മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് മധ്യനിര താരം പോൾ പോഗ്ബയെ റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാന് ക്ലബ്ബിലെത്തിക്കാൻ താല്പര്യമുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. മുമ്പ് പല കുറി ചെറിയ രീതിയിൽ ഉള്ള നീക്കങ്ങൾ ഒക്കെ തന്നെയും റയൽ മാഡ്രിഡ് പോഗ്ബക്ക് വേണ്ടി നടത്തിയിരുന്നു. കഴിഞ്ഞ പതിനെട്ടു മാസത്തോളം റയൽ മാഡ്രിഡ് താരത്തിന്റെ ലഭ്യതയെ കുറിച്ച് അന്വേഷിച്ചിരുന്നു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാലിപ്പോൾ താരത്തിന് വേണ്ടി നീക്കങ്ങൾ എന്നുന്നേക്കുമായി ഉപേക്ഷിക്കാനൊരുങ്ങുകയാണ് ലോസ് ബ്ലാങ്കോസ്.
നിലവിൽ 2022 വരെയാണ് പോഗ്ബക്ക് യുണൈറ്റഡിൽ കരാറുള്ളത്. എന്നാൽ താരത്തിനെ തങ്ങളുടെ ടീമിനോടൊപ്പം നിലനിർത്താൻ തന്നെയാണ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാറുടെ തീരുമാനം. പക്ഷെ ഈയിടെ റയൽ മാഡ്രിഡിന് വേണ്ടി കളിക്കാനുള്ള ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചതിനെ തുടർന്ന് പോഗ്ബക്ക് വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. പക്ഷെ പോഗ്ബക്ക് പകരക്കാരനെ റയൽ മാഡ്രിഡ് കണ്ടെത്തിയതിനാൽ ഇനി താരത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ റയൽ തുടർന്നേക്കില്ല. സ്പോർട്സ് വിറ്റ്നസിനെ ഉദ്ധരിച്ചു കൊണ്ട് ഡയാറിയോ സ്പോർട്ട് ആണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.
റെന്നസിന്റെ ഫ്രഞ്ച് മധ്യനിര താരം എഡ്വഡോ കാമവിങ്കയെയാണ് റയൽ മാഡ്രിഡ് ഇനി ക്ലബ്ബിലേക്ക് എത്തിക്കാൻ ഉദ്ദേശിക്കുന്നത്. റയൽ മാഡ്രിഡ് തന്നെ ഇക്കാര്യം അനൗദ്യോഗികമായി തീരുമാനിച്ചിട്ടുണ്ട് എന്നാണ് സ്പോർട്ട് പറയുന്നത്. നിലവിൽ പതിനേഴ് വയസ്സ് മാത്രമുള്ള ഈ താരം ഭാവിവാഗ്ദാനമായാണ് അറിയപ്പെടുന്നത്. ഈയിടെ ഫ്രഞ്ച് ടീമിന് വേണ്ടി അരങ്ങേറ്റം കുറിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ താരത്തെ എത്തിക്കാൻ റയൽ ശ്രമം നടത്തിയിരുന്നുവെങ്കിലും കോവിഡ് പ്രതിസന്ധി വന്നതോടെ അതിൽ നിന്ന് പിന്തിരിയുകയായിരുന്നു.
അതേസമയം താരത്തിന് വേണ്ടി റയലിന് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തിയത് ഫ്രഞ്ച് ചാമ്പ്യൻമാരായ പിഎസ്ജിയാണ്. വമ്പൻ ഓഫറുകളുമായി പിഎസ്ജി താരത്തെ സമീപിച്ചിരുന്നു. എന്നാൽ കാമവിങ്ക ഇതുവരെ തീരുമാനങ്ങൾ ഒന്നും തന്നെ കൈകൊണ്ടിട്ടില്ല. അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ എംബാപ്പെ, കാമവിങ്ക എന്നിവർക്ക് വേണ്ടി റയൽ പണമൊഴുക്കുമെന്ന് ഏറെക്കുറെ ഉറപ്പായ കാര്യമാണ്.