ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ നിന്നുള്ള പുറത്താകൽ പിഎസ്ജി ടീമിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ഒന്നാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ചാമ്പ്യൻസ് ലീഗ് കിരീടം പ്രധാന ലക്ഷ്യമായി കണക്കാക്കുന്ന പിഎസ്ജി അതിനു കഴിയാതെ കഴിഞ്ഞ രണ്ടു സീസണുകളിലും പ്രീ ക്വാർട്ടറിൽ തോൽവി വഴങ്ങി പുറത്തു പോവുകയായിരുന്നു.
മെസി, നെയ്മർ, എംബാപ്പെ തുടങ്ങി യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച മുന്നേറ്റനിര ഉണ്ടായിട്ടാണ് ചാമ്പ്യൻസ് ലീഗിൽ പിഎസ്ജി മോശം പ്രകടനം നടത്തുന്നത്. സൂപ്പർതാരങ്ങളെക്കാൾ സന്തുലിതമായ സ്ക്വാഡാണ് ഒരു മികച്ച ടീമിനെ സൃഷ്ടിക്കുന്നതെന്ന് നിരവധി പേർ ചൂണ്ടിക്കാട്ടിയെങ്കിലും അതിൽ നിന്നും ക്ലബ് പാഠം പഠിച്ചിട്ടില്ലെന്നാണ് നിലവിലെ റിപ്പോർട്ടുകൾ പറയുന്നത്.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം യൂറോപ്പിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായ മാഞ്ചസ്റ്റർ സിറ്റിയുടെ എർലിങ് ഹാലൻഡിനെ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് പിഎസ്ജി. ഇതിനായി 175 മില്യൺ യൂറോ വരെ മുടക്കാൻ അവർ തയ്യാറാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അടുത്ത സമ്മറിൽ താരത്തെ ടീമിലെത്തിക്കാൻ അവർ ശ്രമം നടത്തും.
മാഞ്ചസ്റ്റർ സിറ്റിയിൽ ഹാലാൻഡ് മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും താരത്തിന്റെ വരവോടെ പെപ് ഗ്വാർഡിയോള തന്റെ പദ്ധതികളിൽ മാറ്റം വരുത്താൻ നിർബന്ധിമായിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഈ സീസണിൽ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തുള്ള ടീം ഹാലൻഡിനെ വിൽക്കുകയാണെങ്കിൽ താരത്തെയും എംബാപ്പയെയും ഒരുമിച്ച് അണിനിരത്താനാണ് പിഎസ്ജി ഒരുങ്ങുന്നത്.
Erling Haaland 'eyed up for sensational £175m transfer' https://t.co/Y8nYlCNNkD
— The Sun Football ⚽ (@TheSunFootball) March 12, 2023
വരുന്ന സമ്മറോടെ മെസിയും നെയ്മറും പിഎസ്ജി വിടുമെന്ന അഭ്യൂഹങ്ങൾ ഇപ്പോഴെയുണ്ട്. ഇവർ രണ്ടു പേരുമില്ലാതെയാണ് ഇനിയുള്ള പ്രോജക്റ്റ് മുന്നോട്ടു കൊണ്ടുപോകാൻ പിഎസ്ജി തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ വേതനബ്ബിൽ അടക്കമുള്ള കാര്യങ്ങളിൽ ക്ലബിന് ബുദ്ധിമുട്ടുണ്ടാകാൻ സാധ്യതയില്ല.