ഡാലോട്ടിന്റെ ഇരട്ട ഗോളിൽ ചെക്കിനെ വീഴ്ത്തി പോർച്ചുഗൽ : സ്വിറ്റ്‌സർലൻഡിനോട് സ്വന്തം ഗ്രൗണ്ടിൽ കീഴടങ്ങി സ്പെയിൻ
യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പ് എ2 മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെതിരെ തകർപ്പൻ ജയവുമായി പോർച്ചുഗൽ. എതിരില്ലാത്ത നാല് ഗോളുകളുടെ വിജയമാണ് പോർച്ചുഗൽ ഇന്നലെ നേടിയത്. അവസാന മത്സരത്തിൽ സ്പെയിനിനെ നേരിടുന്ന പോർച്ചുഗലിന് സെമിയിലെത്താൻ ഒരു സമനില മാത്രം മതിയാവും .2019 ലെ നേഷൻസ് ലീഗിന്റെ ആദ്യ പതിപ്പ് നേടിയ പോർച്ചുഗൽ ഒരു കളി ശേഷിക്കേ അഞ്ച് മത്സരങ്ങൾ പിന്നിടുമ്പോൾ 10 പോയിന്റുമായി ഗ്രൂപ്പിൽ മുന്നിലാണ്.
33 ആം മിനുട്ടിൽ റാഫേൽ ലിയോ നൽകിയ പാസിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഡാലോട്ട് പോർച്ചുഗലിന്റെ മുന്നിലെത്തിച്ചു.ലീഡ് ഇരട്ടിയാക്കാനുള്ള അവസരം റൊണാൾഡോ നഷ്‌ടപ്പെടുത്തി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ മറ്റൗരു യുണൈറ്റഡ് താരമായ ബ്രൂണോ ഫെർണാണ്ടസ് പോർച്ചുഗലിന്റെ ലീഡുയർത്തി. പിന്നീട് റൊണാൾഡോ ഹാൻഡ് ബോളിന് പെനാൽറ്റി വഴങ്ങിയെങ്കിലും പാട്രിക് ഷിക്ക് തൊടുത്ത ഷോട്ട് ക്രോസ്സ് ബാറിന് മുകളിലൂടെ പോയി.ഇടവേളയ്ക്ക് തൊട്ടുപിന്നാലെ ഡാലോട്ട് തന്റെ രണ്ടാം ഗോൾ നേടി .രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ഡിയോഗോ ജോറ്റ 82-ാം മിനിറ്റിൽ നാലാമത്തെ ഗോൾ നേടി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ മാനുവൽ അകാൻജിയുടെയും ബ്രീൽ എംബോളോയുടെയും ഗോളിൽ സ്‌പെയിൻ 2-1ന് സ്വിറ്റ്‌സർലൻഡിനോട് തോൽവി ഏറ്റുവാങ്ങി.കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകൾക്കെതിരെ സ്വിസ് ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പോർച്ചുഗലിന് പിന്നിൽ എട്ട് പോയിന്റുമായി സ്പെയിൻകാർ ഇപ്പോൾ രണ്ടാം സ്ഥാനത്താണ്.21-ാം മിനിറ്റിൽ മാഞ്ചസ്റ്റർ സിറ്റി ഡിഫൻഡർ മാനുവൽ അകാൻജി സ്വിസ് ടീമിനെ മുന്നിലെത്തിച്ചു.ഇടവേളയ്ക്ക് ശേഷം 10 മിനിറ്റിനുള്ളിൽ കൗണ്ടർ അറ്റാക്കിൽ നിന്നുള്ള ക്രോസ് ഷോട്ടിലൂടെ ജോർഡി ആൽബ ആതിഥേയർക്ക് സമനില നേടിക്കൊടുത്തു.
മൂന്ന് മിനിറ്റിനുശേഷം ഒരു കോർണറിൽ നിന്ന് ക്ലോസ് റേഞ്ച് സ്ട്രൈക്കിലൂടെ എംബോലോ സ്വിസ് ടീമിന്റെ വിജയ് ഗോൾ നേടി.70% പൊസഷൻ ഉണ്ടായിരുന്നിട്ടും, മത്സരത്തിന്റെ ഭൂരിഭാഗവും സ്‌പെയിനിന് ഊർജം ഇല്ലായിരുന്നു, മാത്രമല്ല ലക്ഷ്യത്തിലെ ആദ്യ ഷോട്ടിൽ ആൽബ ഗോൾ നേടുന്നതുവരെ യാൻ സോമറിന് ഒരു തരത്തിലുള്ള ഭീഷണിയും അവർക്ക് ഉയർത്താൻ സാധിച്ചില്ല. ബാഴ്സലോണ മിഡ്‌ഫീൽഡർമാരായ പെദ്രിയും ഗവിയും അവരുടെ നിലവാരത്തിനൊത്ത പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. ആര് മത്സരങ്ങളിൽ നിന്നും 6 പോയിന്റുമായി സ്പെയിനിന് പിന്നിലാണ് സ്വിസ് ടീമിന്റെ സ്ഥാനം.
നേഷൻസ് ലീഗ് ഗ്രൂപ്പ് ബി4 മത്സരത്തിൽ സെർബിയ ഒന്നിനെതിരെ നാല് ഗോളുകൾക്ക് സ്വീഡനെ പരാജയപ്പെടുത്തി.അലക്‌സാണ്ടർ മിട്രോവിച്ചിന്റെ ഹാട്രിക്കിന്റെ പിൻബലത്തിൽ ആയിരുന്നു സെർബിയയുടെ ജയം.10 പോയിന്റുമായി നോർവേയും സെർബിയയും ഒന്നാം സ്ഥാനത്താണ്.ലീഗ് സിയിലേക്ക് തരംതാഴ്ത്തുന്നത് ഒഴിവാക്കാൻ സ്വീഡൻസിന് സ്റ്റോക്ക്ഹോമിൽ സ്ലൊവേനിയയെ തോൽപ്പിക്കേണ്ടതുണ്ട്.