ആശങ്കപ്പെടാനില്ല, താരങ്ങളുടെ കാര്യത്തിൽ അർജന്റീനക്ക് ആശ്വാസം|Qatar 2022

അർജന്റീനയെ സംബന്ധിച്ചിടത്തോളം UAE ക്കെതിരെയുള്ള സൗഹൃദ മത്സരത്തിനുശേഷം ആശങ്കപ്പെടുത്തുന്ന ചില കാര്യങ്ങൾ പരിശീലകനായ ലയണൽ സ്‌കലോണി പങ്കുവെച്ചിരുന്നു. ചില താരങ്ങൾക്ക് ഫിറ്റ്നസ് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെന്നും അതുകൊണ്ടുതന്നെ ചിലപ്പോൾ മാറ്റങ്ങൾ വരുത്തേണ്ടി വന്നേക്കുമെന്നായിരുന്നു പരിശീലകൻ പറഞ്ഞിരുന്നത്.ഇതുമായി ബന്ധപ്പെട്ട ഒരുപാട് റിപ്പോർട്ടുകൾ പുറത്തുവരികയും ചെയ്തിരുന്നു.

സൂപ്പർ താരങ്ങളായ നിക്കോളാസ് ഗോൺസാലസ്,മാർക്കോസ്‌ അക്കൂന എന്നിവരുടെ ഫിറ്റ്നസിന്റെ കാര്യത്തിലായിരുന്നു പ്രധാനമായും ആശങ്കകൾ ഉണ്ടായിരുന്നത്. ഇവർക്ക് ഒരുപക്ഷേ സ്ഥാനം നഷ്ടപ്പെട്ടേക്കാം എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാർത്തകൾ ഗാസ്റ്റൻ എഡുൾ പുറത്തു വിട്ടിട്ടുണ്ട്.

അതായത് നിലവിൽ അർജന്റീന താരങ്ങൾക്കാർക്കും ഫിറ്റ്നസ് സംബന്ധമായ പ്രശ്നങ്ങളില്ല. ഈ രണ്ട് താരങ്ങളും ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്. സൗദി അറേബ്യക്കെതിരെയുള്ള ആദ്യ മത്സരത്തിനു മുന്നേ ഈ രണ്ടു താരങ്ങളും പൂർണ്ണമായും റെഡിയാകും എന്നാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്.

ഇനി അർജന്റീനയുടെ ദേശീയ ടീമിൽ മാറ്റങ്ങൾ വരികയാണെങ്കിൽ അത് ഫുട്ബോളുമായി ബന്ധപ്പെട്ട കാരണങ്ങൾ കൊണ്ടായിരിക്കും. യുവ സൂപ്പർ താരം അലെജാൻഡ്രോ ഗർനാച്ചോ ടീമിൽ ഇടം നേടിയേക്കും എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നുവെങ്കിലും അക്കാര്യത്തിൽ പുരോഗതി ഒന്നും രേഖപ്പെടുത്തപ്പെട്ടിട്ടില്ല.

നിലവിൽ മുന്നേറ്റ നിരയിലെ താരമായ ജോക്കിൻ കൊറേയക്ക് ചെറിയ രൂപത്തിലുള്ള അസ്വസ്ഥതകൾ ഉണ്ട്.എന്നാൽ പരിക്കുകൾ ഒന്നുമില്ല.ഇത് മാറ്റിനിർത്തിയാൽ യാതൊരുവിധ പ്രശ്നങ്ങളും ഇപ്പോൾ അർജന്റീന ടീമിൽ ഇല്ല എന്ന് തന്നെയാണ് വ്യക്തമാവുന്നത്.

Rate this post