കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു ഇറ്റാലിയൻ ചാമ്പ്യൻമാരായ യുവന്റസിൽ നാടകീയസംഭവങ്ങൾ അരങ്ങേറിയത്. ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതിന് പിന്നാലെ ക്ലബ് പരിശീലകൻ സാറിയെ തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്യുകയായിരുന്നു. തുടർന്ന് ഇറ്റാലിയൻ ഇതിഹാസതാരം ആന്ദ്രേ പിർലോ ചുമതല ഏൽപ്പിക്കുകയും ചെയ്തു. ഇതോടെ യുവന്റസിൽ കാര്യമായ മാറ്റങ്ങൾ ആവിശ്യമാണ് എന്ന് അദ്ദേഹം ആവിശ്യപ്പെട്ടിരുന്നു.
ടീമിന്റെ മധ്യനിരയിലാണ് നല്ല രീതിയിൽ ഉള്ള മാറ്റങ്ങൾ വേണ്ടത് എന്ന നിലപാടുകാരനാണ് പിർലോ. റയൽ മാഡ്രിഡിന്റെ ഇസ്കോയെയാണ് പിർലോ ഈ സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ പരിഗണിക്കുന്നത്. അതിനാൽ തന്നെ മധ്യനിരയിൽ നിലവിലുള്ള രണ്ട് താരങ്ങളെ വിൽക്കാൻ പിർലോ തീരുമാനമെടുത്തിട്ടുണ്ട്. ഇതിലൊന്ന് ഫ്രഞ്ച് താരം ബ്ലൈസ് മറ്റിയൂഡിയാണ്. താരം യുവന്റസ് വിട്ട് ബെക്കാമിന്റെ ഇന്റർമിയാമിയിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ്. ഇന്റർ മിയാമിയുമായി താരം അനൗദ്യോഗികകരാറിൽ എത്തിയിട്ടുണ്ട്.
അതേസമയം മറ്റൊരു താരം ആരോൺ റാംസി ആണ്. റാംസിയുടെ പ്രകടനത്തിൽ പിർലോ സംതൃപ്തനല്ല എന്നാണ് വാർത്തകൾ. അതിനാൽ തന്നെ താരം മറ്റൊരു തട്ടകം ഈ ട്രാൻസ്ഫർ ജാലകത്തിൽ തേടേണ്ടി വരും. കഴിഞ്ഞ സമ്മറിലാണ് താരം യുവന്റസിൽ എത്തിയത്. എന്നാൽ കേവലം 11 സിരി എ മത്സരങ്ങൾ മാത്രമേ കളിച്ചിട്ടൊള്ളൂ. മാത്രമല്ല താരത്തിന്റെ വേതനവും വളരെ അധികമാണ്. വേതനത്തിനനുസരിച്ചുള്ള ക്വാളിറ്റി താരം കാണിക്കുന്നില്ല എന്ന കാരണത്താലാണ് പിർലോ റാംസിയെ ഒഴിവാക്കാനൊരുങ്ങുന്നത്. ഇംഗ്ലീഷ് മാധ്യമമായ മിറർ ആണ് ഒഴിവാക്കുന്ന താരങ്ങളെ വെളിപ്പെടുത്തിയത്.
ഈ രണ്ടു താരങ്ങളെ കൂടാതെ മറ്റു നാല് താരങ്ങളെ കൂടിയും യുവന്റസ് വിൽക്കാൻ ഉദ്ദേശിക്കുന്നുണ്ട്. മുന്നേറ്റനിരയിലെ അർജന്റൈൻ താരം ഗോൺസാലോ ഹിഗ്വയ്നെ ഒഴിവാക്കിയേക്കും.മോശം ഫോമാണ് താരത്തിന് വിനയാകുന്നത്. സമി ഖദിറാ, ഡാനിയേല റുഗാനി, മറ്റിയ ഡി സിഗ്ലിയോ എന്നിവരെയും പിർലോ ഒഴിവാക്കും. മുൻ താരം പോഗ്ബയെ തിരികെ എത്തിക്കാനും പിർലോ താല്പര്യപ്പെട്ടതായി റിപ്പോർട്ട് ഉണ്ട്.