ക്ലബിനൊപ്പം പരിശീലനത്തിറങ്ങാതെ പ്രീമിയർ ലീഗ് താരം, സ്വന്തമാക്കാൻ മത്സരിച്ച് ആഴ്‌സണലും ചെൽസിയും

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ആഴ്‌സണലും ചെൽസിയും തമ്മിലുള്ള പോരാട്ടമാണ് നടന്നു കൊണ്ടിരിക്കുന്നത്. ആഴ്‌സണൽ ഏതെങ്കിലും താരത്തെ ടീമിലെത്തിക്കുന്നതിന്റെ അരികിലെത്തുമ്പോഴേക്കും അവരെ കൂടുതൽ മികച്ച ഓഫർ നൽകി ചെൽസി അവരെ സ്വന്തമാക്കും. ജോവോ ഫെലിക്‌സ്, മൈഖെയ്‌ലോ മുഡ്രിക്ക് എന്നിവരെ ചെൽസി സ്വന്തമാക്കുന്നത് ആഴ്‌സനലിന്റെ വെല്ലുവിളിയെ മറികടന്ന് മികച്ച ഓഫർ നൽകിയായിരുന്നു.

ഇപ്പോൾ മറ്റൊരു താരത്തിനു കൂടി വേണ്ടി ഈ രണ്ടു ക്ലബുകൾ തമ്മിൽ മത്സരിക്കുകയാണ്. ബ്രൈറ്റണിന്റെ ഇക്വഡോർ മധ്യനിര താരമായ മോസസ് കൈസെഡോക്കു വേണ്ടിയാണ് രണ്ടു ക്ലബുകളും ശ്രമം നടത്തുന്നത്. രണ്ടു ക്ലബുകളും കഴിഞ്ഞ ദിവസങ്ങളിൽ ഇരുപത്തിയൊന്നുകാരനായ താരത്തിനായി ബിഡ് സമർപ്പിച്ചിരുന്നു. എന്നാൽ രണ്ട് ഓഫറുകളും യൂറോപ്യൻ യോഗ്യതക്കായി പൊരുതുന്ന ബ്രൈറ്റൻ നിരസിക്കുകയാണുണ്ടായത്.

എന്നാൽ ബ്രൈറ്റണു മേൽ സമ്മർദ്ദം നൽകാനാണ് ഇക്വഡോർ താരം ഒരുങ്ങുന്നത്. തനിക്ക് ക്ലബ് വിടണമെന്നും പ്രീമിയർ ലീഗിലെ ടോപ് ക്ലബ്ബിലേക്ക് ചേക്കേറണമെന്നും താരം അറിയിച്ചിട്ടുണ്ട്. ഫാബ്രിസിയോ റൊമാനോയുടെ റിപ്പോർട്ടുകൾ പ്രകാരം കൈസെഡോ ഇന്ന് പരിശീലനത്തിനായി എത്തിയിട്ടില്ല. ബ്രൈറ്റണിന്റെ അടുത്ത മത്സരത്തിൽ താരം കളിക്കില്ലെന്നും റൊമാനോയുടെ ട്വീറ്റ് വ്യക്തമാക്കുന്നു.

താരത്തിനായി ചെൽസി 55 മില്യൺ പൗണ്ട് ദിവസങ്ങൾക്ക് മുൻപ് വാഗ്‌ദാനം ചെയ്‌തപ്പോൾ ആഴ്‌സണൽ ഇന്നലെ അറുപതു മില്യൺ ഓഫർ ചെയ്‌തു. ഇതു രണ്ടും തള്ളിയ ബ്രൈറ്റൻ കൂടുതൽ ഉയർന്ന തുകയുടെ ഓഫർ ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്ന് കരുതാവുന്നതാണ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പാർട്ടെ പരിക്കേറ്റു പുറത്തു പോയതിനാൽ പുതിയൊരു മധ്യനിര താരത്തെ ആവശ്യമുള്ള ആഴ്‌സണൽ ബിഡ് ഉയർത്തുമെന്നു തന്നെയാണ് കരുതേണ്ടത്.