ഈ ട്രാൻസ്ഫർ ജാലകത്തിൽ ഫുട്ബോൾ ലോകത്തെ പിടിച്ചു കുലുക്കിയ സംഭവവികാസമായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സ വിടാൻ അനുവാദം ചോദിച്ചു എന്നുള്ളത്. അതിനെ ചുറ്റിപ്പറ്റി നിരവധി വാർത്തകളാണ് ഫുട്ബോൾ ലോകത്തുടനീളം പ്രചരിച്ചിരുന്നത്. എന്നാൽ താരത്തിന്റെ ക്ലബ് വിടാനുള്ള ശ്രമങ്ങൾക്ക് വിലങ്ങു തടിയായി നിന്നത് ബാഴ്സ തന്നെയായിരുന്നു. ഒടുക്കം മെസ്സി തന്നെ ബാഴ്സയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു.
എന്നാൽ മെസ്സി ബാഴ്സ വിടാൻ അനുവാദം ചോദിച്ചു കൊണ്ട് ബറോഫാക്സ് അയച്ചതിനു പിന്നാലെ താൻ മെസ്സിയോട് പറഞ്ഞ കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ബാഴ്സ സൂപ്പർ താരം ജെറാർഡ് പിക്വേ. പുതുതായി ലാ വാൻഗ്വർഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പിക്വേ ഇത് വെളിപ്പെടുത്തിയത്. താൻ മെസ്സിയെ ബാഴ്സയിൽ തന്നെ തുടരാൻ പ്രേരിപ്പിക്കുകയായിരുന്നു ചെയ്തത് എന്നാണ് പിക്വേ അറിയിച്ചത്.ഈ ഒരു വർഷം കൂടിയേ ഒള്ളൂ എന്നും അതിന് ശേഷം പുതിയ ആളുകൾ ക്ലബ്ബിലേക്ക് വരുമെന്നുമാണ് താൻ മെസ്സിയെ അറിയിച്ചതെന്ന് പിക്വേ വെളിപ്പെടുത്തി.പുതിയ മാനേജ്മെന്റിനെയാണ് പിക്വേ ഉദ്ദേശിച്ചത്.
” ഞാൻ മെസ്സിയുമായി അക്കാര്യത്തെ കുറിച്ച് കൂടുതലൊന്നും സംസാരിച്ചിരുന്നില്ല. കാരണം അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു. പക്ഷെ അദ്ദേഹത്തിന് ഒരു സന്ദേശം അയച്ചത് ഞാനോർക്കുന്നു. “ഈ ഒരു വർഷം കൂടിയേ ഒള്ളൂ ലിയോ, പിന്നീട് പുതിയ ആളുകൾ വരും ” എന്നായിരുന്നു ഞാൻ അദ്ദേഹത്തോട് പറഞ്ഞത്.മെസ്സിക്ക് ക്ലബ് വിടണം എന്നുണ്ടെങ്കിൽ ആ തീരുമാനം എടുക്കാനുള്ള അധികാരം അദ്ദേഹത്തിനുണ്ട്. പതിനാറ് വർഷത്തോളം ഈ ടീമിന് വേണ്ടി എല്ലാം സമർപ്പിച്ച താരത്തോട് ഒരു കരാറിലെത്താൻ ഈ ക്ലബ്ബിന് ബാധ്യതയുണ്ട് ” പിക്വേ തുടർന്നു.
” മെസ്സി ബുദ്ധിമുട്ടോടെയായിരിക്കും ആ തീരുമാനം എടുത്തിട്ടുണ്ടാവുക. ചരിത്രത്തിലെ ഏറ്റവും മികച്ച താരം ഒരു ദിവസം എഴുന്നേറ്റ് ബറോഫാക്സ് അയച്ചിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ ശക്തമായ ഒരു കാരണം ഉണ്ടാവും. മെസ്സി ഒരുപാട് അർഹിക്കുന്നുണ്ട്. അദ്ദേഹത്തിന് ശേഷം പുതിയ സ്റ്റേഡിയത്തിന് അദ്ദേഹത്തിന്റെ പേര് നൽകണം. നമ്മുടെ താരങ്ങളെ നാം സംരക്ഷിക്കുകയാണ് വേണ്ടത്. അല്ലാതെ മായ്ച്ചു കളയുകയല്ല ” പിക്വേ പറഞ്ഞു.