“പിഎസ്‌ജിയെന്നാൽ കിലിയൻ സെയിന്റ് ജർമനല്ല”- ക്ലബിനെതിരെ രൂക്ഷമായ വിമർശനവുമായി എംബാപ്പെ |Kylian Mbappe|PSG

എംബാപ്പയെ കേന്ദ്രീകരിച്ചാണ് പിഎസ്‌ജിയെന്ന ക്ലബിന്റെ പദ്ധതികളെന്നത് എപ്പോഴോ വ്യക്തമായ കാര്യമാണ്. ഫുട്ബോൾ ലോകത്തിന്റെ നെറുകയിൽ എത്തുമെന്നുറപ്പുള്ള താരത്തെ അതുകൊണ്ടു തന്നെയാണ് റയൽ മാഡ്രിഡിന് വിട്ടു നൽകാതെ വമ്പൻ തുക പ്രതിഫലം നൽകി പിഎസ്‌ജി നിലനിർത്തിയത്. അതിനു പുറമെ ക്ലബിന്റെ നായകന്മാരിൽ ഒരാളും ഫ്രഞ്ച് താരം തന്നെയാണ്.

എന്നാൽ പിഎസ്‌ജി തനിക്ക് നൽകുന്ന പ്രാധാന്യം കുറച്ച് കടന്നു പോകുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസം എംബാപ്പെ വ്യക്തമാക്കിയത്. ക്ലബിന്റെ സീസൺ ടിക്കറ്റുകളുടെ പ്രൊമോഷണൽ വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നതിനു പിന്നാലെയാണ് ഫ്രഞ്ച് ക്ലബിനെതിരെ എംബാപ്പെ വിമർശനം നടത്തിയത്. വീഡിയോയിൽ തനിക്ക് മാത്രം പ്രാധാന്യം നൽകുന്നതിനെയാണ് എംബാപ്പെ വിമർശിച്ചത്.

എഴുപത്തിയഞ്ച് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ എംബാപ്പയുടെ മുഖവും വാക്കുകളും താരത്തിന്റെ പ്രവർത്തനങ്ങളും മാത്രം കേന്ദ്രീകരിച്ചാണ് മുന്നോട്ടു പോകുന്നത്. ലയണൽ മെസി, നെയ്‌മർ ഉൾപ്പെടെ പിഎസ്‌ജി ടീമിലെ മറ്റെല്ലാ താരങ്ങളും വീഡിയോയിൽ നിന്നും ഒഴിവാക്കപ്പെട്ടു. ഇതേത്തുടർന്നാണ് ഇൻസ്റ്റഗ്രാമിലൂടെ എംബാപ്പെ പ്രതികരിച്ചത്.

“പിഎസ്‌ജി പ്രൊമോഷൻ വീഡിയോയിൽ ഞാൻ ഭാഗമായിരുന്നു. അതിന്റെ ഉള്ളടക്കം എന്താണെന്ന് എന്നെ അറിയിച്ചിട്ടില്ല. ക്ലബിന്റെ മാർക്കറ്റിങ്ങിനു വേണ്ടിയുള്ള സാധാരണ വീഡിയോ ആണെന്നാണ് കരുതിയത്. പോസ്റ്റ് ചെയ്‌ത വീഡിയോ ഞാൻ അംഗീകരിക്കുന്നില്ല. പേഴ്‌സണൽ ഇമേജ് റൈറ്റിനായി ഞാൻ വാദിക്കുന്നത് ഇതുകൊണ്ടാണ്. പിഎസ്‌ജി വലിയൊരു ക്ലബും കുടുംബവുമാണ്. അതൊരിക്കലും കിലിയൻ സെയിന്റ് ജർമനല്ല.” താരം കുറിച്ചു.

ഖത്തർ ലോകകപ്പിൽ കിരീടം സ്വന്തമാക്കിയില്ലെങ്കിലും ഫ്രാൻസിന് വേണ്ടി എംബാപ്പെ നടത്തിയ പ്രകടനം താരത്തിന് ആരാധക പിന്തുണ വർധിക്കാൻ കാരണമായിട്ടുണ്ട്. മെസി, നെയ്‌മർ തുടങ്ങിയ താരങ്ങൾക്കെതിരെ ആരാധകർ തിരിഞ്ഞ സാഹചര്യത്തിലാവാം എംബാപ്പയെ മാത്രം കേന്ദ്രീകരിച്ചത്. എന്നാൽ ടീമിലെ ഒരു താരത്തെ മാത്രം കേന്ദ്രീകരിച്ചുള്ള ഇത്തരം പ്രൊമോഷനുകൾ അംഗീകരിക്കാനാവാത്ത കാര്യം തന്നെയാണ്.

Rate this post
Kylian MbappePsg