നിലവിൽ പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിലേക്കെത്തിക്കാൻ ശ്രമിക്കുന്ന പരിശീലകനാണ് പോച്ചെട്ടിനോ. മോശം പ്രകടനം തുടരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകസ്ഥാനത്ത് സോൾഷ്യാറിനെ മാറ്റാനുള്ള ആലോചനകൾക്ക് ക്ലബ് തുടക്കം കുറിച്ചിരുന്നു. പക്ഷെ യുണൈറ്റഡിന്റെ പരിശീലകസ്ഥാനം പോച്ചെട്ടിനോ ഏറ്റെടുക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.
ഇപ്പോഴിതാ ഈ അർജന്റൈൻ പരിശീലകനെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് സ്പാനിഷ് വമ്പൻമാരായ അത്ലെറ്റിക് ബിൽബാവോ. സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്ന് പരിശീലകരെയാണ് ബിൽബാവോ നോട്ടമിട്ടിരിക്കുന്നത്. പോച്ചെട്ടിനോക്ക് പുറമേ മുൻ ബാഴ്‌സ പരിശീലകൻ ഏണെസ്റ്റോ വാൽവെർദെ, മാർസെലിഞ്ഞോ ഗാർഷ്യ ടോറാൽ എന്നിവരെയും ബിൽബാവോ കണ്ടുവെച്ചിട്ടുണ്ട്. പോച്ചെട്ടിനോയുടെ ഡിമാന്റുകൾ അംഗീകരിക്കാനും ആവിശ്യപ്പെടുന്ന സാലറി നൽകാനും ബിൽബാവോ തയ്യാറാണ്.
മുമ്പ് തന്നെ ബിൽബാവോയെ കുറിച്ച് പോച്ചെട്ടിനോ മനസ്സ് തുറന്നിരുന്നു. ” ഒരു യഥാർത്ഥ റോൾ മോഡലാണ് ബിൽബാവോ. അവർ അവതരിപ്പിക്കുന്ന എന്തിനോടും അവർ വളരെയധികം ബഹുമാനം പുലർത്താറുണ്ട്. വളരെയധികം ഗുണങ്ങൾ ഉള്ള ഒരു ക്ലബാണ് അത്ലറ്റിക് ബിൽബാവോ. അവരുടെ ആത്മാർത്ഥ പരിധിയില്ലാത്തതാണ് ” പോച്ചെട്ടിനോ മുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞു.
2009-ൽ സ്പാനിഷ് ക്ലബായ എസ്പനോളിലൂടെയാണ് പോച്ചെട്ടിനോ തന്റെ പരിശീലകകരിയറിന് തുടക്കം കുറിച്ചത്. പിന്നീട് സതാംപ്റ്റണെ പരിശീലിപ്പിച്ച ഇദ്ദേഹം ടോട്ടൻഹാമിന്റെ പരിശീലകനായി. ടോട്ടൻഹാമിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കാൻ ഇദ്ദേഹത്തിന് സാധിച്ചിരുന്നു. എന്നാൽ നിലവിൽ ഇദ്ദേഹം ഫ്രീ ഏജന്റ് ആണ്. അതിനാൽ തന്നെ നിരവധി ക്ലബുകൾ താരത്തെ ഓഫറുമായി സമീപിച്ചിരുന്നുവെങ്കിലും ഇതുവരെ ഒരു ക്ലബ്ബിന്റെയും ഓഫർ സ്വീകരിക്കാൻ പോച്ചെട്ടിനോ തയ്യാറായിട്ടില്ല.