“ഉടൻ പ്രഖ്യാപിക്കും” – പിഎസ്ജി സിദാനുമായി കരാർ ഒപ്പിട്ടതായി നാസർ അൽ-ഖെലൈഫിയുടെ കസിൻ

എസ്റ്റാഡിയോ സാന്റിയാഗോ ബെർണബ്യൂവിലെ ജോലി ഉപേക്ഷിച്ചതിന് ശേഷം സിനദീൻ സിദാൻ മാഡ്രിഡിൽ കുടുംബത്തോടൊപ്പം ശാന്തമായ ജീവിതം ആസ്വദിക്കുകയാണ്. ഇതിനിടയിൽ നിരവധി ക്ലബ്ബുകളാണ് ഫ്രഞ്ച് ഇതിഹാസത്തിന്റെ സേവനത്തിനായി ഓഫറുകൾ വെച്ചത്.ഏറ്റവും ഒടുവിൽ സിദാനെ സമീപിച്ചത് മാഞ്ചസ്റ്റർ യുണൈറ്റഡായിരുന്നു, എന്നാൽ ഫ്രഞ്ച് താരം താൻ നൽകി ശീലിച്ച ‘നോ’ പറഞ്ഞ് അവരെ പിന്തിരിപ്പിച്ചു. എന്നാൽ പുറത്തു വരുന്ന പുതിയ റിപോർട്ടുകൾ അനുസരിച്ച് സിദാൻ ക്ലബ്ബുമായി ഒരു കരാർ ഒപ്പിട്ടതായി ക്ലബ് വൃത്തങ്ങൾ അറിയിച്ചു.

സിനദീൻ സിദാനെ തങ്ങളുടെ പുതിയ മാനേജരായി ക്ലബ് ഇതിനകം ഒപ്പുവെച്ചതായി പിഎസ്ജി പ്രസിഡന്റ് നാസർ അൽ-ഖെലൈഫിയുടെ ബന്ധുവായ ഖലീഫ ബിൻ ഹമദ് അൽതാനി അവകാശപ്പെട്ടു.പിഎസ്ജിയും സിനദീൻ സിദാനും തമ്മിൽ കരാർ നിലവിലുണ്ടെന്ന് ഖലീഫ ബിൻ ഹമദ് അൽതാനി ട്വിറ്ററിൽ അറിയിച്ചു. റയൽ മാഡ്രിഡിന്റെ മുൻ പരിശീലകനെ തങ്ങളുടെ പുതിയ മാനേജരായി ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.”കാര്യങ്ങൾ പരിഹരിച്ചു. ഉടൻ പ്രഖ്യാപിക്കും. സ്വാഗതം സീസോ” എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു .”ഗുഡ് നൈറ്റ്” എന്ന് എഴുതിയ ട്വീറ്റിനൊപ്പം സിനദീൻ സിദാന്റെ ചിത്രവും അൽതാനി ട്വീറ്റ് ചെയ്തു.

ഖലീഫ ബിൻ ഹമദ് അൽതാനി പിഎസ്ജിയെ ചുറ്റിപ്പറ്റിയുള്ള വിവിധ വലിയ വാർത്തകൾ സ്ഥിരീകരിച്ചിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഖത്തർ രാജകുടുംബാംഗം ലയണൽ മെസ്സിയുടെയും കൈലിയൻ എംബാപ്പെയുടെയും സൈനിംഗ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.കഴിഞ്ഞ ആഴ്ച വാരാന്ത്യത്തിൽ ഒലെ ഗുന്നർ സോൾസ്‌ജെയറിനെ പുറത്താക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചതു മുതൽ സിനദീൻ സിദാൻ പിഎസ്‌ജി ജോലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. വിവിധ റിപ്പോർട്ടുകൾ പ്രകാരം, റെഡ് ഡെവിൾസ് സോൾസ്‌ജെയറിന് പകരം നിലവിലെ PSG മാനേജർ മൗറിസിയോ പോച്ചെറ്റിനോയെ നിയമിക്കാൻ ആഗ്രഹിക്കുന്നു.

സോൾസ്‌ജെയറിനു പകരം സ്ഥിരമായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ചോയ്‌സ് സ്ഥാനാർത്ഥിയായി മൗറീഷ്യോ പോച്ചെറ്റിനോ കണക്കാക്കപ്പെടുന്നു. ഓൾഡ് ട്രാഫോർഡിലെ ഒഴിവിലേക്ക് സിനദീൻ സിദാനും പരിഗണിച്ചിരുന്നു.മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത സീസണിലേക്ക് സ്ഥിരമായ അപ്പോയിന്റ്മെന്റ് നടത്തുന്നതിന് മുമ്പ് 2021-22 സീസണിന്റെ ബാക്കി ഭാഗത്തേക്ക് ഒരു ഇടക്കാല മാനേജരായി റാൽഫ് റാംഗ്നിക്കിനെ നിയമിക്കുകയും ചെയ്തു.

49 കാരനായ സിദാൻ 2016 മുതൽ 2018 വരെ തുടർച്ചയായി മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ റയൽ മാഡ്രിഡിനൊപ്പം ഉയർത്തിയിട്ടുണ്ട്. രണ്ടു ല ലീഗ കിരീടവും നേടിയിട്ടുണ്ട്.ഫ്രാൻസിലെ ഏറ്റവും വലിയ ക്ലബ്ബിന്റെ മാനേജരായി ഒരു ഫ്രഞ്ച് ഐക്കണിനെ നിയമിക്കുന്നത് PSG-യെ സംബന്ധിച്ചിടത്തോളം അർത്ഥവത്താണ്.

എന്നാൽ സിദാൻ പാരീസ് പരിശീലകനാവുന്നത് ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് റയൽ മാഡ്രിഡാവും. സിദാൻ പിഎസ്ജി യിലെത്തിയാൽ സൂപ്പർ താരം എംബപ്പേ ക്ലബ്ബുമായി കരാർ പുതുക്കുമോ എന്ന സംശയമുണ്ട്. സിദാന്റെ വരവ് ഖത്തർ ലോകകപ്പിന് അപ്പുറം വരെയെങ്കിലും എംബാപ്പയെ നിലനിർത്താൻ ബോധ്യപ്പെടുത്തിയേക്കാം. സിദാൻ പരിശീലകനായപ്പോൾ എംബാപ്പയെ മാഡ്രിഡിൽ എത്തിക്കാൻ ശ്രമം നടത്തിയിരുന്നു.