റയലിനും യുണൈറ്റഡിനും ബാഴ്സയുടെ വെല്ലുവിളി, സൂപ്പർതാരത്തെ ഫ്രീ ട്രാൻസ്ഫറിൽ സ്വന്തമാക്കാൻ ഒരുങ്ങുന്നു

അടുത്ത സമ്മറിൽ മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ അവസാനിക്കുന്ന ഫ്രഞ്ച് മധ്യനിര താരമായ പോൾ പോഗ്ബയെ സ്വന്തമാക്കാൻ ബാഴ്സലോണയും രംഗത്ത്. മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ സോൾഷയറിന്റെ പിന്തുണ പോഗ്ബക്ക് ലഭിക്കുന്നുണ്ടെങ്കിലും അടുത്ത സമ്മറിൽ ടീം വിടാൻ താരം ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. യുണൈറ്റഡിനു കിരീടങ്ങൾ നേടാൻ കഴിയുന്നില്ലെന്നതാണ് താരത്തിന്റെ പ്രധാന പ്രശ്നം.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ടീം വിടാൻ തയ്യാറെടുത്ത താരത്തിനായി റയൽ മാഡ്രിഡും യുവന്റസും രംഗത്തു വന്നിരുന്നെങ്കിലും യുണൈറ്റഡ് വിട്ടു കൊടുക്കാൻ തയ്യാറായിരുന്നില്ല. ബ്രൂണോ ഫെർണാണ്ടസിന്റെ വരവോടെ ഫോമിലെത്തിയ യുണൈറ്റഡിൽ താരം തുടരുമെന്നു തോന്നിയിരുന്നെങ്കിലും നിലവിൽ ടീം വീണ്ടും മോശം ഫോമിലായതാണ് പോഗ്ബയുടെ മനസു മാറാൻ കാരണം.

അതേ സമയം കൊവിഡ് മഹാമാരി സാമ്പത്തികമായി ബാധിച്ച ബാഴ്സ ഇപ്പോഴത്തെ തകർച്ചയിൽ നിന്നും കരകയറാൻ പുതിയ താരങ്ങളെ ടീമിലെത്തിക്കാനുള്ള സാധ്യത തേടുകയാണ്. ഫ്രീ ട്രാൻസ്ഫറിൽ പോഗ്ബ ടീമിലെത്തുകയാണെങ്കിൽ അതിനെ സ്വാഗതം ചെയ്യാൻ പരിശീലകനായ കൂമാൻ ഒരുക്കമാണ്. നേരത്തെ തന്നെ ബാഴ്സ പോഗ്ബയെ സ്വന്തമാക്കാൻ ശ്രമം നടത്തിയിരുന്നു.

റയൽ മാഡ്രിഡിൽ ചേക്കേറാനുള്ള ആഗ്രഹം പോഗ്ബ വെളിപ്പെടുത്തിയെങ്കിലും സിദാൻ പരിശീലക സ്ഥാനത്തു തുടർന്നാൽ മാത്രമേ അതു സംഭവിക്കുകയുള്ളൂ. അതു കൊണ്ടു തന്നെ താരത്തെ സ്വന്തമാക്കാൻ കഴിയുമെന്ന് ബാഴ്സക്കു പ്രതീക്ഷയുണ്ട്.

Rate this post