റൊണാൾഡോയെ സ്വന്തമാക്കാൻ പോർച്ചുഗലിലെ ഒരു ക്ലബിനും കഴിയില്ലെന്ന് പോർട്ടോ പ്രസിഡന്റ് |Cristiano Ronaldo

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ഏറ്റവുമധികം ചർച്ചയാകാൻ പോകുന്ന പേര് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെതായിരിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ രൂക്ഷമായ വിമർശനം നടത്തിയതിനാൽ കരാർ റദ്ദ് ചെയ്‌ത്‌ ഒഴിവാക്കിയ താരം നിലവിൽ ഫ്രീ ഏജന്റാണ്. മുപ്പത്തിയെട്ടു വയസിലേക്ക് അടുത്തു കൊണ്ടിരിക്കുന്ന താരം ഈ സീസണിലും ലോകകപ്പിലും മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ ഫ്രീ ഏജന്റായ റൊണാൾഡോയെ സ്വന്തമാക്കാൻ നിരവധി ക്ലബുകൾ രംഗത്തുണ്ടാകുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ തന്നെ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള സാധ്യതകൾ തേടിയെങ്കിലും ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള പ്രമുഖ ക്ലബുകളൊന്നും താരത്തിനായി രംഗത്തുണ്ടായിരുന്നില്ല. ബയേൺ മ്യൂണിക്ക്, റയൽ മാഡ്രിഡ്, നാപ്പോളി, ചെൽസി തുടങ്ങി നിരവധി ക്ലബുകൾ റൊണാൾഡോയെ സ്വന്തമാക്കാനുള്ള അവസരം തുലച്ചു. താരത്തിന്റെ മുൻ ക്ലബായ സ്പോർട്ടിങ് ലിസ്ബണ് റൊണാൾഡോയിൽ താൽപര്യം ഉണ്ടായിരുന്നെങ്കിലും പ്രതിഫലം അവർക്ക് താങ്ങാൻ കഴിയുന്നതായിരുന്നില്ല. ജനുവരി ജാലകത്തിലും ഇതേ പ്രശ്‌നം പോർച്ചുഗീസ് ക്ലബുകൾ നേരിടേണ്ടി വരുമെന്നാണ് മറ്റൊരു പോർച്ചുഗീസ് ക്ലബായ പോർട്ടോയുടെ പ്രസിഡന്റ് പറയുന്നത്.

“റൊണാൾഡോയും താരത്തിൽ താൽപര്യമുള്ള ക്ലബുകളും ചേർന്നാണ് ട്രാൻസ്‌ഫർ കാര്യങ്ങൾ തീരുമാനിക്കേണ്ടത്. പക്ഷെ പോർച്ചുഗലിൽ ഒരു ക്ലബിനും താരം സമ്പാദിക്കുന്ന പ്രതിഫലം നൽകാനുള്ള കഴിവില്ല, റൊണാൾഡോക്ക് തുടർന്നും സമ്പാദിക്കുകയും വേണം. അതിനുള്ള മൂല്യവും താരത്തിനുണ്ട്.” കഴിഞ്ഞ ദിവസം പോർച്ചുഗീസ് മാധ്യമം റെക്കോർഡിനോട് പോർട്ടോ പ്രസിഡന്റ പറഞ്ഞു. പോർച്ചുഗീസ് ക്ലബ്ബിലേക്ക് ചേക്കേറണമെങ്കിൽ റൊണാൾഡോ പ്രതിഫലം കുറയ്ക്കണമെന്നും അല്ലെങ്കിൽ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ കഴിയില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്.

ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ക്ലബിനെയാണ് റൊണാൾഡോ ലക്ഷ്യമിടുന്നത് എന്നതിനാൽ യൂറോപ്പിലെ അഞ്ചു പ്രധാന ലീഗുകളിലെ ഏതെങ്കിലും ക്ലബ് താരത്തിനായി രംഗത്തു വരുമോയെന്നു കണ്ടറിയേണ്ടതാണ്. റൊണാൾഡോയുടെ വരവ് ടീമിന്റെ പദ്ധതികളെ തന്നെ മാറ്റിപ്പണിയാൻ പരിശീലകരെ നിർബന്ധിതരാകും എന്നുറപ്പാണ്. ഒരുപക്ഷെ ചെൽസി താരത്തിനായി ശ്രമം നടത്താനുള്ള സാധ്യതയുണ്ട്. ചെൽസിയുടെ പുതിയ ഉടമയായ ടോഡ് ബോഹ്‍ലിക്ക് റൊണാൾഡോയിൽ താൽപര്യമുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Rate this post
Cristiano Ronaldo