പോർച്ചുഗലിനെ സമനിലയിൽ തളച്ച് അയർലൻഡ് ; ഗ്രീസിനെ കീഴടക്കി സ്പെയിൻ വേൾഡ് കപ്പിനരികെ ; ഗോൾ വർഷവുമായി ജർമനിയും ക്രോയേഷ്യയും ; സ്വീഡന് അട്ടിമറി തോൽവി

നിർണായക ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പോർച്ചുഗലിന് നിരാശാജനകമായ സമനില. ഗ്രൂപ്പിൽ എയിലെ പോരാട്ടത്തിൽ സ്വന്തം കാണികളുടെ മുന്നിൽ മികച്ച പ്രകടനം പുറത്തെടുത്ത അയർലണ്ട് പറങ്കിപ്പടയെ ഗോൾ രഹിത സമനിലയിൽ പൂട്ടുകയായിരുന്നു. 81-ആം മിനിറ്റിൽ ഐറിഷ് താരം റോബിൻസനെ കൈമുട്ട് കൊണ്ട് ഇടിച്ചതിന് വെറ്ററൻ ഡിഫൻഡർ പെപ്പെ ചുവപ്പ് കാർഡ് കണ്ടതോടെ 10 പേരുമായാണ് പോർച്ചുഗൽ പിന്നീട് കളിച്ചത്. ഇഞ്ചുറി ടൈമിൽ ഡോഹർട്ടി പന്ത് പോർച്ചുഗീസ് വലയിൽ എത്തിച്ചെങ്കിലും ഗോളി റൂയി പട്രീഷ്യോയെ വിൽ കീൻ ഫൗൾ ചെയ്തതിന് റഫറിയുടെ വിസിൽ മുഴങ്ങിയിരുന്നു.

കളി അവസാനിക്കാൻ സെക്കന്റുകൾ ബാക്കി നിൽക്കെ പതിവ് പോലെ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ അയർലണ്ട് ഗോൾ മുഖം ലക്ഷ്യമാക്കി ഷോട്ട് ഉതിർത്തെങ്കിലും ഗോളി ബസുനു രക്ഷകനായി. ആദ്യ പകുതിയുടെ 26-ആം മിനിറ്റിൽ മാറ്റ് ഡോഹർട്ടി നടത്തിയ ടാക്കിളിനിടെ ബോക്സിനുള്ളിൽ റൊണാൾഡോ വീണെങ്കിലും റഫറി പെനാൽറ്റി അനുവദിച്ചില്ല.സമനിലയോടെ നിലവിൽ പോർച്ചുഗല്ലിനും സെർബിയക്കും ഒരേ പോയിന്റുകൾ ആണ്. ഗോൾ വ്യത്യാസത്തിൽ മുന്നിലുള്ള പോർച്ചുഗൽ ആണ് നിലവിൽ ഒന്നാമത്. അടുത്ത മത്സരത്തിൽ സെർബിയയെ സമനിലയിൽ തളച്ചാൽ പോലും പോർച്ചുഗല്ലിന് ലോകകപ്പ് യോഗ്യത നേടാൻ ആവും.

ലോകകപ്പ് യോഗ്യത മത്സരത്തിൽ ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തിൽ ഗ്രീസിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു സ്‌പെയിൻ. തോൽവിയോടെ ഗ്രീസിന്റെ ലോകകപ്പ് യോഗ്യത പ്രതീക്ഷകൾ അവസാനിച്ചു. അതേസമയം നേരത്തെ സ്വീഡൻ തോൽവി വഴങ്ങിയതിനാൽ സ്‌പെയിൻ ഈ ജയത്തോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തി. ഇതോടെ ഇനി നടക്കാനിരിക്കുന്ന സ്‌പെയിൻ, സ്വീഡൻ പോരാട്ടത്തിൽ സമനില നേടിയാൽ സ്പെയിനിന് ലോകകപ്പിന് നേരിട്ട് യോഗ്യത നേടാം.ഒന്നാം പകുതിയിൽ മാർട്ടിനസിനെ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട പാബ്ലോ സറാബിയ ആണ് സ്പാനിഷ് പടക്ക് വിജയഗോൾ സമ്മാനിച്ചത്. ഗ്രൂപ്പ് ബിയിൽ ഒന്നാമത് ആയി നേരിട്ട് ലോകകപ്പ് യോഗ്യത നേടാൻ ആവും സ്‌പെയിൻ അടുത്ത മത്സരത്തിൽ സ്വീഡനെ നേരിടാൻ ഇറങ്ങുക.

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ലിച്ചൻസ്റ്റെയിനെ മറുപടിയില്ലാത്ത 9 ഗോളുകൾക്ക് നിലംപരിശാക്കി ജർമ്മനി.തോമസ് മുള്ളറും ലിറോയ് സാനെയും ഡബിൾ സ്വന്തമാക്കിയപ്പോൾ ഗുണ്ടോഗൻ, മാർക്കോ റൂയിസ് എന്നിവർ ഓരോ തവണ ലക്ഷ്യം കണ്ടു. രണ്ട് ഗോളുകൾ സെൽഫ് ആയിരുന്നു. ഗ്രൂപ്പിൽ ബഹുദൂരം മുന്നിലുള്ള ജർമ്മനി നേരത്തെ തന്നെ ഖത്തർ ലോകകപ്പിന് യോഗ്യത നേടിയിരുന്നു.ഗ്രൂപ്പ് ജെയിലെ മറ്റൊരു മത്സരത്തിൽ റോമാനിയയും ഐസിലാന്റും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.

യോഗ്യത മത്സരത്തിൽ സ്വീഡന് ഞെട്ടിക്കുന്ന തോൽവി. ഇതിഹാസ താരം സാൾട്ടൻ ഇബ്രാമോവിച്ച് ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചു വന്നെങ്കിലും ഇബ്രക്ക് ടീമിന്റെ തോൽവി ഒഴിവാക്കാൻ ആയില്ല. ഗ്രൂപ്പ് ബിയിൽ നിലവിൽ സ്പെയിനിന് മുന്നിലുള്ള സ്വീഡന് ഈ തോൽവി തീർത്തും അപ്രതീക്ഷിതമായി.20 വയസ്സുകാരനായ യുവ താരം വിച വരത്ഹലിയുടെ ഇരട്ടഗോളുകൾ ആണ് ജോർജിയക്ക് സ്വന്തം കാണികൾക്ക് മുന്നിൽ ചരിത്രജയം സമ്മാനിച്ചത്. മത്സരത്തിൽ ആധിപത്യം കാണിച്ച സ്വീഡനെ പ്രത്യാക്രമണത്തിലൂടെയാണ് ജോർജിയ നേരിട്ടത്. ലോകകപ്പ് യോഗ്യത നേടാൻ ആവില്ല എങ്കിലും ജോർജിയ ഫുട്‌ബോളിനു ഈ ജയം വലിയ ഒരു നേട്ടം തന്നെയാണ്.

യോഗ്യത മത്സരത്തിൽ വമ്പൻ ജയവുമായി ക്രൊയേഷ്യ. ഗ്രൂപ്പ് എച്ചിലെ ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് ക്രൊയേഷ്യ മാൾട്ടയെ പരാജയപ്പെടുത്തിയത്. പെരിസിക് (6′), ഡി കാലേറ്റ-കാർ (22′), എം പസാലിക് (39′), എൽ മോഡ്രിച്ച് (45’+1′), എൽ മേജർ (47′, 64′), എ ക്രമറിക് (53′) എന്നിവരാണ് ക്രോയേഷ്യയുടെ ഗോളുകൾ നേടിയത്.

Rate this post