ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരമെന്ന തലത്തിലേക്ക് ലയണൽ മെസി മുന്നേറിയത് പെപ് ഗ്വാർഡിയോളക്കു കീഴിലാണ്. പെപ് ഗ്വാർഡിയോള ബാഴ്‌സലോണ പരിശീലകനായിരുന്ന സമയത്ത് രണ്ടു ചാമ്പ്യൻസ് ലീഗ് കിരീടങ്ങളടക്കം നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ മെസി തടുക്കാൻ പ്രയാസമുള്ള താരമായിരുന്നു. ഗ്വാർഡിയോള ബാഴ്‌സലോണ വിട്ടതിനു ശേഷം ഇരുവരും വീണ്ടുമൊരുമിക്കണമെന്ന് പലരും ആഗ്രഹിക്കുകയും ചെയ്‌തിരുന്നു.
ഗ്വാർഡിയോളയും ലയണൽ മെസിയും വീണ്ടും ഒരുമിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റി 2009 മുതലുള്ള ഒൻപതു വർഷക്കാലയളവിൽ പ്രീമിയർ ലീഗിലെ സാമ്പത്തിക നിയമങ്ങൾ തെറ്റിച്ചുവെന്നതിന്റെ പേരിൽ അന്വേഷണം നേരിടുകയാണ്. സംഭവം സത്യമാണെന്ന് വെളിപ്പെട്ടാൽ ക്ലബിനെതിരെ നടപടി ഉണ്ടായേക്കും.
മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടപടി വന്നാൽ പെപ് ഗ്വാർഡിയോള ക്ലബ് വിടാനുള്ള സാധ്യത കൂടുതലാണ്. അദ്ദേഹം ഇക്കാര്യം മുൻപ് വെളിപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. ഈ സാഹചര്യം മുതലെടുത്ത് പെപ് ഗ്വാർഡിയോളയെ സ്വന്തമാക്കാൻ പിഎസ്‌ജി ശ്രമം നടത്തുന്നുണ്ട്. നിലവിൽ പിഎസ്‌ജി പരിശീലകനായ ക്രിസ്റ്റഫെ ഗാൾട്ടിയാറിൽ നേതൃത്വത്തിന് പൂർണമായ താൽപര്യമില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നേരത്തെ സിനദിൻ സിദാൻ പിഎസ്‌ജിയുടെ പരിശീലകനായി എത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമായി ഉണ്ടായിരുന്നു. എന്നാൽ പെപ് ഗ്വാർഡിയോളയെ ലഭ്യമായാൽ അദ്ദേഹത്തെയാണ് പിഎസ്‌ജി കൂടുതൽ പരിഗണിക്കുക. നിരവധി വർഷങ്ങളായി തുടർച്ചയായി ടീമിനെ പരിശീലിപ്പിക്കുന്ന അദ്ദേഹം സ്ഥാനമേറ്റെടുത്ത ക്ലബുകളെല്ലാം മികച്ച നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.
PSG could move for Pep Guardiola IF #MCFC are hit by Premier League sanctions 💥🇫🇷 pic.twitter.com/Ks2ltkAvE6
— Football España (@footballespana_) February 12, 2023
ഗ്വാർഡിയോള പിഎസ്‌ജിയിലേക്ക് വന്നാൽ അത് മെസിയെ നിലനിർത്താനുള്ള പദ്ധതിക്ക് സഹായകമാകും. ഇതുവരെയും ഫ്രഞ്ച് ക്ലബുമായി കരാർ പുതുക്കാൻ ലയണൽ മെസി തയ്യാറായിട്ടില്ല. താരം സമ്മറിൽ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങളും ശക്തമായുണ്ട്. അതുകൊണ്ടു തന്നെ പെപ് ഗ്വാർഡിയോളക്കായി നടത്തുന്ന ശ്രമങ്ങൾ ക്ലബിൽ തുടരാൻ മെസിയെ പ്രേരിപ്പിക്കുമെന്നും പിഎസ്‌ജി കണക്കുകൂട്ടുന്നു.