ബയേണിനോട് ഏറ്റ തോൽവി ബാഴ്സയിലെ ഒട്ടുമിക്ക താരങ്ങളുടെയും സ്ഥാനത്തിന് കോട്ടം തട്ടിച്ചിട്ടുണ്ട്. അതിലൊരു താരമാണ് ക്ലബിന്റെ പ്രതിരോധനിര ജെറാർഡ് പിക്വേ. മത്സരശേഷം വളരെ വേദനയോടെയും സങ്കടത്തോടെയുമായിരുന്നു പിക്വേ സംസാരിച്ചിരുന്നത്. അതിൽ തന്നെ ക്ലബ് വിടാനുള്ള സന്നദ്ധത പിക്വേ പരസ്യമായി അറിയിക്കുകയും ചെയ്തിരുന്നു.ക്ലബിന്റെ ഈ ദുരവസ്ഥക്ക് പരിഹാരം കാണാൻ പുതിയ താരങ്ങൾക്ക് കഴിയുമെങ്കിൽ അവർക്ക് വേണ്ടി സ്ഥാനമൊഴിയാൻ താൻ ആദ്യം തയ്യാറാണ് എന്നായിരുന്നു ഇതേ കുറിച്ച് ജെറാർഡ് പിക്വേ തുറന്നു പറഞ്ഞത്.
തുടർന്ന് വലിയ സംഭവവികാസങ്ങളാണ് ക്ലബിൽ പൊട്ടിപ്പുറപ്പെട്ടത്. പരിശീലകനെയും ടെക്നിക്കൽ ഡയറക്ടറേയും തൽസ്ഥാനത്ത് നിന്ന് നീക്കിയ ബാഴ്സ ആ സ്ഥാനത്ത് പുതിയ ആളുകളെ നിയമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഒരുപാട് താരങ്ങൾ ക്ലബിൽ നിന്ന് പുറത്ത് പോവുമെന്നും പ്രസിഡന്റ് സൂചനകൾ നൽകിയിരുന്നു. അതിൽ ഒരാളാണ് ക്ലബിന് വേണ്ടി ദീർഘകാലം ജേഴ്സി അണിഞ്ഞ ജെറാർഡ് പിക്വേ. ഇപ്പോഴിതാ താരത്തിന് വേണ്ടി ഓഫറുമായി സമീപിച്ചിരിക്കുകയാണ് പ്രീമിയർ ലീഗ് ക്ലബായ ഫുൾഹാം.
സമയം പാഴാക്കാതെ താരത്തിന് വേണ്ടി ഓഫറുമായി രംഗത്ത് വന്നിരിക്കുകയാണ് ഫുൾഹാം. പെറുവിയൻ വെബ്സൈറ്റ് ആയ ലിബറോ ആണ് ഈ ട്രാൻസ്ഫർ റൂമറിന്റെ ഉറവിടം. ഇവരെ ഉദ്ധരിച്ചു കൊണ്ട് ഒരുപാട് മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അടുത്ത സീസണിലേക്ക് പ്രൊമോട്ട് ചെയ്യപ്പെട്ട ടീം ആണ് ഫുൾഹാം. അത്കൊണ്ട് തന്നെ ടീം ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് അവർ. എന്നാൽ ഈ ഓഫർ ബാഴ്സ സ്വീകരിക്കുമോ എന്ന് നോക്കികാണേണ്ടിയിരിക്കുന്നു. മുമ്പ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് 2008-ലാണ് പിക്വേ ബാഴ്സയിൽ എത്തിയത്. നിലവിൽ മുപ്പത്തിമൂന്നുകാരനായ താരം മോശം ഫോമിലാണ്. ബാഴ്സക്ക് വേണ്ടി 543 മത്സരങ്ങൾ കളിച്ച താരമാണ് പിക്വേ.ബാഴ്സയോടൊപ്പം എട്ട് ലാലിഗ, ആറു കോപ ഡെൽ റേ, മൂന്ന് ചാമ്പ്യൻസ് ലീഗ് എന്നിവ പിക്വേ നേടിയിട്ടുണ്ട്. ഇപ്പോൾ കൂടുതൽ വ്യക്തമായ വിവരങ്ങൾക്ക് കാതോർത്തു കൊണ്ടിരിക്കുകയാണ് ഫുട്ബോൾ ലോകം.