ഈ വർഷം അവസാനം ഖത്തറിൽ നടക്കുന്ന വേൾഡ് കപ്പ് ഫുട്ബോളിന് യോഗ്യത നേടാൻ പോർച്ചുഗൽ ഒരു ജയം മാത്രം അകലെയാണ്. ഇന്ന് നടന്ന പ്ലെ ഓഫ് സെമി ഫൈനൽ പോരാട്ടത്തിൽ കരുത്തരായ തുർക്കിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ പ്ലെ ഓഫ് ഫൈനലിലേക്ക് യോഗ്യത ഉറപ്പാക്കിയത്.തുടർച്ചയായ ആറാം ലോകകപ്പിന്റെ അടുത്താണ് പോർച്ചുഗൽ എത്തിയിരിക്കുന്നത്.
ഇന്നത്തെ മത്സരത്തിൽ തുടക്കം മുതൽ ആക്രമിച്ചു കളിച്ച പോർച്ചുഗൽ 14 ആം മിനുട്ടിൽ തന്നെ മുന്നിലെത്തി.27 കാരനായ പോർട്ടോ അറ്റാക്കർ ഒട്ടാവിയോയിലൂടെയാണ് പോർച്ചുഗൽ നിർണായക ലീഡ് നേടിയത്.ബെർണാഡോ സിൽവയുടെ ഇടങ്കാൽ അടി പോസ്റ്റിൽ തട്ടി മടങ്ങിയെങ്കിലും ക്ലോസ് റേഞ്ചിൽ നിന്ന് ഒട്ടാവിയോ വലയിലേക്ക് തിരിച്ചു വിടുകയായിരുന്നു. ഒരു ഗോൾ വീണ ശേഷം തുർക്കി ഗോളിനായി ആക്രമിച്ചു കളിച്ചെങ്കിലും എഫ്സി പോർട്ടോ ഗോൾകീപ്പർ ഡിയോഗോ കോസ്റ്റയെ മറികടക്കാനായില്ല.
Yilmaz misses from the spot, what a let off for Portugal! 😱 pic.twitter.com/nnqyqUEoIP
— ESPN FC (@ESPNFC) March 24, 2022
42 ആം മിനുട്ടിൽ പോർച്ചുഗൽ മത്സരത്തിലെ രണ്ടാം ഗോളും നേടി.ഒട്ടാവിയോയുടെ ക്രോസിൽ നിന്നും ലിവർപൂൾ താരം ഡിയോഗോ ജോട്ടയുടെ ഹെഡ്ഡർ തുർക്കി ഗോൾകീപ്പർ ഉഗുർകാൻ കാക്കിറിനെ കീഴടക്കി ഫെർണാണ്ടോ സാന്റോസിന്റെ ടീമിനെ ഹാഫ് ടൈമിൽ 2-0ന് മുന്നിലെത്തിച്ചു. എന്നാൽ രണ്ടാം പകുതിയിൽ തുർക്കി മത്സരത്തിലേക്ക് തിരിച്ചു വന്നു. 65 ആം മിനുട്ടിൽ ബുറാക് യിൽമാസ് സെംഗിസ് അണ്ടറിനൊപ്പം മികച്ച ഗിവ് ആൻഡ് ഗോയിൽ ഫിനിഷിംഗ് ടച്ചുകൾ കണ്ടെത്തിയപ്പോൾ സ്കോർ 2 -1 ആക്കി അവർ കുറിച്ചു .ബുറാക് യിൽമാസ് തന്റെ 31-ാം അന്താരാഷ്ട്ര ഗോൾ ആണ് പോർചുഗലിനെതിരെ നേടിയത്.
ഗോൾ വീണതോടെ പോർച്ചുഗൽ കൂടുതൽ സമ്മർദ്ദത്തിലായി. 83 ആം മിനുട്ടിൽ തുർക്കിക്ക് സമനില ഗോൾ നേടാൻ സുവർണ അവസരം ലഭിച്ചു.ജോസ് ഫോണ്ടെ എനെസ് ഉനലിനെ ഫൗൾ ചെയ്തത്തിനു വാറിന്റെ പിൻബലത്തിൽ തുർക്കിക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു.പക്ഷെ ആ പെനാൾട്ടി എടുത്ത യിൽമാസിന് പിഴച്ചു. ഗോൾ പോസ്റ്റിന് മുകളിലൂടെ പെനാൾട്ടി കിക്ക് ആകാശത്തേക്ക് പോയി. പിന്നീടും ഗോൾ നേടാനുള്ള അവസരങ്ങൾ തുർക്കിക്ക് ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല.
സ്റ്റോപ്പേജ് ടൈമിൽ മാത്യൂസ് നൂൺസ് നേടിയ ഗോൾ പോർച്ചുഗലിന്റെ വിജയം ഉറപ്പാക്കി. ഈ വിജയത്തോടെ പോർച്ചുഗൽ പ്ലേ ഓഫ് ഫൈനലിൽ എത്തി. ഇറ്റലിയെ അട്ടിമരിച്ചെത്തിയ മാസിഡോണിയയാണ് പ്ലെ ഓഫ് ഫൈനലിൽ പോർച്ചുഗലിന്റെ എതിരാളികൾ .