരീടം നേടിയത് ഗോൾ കീപ്പർ പീറ്റർ ഷ്മൈക്കിലിന്റെ നേതൃത്വത്തിലിറങ്ങിയ ഡെന്മാർക്കായിരുന്നു. എന്നാൽ 2021 ൽ ആ പൂർവികരുടെ വിജയം ആവർത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഡാനിഷ് പോരാളികൾ. അന്ന് കിരീട വിജയത്തിൽ നിർണായക പങ്കു വഹിച്ച താരമാണ് ഡാനിഷ് ഗോൾ വല കാത്ത ക്യാപ്റ്റൻ പീറ്റർ ഷ്മൈക്കിൽ . നിലവിൽ ഗോൾ വലയുടെ കാവൽക്കാരനാണ് പിതാവിന്റ പാദ പിന്തുടർന്നു വന്ന അദ്ദേഹത്തിന്റെ മകൻ കാസ്പർ ഷ്മൈക്കിലാണ്.
1992 ൽ പിതാവ് ഉയർത്തിയ കിരീടം മകൻ 2021 ൽ ഉയർത്തുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ഇന്ന് വെബ്ലിയിൽ നടക്കുന്ന സെമി പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ പരാജയപെടുത്താം എന്ന ശുഭാപ്തി വിശ്വാസത്തിലാണ് കാസ്പറും കൂട്ടരും ഇറങ്ങുന്നത്. ഡെന്മാർക്കിലെ സെമി വരെയുള്ള യാത്രയിൽ 34 കാരനായ ലെസ്റ്റർ സിറ്റി കീപ്പർ തെറ്റല്ലാത്ത ഒരു പങ്കു വഹിച്ചിട്ടുണ്ട്. എറിക്സൻറെ വീഴ്ചയിൽ നിന്നും ഡാനിഷ് ടീമിനെ കരകയറ്റിയതിൽ സീനിയർ താരമായ കാസ്പറിനും വലിയ പങ്കുണ്ട്.
ഡെന്മാർക്കിന്റെ ഫുട്ബോൾ ചരിത്രത്തിലെ ഇതിഹാസ താരങ്ങളുടെ കൂട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന താരം കൂടിയാണ് പീറ്റർ ഷ്മൈക്കിൽ. തന്റെ കരിയറിലെ ഭൂരിഭാഗം കാലവും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനൊപ്പം ചിലവഴിച്ച പീറ്റർ 1998/99 ൽ ചരിത്രപരമായ ട്രെബിൾ വിജയത്തിലേക്ക് അവരെ നയിക്കുകയും ചെയ്തിരുന്നു. 1992 ലെ യൂറോയിൽ 1988 ലെ ചാമ്പ്യന്മാരും പ്രഗൽഭ താരങ്ങളായ . വാൻ ബസ്റ്റനും ,കൂമാനും ,ബെർഗ്കാമ്പ് ,റൈക്കാർഡ്, ഗുല്ലിറ്റ്, ഡി ബോയറും അടങ്ങുന്ന നെതർലൻഡിനെതിരായ സെമി ഫൈനൽ പോരാട്ടത്തിൽ ഡെന്മാർക്കിനെ വിജയിപ്പിച്ചത് പീറ്ററിന്റെ മിടുക്കയിരുന്നു. പെനാൽട്ടി ഷൂട്ട് ഔട്ടിലേക്ക് കടന്ന മത്സരത്തിൽ സൂപ്പർ താരം മാർക്കോ വാൻ ബാസ്റ്റൺ എടുത്ത പെനാൽറ്റി തടുത്തു കൊണ്ട് ഡെന്മാർക്കിലെ ഫൈനലിൽ എത്തിച്ചു.
ഇന്ന് ഡെൻമാർക്ക് ഇംഗ്ലണ്ടിനെ നേരിടുമ്പോൾ തന്റെ പിതാവ് 92 ൽ സെമിയിൽ പുറത്തെടുത്ത പ്രകടനം ആവർത്തിച്ച് കാസ്പർ ടീമിനെ ഫൈനലിൽ എത്തിക്കുമോ എന്നാരും ഉറ്റു നോക്കുന്നത്. കോപ്പൻഹേഗനിൽ ജനിച്ചെങ്കിലും ഇംഗ്ലീഷ് ഫുട്ബോളിലൂടെ വളർന്ന താരമാണ് കാസ്പർ ഷ്മൈക്കിൽ. അത് കൊണ്ട് തന്നെ ഇംഗ്ലീഷ് ഫുട്ബോളിനെയും താരങ്ങളെയും വളരെ നന്നായി അറിയാവുന്നതാണ് താരം കൂടിയാണ്. 2011 മുതൽ ലെസ്റ്റർ സിറ്റിയുടെ ഭാഗമായ കാസ്പർ 2015 – 16 ൽ അവർക്കൊപ്പം പ്രീമിയർ ലീഗും കഴിഞ്ഞ സീസണിൽ അവർക്കൊപ്പം എഫ്എ കപ്പും നേടിയിട്ടുണ്ട്. ഡെൻമാർക്ക് ദേശീയ ടീമിനൊപ്പം 70 മത്സരങ്ങളിൽ 34 കാരൻ ജേഴ്സിയണിഞ്ഞിട്ടുണ്ട്.