അർജന്റീനക്ക് വേണ്ടിയിരുന്ന ലീഡറെ ലഭിച്ചിരിക്കുന്നു, ലയണൽ മെസിയെ പ്രശംസിച്ച് പോച്ചട്ടിനോ |Qatar 2022 |Lionel Messi

ഖത്തർ ലോകകപ്പിൽ അർജന്റീനയെ ഫൈനലിലേക്ക് നയിച്ച ലയണൽ മെസിയുടെ പ്രകടനത്തെ പ്രശംസിച്ച് മുൻ പിഎസ്‌ജി പരിശീലകൻ മൗറീസിയോ പോച്ചട്ടിനോ. ഒരു നായകനെന്ന നിലയിൽ മൈതാനത്തും പുറത്തും ഏതു രീതിയിൽ പെരുമാറണമെന്ന കാര്യത്തിൽ ലയണൽ മെസിക്ക് വ്യക്തമായ ധാരണ ഇപ്പോഴുണ്ടെന്നും മെസി കരിയറിൽ പുതിയൊരു ചുവടു വെച്ചുവെന്നുമാണ് പോച്ചട്ടിനോ പ്രമുഖ കായികമാധ്യമമായ ദി അത്ലറ്റിക്കിൽ എഴുതിയ കോളത്തിൽ പറഞ്ഞത്.

“എങ്ങിനെയാണ് സ്വയം പെരുമാറേണ്ടതെന്ന കാര്യത്തിൽ താരത്തിന് വ്യക്തമായ ധാരണയുണ്ട്, മൈതാനത്തായാലും അതിനു വെളിയിലായാലും. താരം കാണിക്കുന്ന നേതൃഗുണമാണ് ലോകകപ്പ് വീണ്ടും അർജന്റീനയിലേക്ക് വരുമെന്ന ധാരണ ആരാധകർക്കുണ്ടാകാൻ കാരണമാവുന്നത്. മെസി മത്സരത്തെ കൈകാര്യം ചെയ്യുന്നതും റഫറി ലയണൽ സ്‌കലോണി, എതിരാളികൾ എന്നിവരോട് സംസാരിക്കുന്നതിൽ നിന്നും ഇത് വ്യക്തമാകുന്നു.”

“ഹോളണ്ടിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അർജന്റീന പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയം നേടിയപ്പോൾ മെസിയുടെ നേതൃത്വത്തെ മറഡോണയുടെ നേതൃത്വവുമായി പലരും താരതമ്യം ചെയ്യുന്നത് ഞാൻ കേട്ടിരുന്നു. അർജന്റീനക്കിപ്പോൾ ആവശ്യമുള്ള നേതാവാണ് ലയണൽ മെസി. എന്നെ സംബന്ധിച്ച് അത് താരത്തിന്റെ കരിയറിൽ വലിയൊരു ചുവടുവെപ്പാണ്.” പോച്ചട്ടിനോ എഴുതി.

ലയണൽ മെസിയുടെ നേതൃഗുണവും പെരുമാറ്റവുമെല്ലാം വളരെയധികം മാറിയിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അർജന്റീന ടീമിലെ താരങ്ങൾ മെസിയോട് പുലർത്തുന്ന മനോഭാവത്തിൽ നിന്നു തന്നെ അത് വ്യക്തമാണ്. ടീമിലെ എല്ലാ താരങ്ങളെയും തനിക്ക് പിന്നിൽ അണിനിരത്താൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അതിനൊപ്പം ടീമിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്താനും താരത്തിന് കഴിയുന്നു.

Rate this post