ഹാട്രിക്ക് നേടിയിട്ടും കൈലിയൻ എംബാപ്പെയെ വിമർശിച്ച് പിഎസ്ജി പരിശീലകൻ ലൂയിസ് എൻറിക് | Kylian Mbappé

ലീഗ് വണ്ണിൽ ഇന്നലെ നടന്ന മത്സരത്തിൽ റെയിംസിനെതിരെ ഫ്രഞ്ച് ഭീമന്മാരായ പിഎസ്ജി മിന്നുന്ന ജയമാണ് സ്വന്തമാക്കിയത്. സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ ഹാട്രിക്ക് ആണ് പിഎസ്ജിക്ക് വിജയം ഒരുക്കിയത്. ഹാട്രിക്കോടെ സീസണിലെ തന്റെ നേട്ടം 15 മത്സരങ്ങളിൽ നിന്ന് 15 ആയി ഉയർത്തി. വിജയത്തോടെ നീസിനെ മറികടന്ന് ഫ്രഞ്ച് ലീഗിൽ പിഎസ്ജി ഒന്നാമതായി. 12 മത്സരങ്ങളിൽ 27 പോയിൻ്റ് പിഎസ്ജിക്കുണ്ട്.

എന്നാൽ മത്സരത്തിൽ ഹാട്രിക്ക് നേടിയിട്ടും കൈലിയൻ എംബാപ്പെയെ വിമർശിച്ചിരിക്കുകയാണ് പരിശീലകൻ ലൂയിസ് എൻറിക്. ” എംബപ്പേ ടീമിനെ കൂടുതൽ സഹായിക്കുന്നതിൽ” ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ലൂയിസ് എൻറിക് മാധ്യമപ്രവർത്തകരോട് പറഞ്ഞു. താരത്തിന് ടീമിനായി ഇതിനേക്കാൾ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്നും പരിശീലകൻ പറഞ്ഞു.

“ഇന്ന് ഞാൻ കൈലിയൻ എംബാപ്പെയുടെ പ്രകടനത്തിൽ അത്ര സന്തുഷ്ടനല്ല. ഗോളുകളെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല ,പക്ഷേ, മറ്റൊരു വിധത്തിൽ ടീമിനെ കൂടുതൽ സഹായിക്കാൻ അദ്ദേഹത്തിന് കഴിയും.ലോകത്തിലെ ഏറ്റവും മികച്ചവരിൽ ഒരാളാണ് കൈലിയൻ. എന്നാൽ ഞങ്ങൾക്ക് കൂടുതൽ ആവശ്യമാണ്. അവൻ ഇനിയും കൂടുതൽ ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു” പരിശീലകൻ പറഞ്ഞു.

ശനിയാഴ്ചത്തെ ഹാട്രിക്ക് എംബാപ്പെയെ ആറ് ഗോളുകളുമായി ലീഗ് 1 സ്കോറിംഗ് ചാർട്ടിൽ ഒന്നാമതെത്തിച്ചു. ” എംബപ്പേക്ക് ഇനിയും മെച്ചപ്പെടാൻ കഴിയുമെന്നും അദ്ദേഹത്തിന് മെച്ചപ്പെടാൻ ധാരാളം ഇടമുണ്ടെന്നും ഉയർന്ന തലത്തിലെത്താൻ കഴിയുമെന്നും ഞാൻ കരുതുന്നു.അതാണ് ഞങ്ങളുടെ ലക്ഷ്യം, കളിയുടെ എല്ലാ ഭാഗങ്ങളിലും കൈലിയനെ കൂടുതൽ പങ്കാളികളാക്കണം”അദ്ദേഹം പറഞ്ഞു.

റെയിംസിനെതിരായ വിജയത്തിലെ പ്രകടനത്തിൽ താൻ സന്തുഷ്ടനാണെന്നും എന്നാൽ ഗോളുകൾ നേടുക മാത്രമല്ല തന്റെ മുൻഗണനയെന്നും എംബാപ്പെ കൂട്ടിച്ചേർത്തു.“ഏറ്റവും പ്രധാനപ്പെട്ട കാര്യം കളി ആസ്വദിക്കുക എന്നതാണ്. സത്യം പറഞ്ഞാൽ, സ്കോർ ചെയ്യാൻ എനിക്ക് നന്നായി കളിക്കേണ്ട ആവശ്യമില്ല. പക്ഷേ എനിക്ക് വേണ്ടത് നന്നായി കളിച്ച് സ്കോർ ചെയ്യുക എന്നതാണ്”.

Rate this post