“രണ്ടു വർഷം കൂടുമ്പോൾ വേൾഡ് കപ്പ് , പിന്തുണയുമായി ആരാധകരും”

ലോക ഫുട്ബോൾ ആരാധകർ ആവേശത്തോടെ ഉറ്റുനോക്കുന്ന ചാംപ്യൻഷിപ്പാണ് നാല് വർഷത്തിലൊരിക്കൽ നടക്കുന്ന ഫിഫ വേൾഡ് കപ്പ്. എന്നാൽ വേൾഡ് കപ്പ് രണ്ടു വർഷത്തിൽ ഒരിക്കൽ നടത്താനുള്ള ഒരുക്കത്തിലാണ് ഫിഫ.രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഫുട്ബോള്‍ ലോകകപ്പ് നടത്താനുള്ള ഫിഫ നീക്കത്തിന് വലിയ പിന്തുണയാണ് ആരാധകരിൽ നിന്നും ലഭിച്ചത്.ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തണോ എന്നറിയാനായി ആരാധകര്‍ക്കിടയില്‍ ഫിഫ നടത്തിയ സര്‍വെയില്‍ 63.7 ശതമാനം പേരും അനുകൂല നിലപാടാണെടുത്തത്.

ഓഗസ്റ്റ്-നവംബര്‍ മാസങ്ങളിലായി 140 രാജ്യങ്ങളില്‍ നിന്നായി ഒരുലക്ഷത്തിലധികം പേരെ പങ്കെടുപ്പിച്ചാണ് സര്‍വെ നടത്തിയത്.സര്‍വെയില്‍ പങ്കെടുത്തവരില്‍ 64 ശതമാനം പേരും തങ്ങളുടെ പ്രിയപ്പെട്ട കായിക ഇനമായി ഫുട്ബോളിനെ തെരഞ്ഞെടുത്തു. ഫുട്ബോള്‍ ലോകകപ്പ് രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്നതിനെക്കുറിച്ച് സാധ്യതാ പഠനം നടത്താന്‍ മെയ് മാസത്തിലാണ് ഫിഫ യോഗത്തില്‍ 166 രാജ്യങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തത്. തുടര്‍ന്നാണ് ആരാധകരുടെ മനസറിയാന്‍ ഫിഫ സര്‍വെ നടത്തിയത്.

ഫിഫ ഗ്ലോബല്‍ ഫുട്ബോള്‍ ഡെവലപ്മെന്‍റ് തലവനും മുന്‍ ആഴ്സണല്‍ പരിശീലകനുമായ ആഴ്സന്‍ വെംഗര്‍ മുന്നോട്ടുവെച്ച ആശയത്തിന് ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോയുടെ പിന്തുണയുമുണ്ട്. എന്നാല്‍ ഫിഫ ഇത്തരമൊരും നിര്‍ദേശം മുന്നോട്ടുവെച്ചപ്പോള്‍ തന്നെ യൂറോപ്പിലെ പ്രബലരായ ക്ലബ് ഉടമകളില്‍ നിന്ന് ശക്തമായ എതിര്‍പ്പാണ് നേരിടേണ്ടിവന്നത്.ചില മുൻനിര യൂറോപ്യൻ രാജ്യങ്ങളിൽ എതിർപ്പ് ശക്തമാണെന്ന് പറയപ്പെടുന്നു, ഇംഗ്ലണ്ടിന്റെ വിസമ്മത ശതമാനം 53, ജർമ്മനിയുടെ 50, ഫ്രാൻസിന്റെത് 42 എന്നിങ്ങനെയാണ്.
സര്‍വെയില്‍ ഏഷ്യയില്‍ നിന്നുള്ള ആരാധകരാണ് ലോകകപ്പ് രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്നതിനെ ഏറ്റവും കൂടുതല്‍ അനുകൂലിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സര്‍വെയില്‍ പങ്കെടുത്ത ഏഷ്യയില്‍ നിന്നുള്ള ആരാധകരില്‍ 85 ശതമാനം പേരും രണ്ടുവര്‍ഷത്തിലൊരിക്കല്‍ ലോകകപ്പെന്ന ആശയത്തെ അനുകൂലിച്ചപ്പോള്‍ 81.7 ശതമാനം പേരും രണ്ടു വര്‍ഷത്തിലൊരിക്കല്‍ വനിതാ ലോകകപ്പും നടത്തണമെന്ന അഭിപ്രായക്കാരാണ്.

