ഈ സീസണിൽ ടോട്ടനം ഹോസ്പർ നടത്തുന്ന കുതിപ്പിനു പിന്നിലെ നിർണായക സാന്നിധ്യമാണ് മുന്നേറ്റനിരയിലെ സോൺ-കേൻ കൂട്ടുകെട്ട്. നിരവധി ഗോളുകളിൽ പരസ്പരം പങ്കാളികളായ ഈ രണ്ടു താരങ്ങളും ഇന്നലെ ബേൺലിക്കെതിരെ നടന്ന മത്സരത്തിലും ടോട്ടനത്തിന്റെ വിജയഗോളിനു പിന്നിൽ പ്രവർത്തിച്ചു. മത്സരത്തിനു ശേഷം ഇരുതാരങ്ങളും തമ്മിലുള്ള കൂട്ടുകെട്ടു സൃഷ്ടിച്ചതിന് മൗറീന്യോ മുൻ പരിശീലകനായ പൊചെട്ടിനോക്കാണു നന്ദിയറിയിച്ചത്.
“സോണും കേനും പൊചെട്ടിനോയുടെ സമയം മുതൽ തന്നെ ഒരുമിച്ചു കളിക്കുന്നതിനാൽ അവരുടെ മികച്ച പ്രകടനത്തിന്റെ മുഴുവൻ ക്രഡിറ്റും എനിക്കല്ല. മറ്റൊരു ശൈലിയിൽ ആണെങ്കിലും ഇരുവരും വളരെക്കാലമായി ഒരുമിച്ചു കളിക്കുകയാണ്. കേനിപ്പോൾ നമ്പർ 9 എന്നതിലുപരിയായി സോണിനു ഗോളുകൾ കണ്ടെത്താൻ സഹായിക്കുന്ന പൊസിഷനിൽ കൂടിയാണു കളിക്കുന്നത്.” മൊറീന്യോ മത്സരശേഷം പറഞ്ഞു.
അതേസമയം ബേൺലി പരിശീലകനായ സീൻ ഡൈഷേയെ മൊറീന്യോ പ്രശംസ കൊണ്ടു മൂടി. “ഞാൻ പ്രതീക്ഷിച്ചതു തന്നെയാണു സംഭവിച്ചത്. സീനിനെ എനിക്കറിയാം. മികച്ചൊരു അറ്റാക്കിംഗ് ടീമുണ്ടാക്കുക ബുദ്ധിമുട്ടു തന്നെയാണ്. ബുദ്ധിമാനായ അദ്ദേഹം തനിക്കു ലഭ്യമായ വിഭവങ്ങൾ ഉപയോഗിച്ച് ഞങ്ങളെ ബുദ്ധിമുട്ടിച്ചു. അദ്ദേഹത്തിനും താരങ്ങൾക്കും അഭിനന്ദനങ്ങൾ.”
എട്ടു ഗോളുകളുമായി സോൺ പ്രീമിയർ ലീഗ് ടോപ് സ്കോറർമാരിൽ ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ പതിമൂന്നു ഗോളുകൾക്കു പിന്നിലാണ് കേൻ പ്രവർത്തിച്ചിരിക്കുന്നത്. പ്രീമിയർ ലീഗിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ് ടോട്ടനം ഹോസ്പർ.