ഈ സീസണോടെ റയൽ മാഡ്രിഡ് കരാർ അവസാനിക്കുന്ന മാർകോ അസെൻസിയോ അതിനു ശേഷം ക്ലബ് വിടുമെന്ന് റിപ്പോർട്ടുകൾ. കരാർ പുതുക്കാനുള്ള ഓഫർ റയൽ മാഡ്രിഡ് മുന്നോട്ടു വെച്ചിരുന്നെങ്കിലും സ്പാനിഷ് താരം അത് പരിഗണിക്കുന്നില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. റയൽ മാഡ്രിഡിൽ അവസരങ്ങൾ ഉണ്ടാകില്ലെന്ന കാരണത്താലാണ് ക്ലബുമായി കരാർ പുതുക്കാനുള്ള ഓഫർ അസെൻസിയോ സ്വീകരിക്കാത്തത്.
2014ൽ റയൽ മാഡ്രിഡിലെത്തിയ മാർകോ അസെൻസിയോ രണ്ടു സീസണുകളിൽ മറ്റു ക്ലബുകളിൽ ലോണിൽ കളിച്ചതിനു ശേഷമാണ് ടീമിലെ സ്ഥിരസാന്നിധ്യമായത്. നിരവധി മത്സരങ്ങളിൽ ഗംഭീര പ്രകടനം നടത്തുകയും നിർണായകമായ ഗോളുകൾ നേടുകയും ചെയ്ത താരം വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. എന്നാൽ വിനീഷ്യസ്, റോഡ്രിഗോ തുടങ്ങിയ താരങ്ങൾ വിങ്ങിൽ മികച്ച പ്രകടനം നടത്താൻ തുടങ്ങിയതോടെ അസെൻസിയോ പകരക്കാരനായി മാറി.
റയൽ മാഡ്രിഡ് മുന്നോട്ടു വെച്ച ഓഫർ സാമ്പത്തികപരമായി സ്വീകാര്യമായ ഒന്നായിരുന്നെങ്കിലും അടുത്ത സീസണിൽ അവസരങ്ങൾ കുറയുമെന്നതാണു അസെൻസിയോ അത് തള്ളിക്കളയാൻ കാരണമായത്. യൂറോ കപ്പ് 2024ൽ നടക്കാനിരിക്കെ റയൽ മാഡ്രിഡിൽ നിന്ന് അവസരങ്ങൾ കുറയുന്നത് ദേശീയ ടീമിലെ തന്റെ അവസരത്തെയും ബാധിക്കുമെന്ന് താരത്തിനറിയാം.
അസെൻസിയോയെ സ്വന്തമാക്കാൻ ഫ്രഞ്ച് ക്ലബായ പിഎസ്ജി രംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതിനു പുറമെ ആസ്റ്റൺ വില്ല, യുവന്റസ്, എസി മിലാൻ തുടങ്ങിയ ക്ലബുകളും താരത്തിനായി ശ്രമം നടത്തുന്നുണ്ട്. അസെൻസിയോയുടെ ഏജന്റായ മെന്ഡസും പിഎസ്ജി സ്പോർട്ടിങ് ഡയറക്റ്റർ കാംപോസും തമ്മിൽ മികച്ച ബന്ധമുള്ളത് താരം പിഎസ്ജിയിൽ എത്താനുള്ള സാധ്യത വർധിപ്പിക്കുന്നു.
🚨PSG have started talks to sign Marco Asensio.🔵#PSG
— Ekrem KONUR (@Ekremkonur) May 27, 2023
👉The French giant club is ready to offer the Spanish player a 3-year contract.🇪🇸 pic.twitter.com/yVglsghXsr
പിഎസ്ജിയിൽ എത്തിയാൽ അസെൻസിയോക്ക് അവസരം ഉണ്ടാകുമെന്ന കാര്യം തീർച്ചയാണ്. ഈ സീസണോടെ ലയണൽ മെസി ക്ലബ് വിടുമെന്നിരിക്ക ആ പൊസിഷനിൽ അസെൻസിയോയെ ഇറക്കാനാവും അവർ ശ്രമിക്കുമാ. എംബാപ്പെയും അസെൻസിയോയും ചേർന്ന് മികച്ചൊരു കൂട്ടുകെട്ട് സൃഷ്ടിക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.