രണ്ടു വര്‍ഷത്തിലൊരിക്കല്‍ ലോകകപ്പെന്ന ആശയത്തെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നത് യൂറോപ്പിലെ ക്ലബ്ബ് ഭീമന്‍മാരാണ്. നിലവില്‍ പ്രധാന ലീഗുകള്‍ അവസാനിച്ചശേഷം അടുത്ത സീസണിന്‍റെ ഇടവേള സമയത്താണ് ജൂണ്‍-ജൂലൈ മാസങ്ങളിലായി നാലുവര്‍ഷത്തിലൊരിക്കല്‍ ലോകകപ്പ് നടത്തുന്നത്. ഇത് രണ്ട് വര്‍ഷത്തിലൊരിക്കലാക്കുമ്പോള്‍ കളിക്കാരുടെ ജോലിഭാരം കൂടും. ഇതുവഴി കളിക്കാര്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യതയും കൂടുമെന്നും പൊന്നുംവിലയുള്ള താരങ്ങളുടെ സേവനം ക്ലബ്ബിന് ലഭിക്കാതെ വമെന്നുമാണ് ക്ലബ്ബുകളുടെ ആശങ്ക. ഇതിന് പുറമെ ലീഗ് മത്സരങ്ങള്‍ക്ക് കാഴ്ചക്കാരെയും സ്പോണ്‍സര്‍മാരെയും നഷ്ടമാവുന്നത് വഴി വന്‍ സാമ്പത്തിക നഷ്ടത്തിലേക്ക് ക്ലബ്ബുകള്‍ കൂപ്പുകുത്തുമോ എന്ന ആശങ്കയും ക്ലബ്ബ് ഉടമകള്‍ക്കുണ്ട്.

സമ്പന്നമായ യൂറോപ്യൻ ലീഗുകളേക്കാൾ ഫിഫ ഫണ്ടിൽ കൂടുതൽ ആശ്രയിക്കുന്ന ആഫ്രിക്ക, ഏഷ്യ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ ഫെഡറേഷനുകൾക്ക് വിതരണം ചെയ്യാൻ കഴിയുന്ന കൂടുതൽ ലാഭം ബിനാലെ ലോകകപ്പ് സൃഷ്ടിക്കുമെന്നാണ് ഫിഫയുടെ വാദം.പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ “ഫുട്‌ബോളിനെ യഥാർത്ഥത്തിൽ ആഗോളമാക്കാനും” ടൂർണമെന്റ് ചെറിയ രാജ്യങ്ങളിലേക്ക് തുറക്കാനും ആഗ്രഹിക്കുന്നു, ഇത് 2026 മുതൽ 48 ടീമുകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള ചർച്ചകളും നടക്കുന്നുണ്ട്.ഇൻഫാന്റിനോയ്ക്ക് കൂടുതൽ ലോകകപ്പുകൾ മാത്രമല്ല, കൂടുതൽ സംയുക്ത ആതിഥേയരും വേണം.

രണ്ടു വർഷത്തിൽ ഒരിക്കൽ വേൾഡ് കപ്പ് നടത്താമോ നിലവിലെ ലോകത്തിലെ ഏറ്റവും മികച്ച രണ്ട് കളിക്കാരായ ലയണൽ മെസ്സിയോടും ക്രിസ്റ്റ്യാനോ റൊണാൾഡോയോടും നിങ്ങൾ ചോദിച്ചാൽ, “അവരെല്ലാം അതെ എന്ന് പറയുമെന്ന് എനിക്ക് ഉറപ്പുണ്ട്” എന്ന് ബ്രസീലിയൻ ലോകകപ്പ് ജേതാവ് റൊണാൾഡോ തറപ്പിച്ചു പറഞ്ഞു.മാഞ്ചസ്റ്റർ സിറ്റിയുടെയും ബെൽജിയം താരവുമായ കെവിൻ ഡി ബ്രൂയ്‌ൻ, സീസണിന്റെ അവസാനത്തിൽ കളിക്കാർക്ക് വിശ്രമിക്കാൻ കൂടുതൽ സമയം അനുവദിക്കുന്നിടത്തോളം കാലം Biennial FIFA World Cup “മോശമായ ആശയമല്ല” എന്ന് അവകാശപ്പെട്ടു.

Rate this post
FIFAFIFA world cup