‘മെസ്സിയുടെ സസ്പെൻഷനും നെയ്മറുടെ ഭാവിയും ചില ആരാധകരുടെ മോശം പെരുമാറ്റവും’ : PSG മാനേജർ ക്രിസ്റ്റോഫ് ഗാൽറ്റിയർ

സൗദി അറേബ്യയിലേക്കുള്ള അനധികൃത യാത്രയുടെ പേരിൽ അടുത്തിടെ സസ്പെൻഷനിലായതിനെ തുടർന്ന് ലയണൽ മെസ്സിയുടെ പാരീസ് സെന്റ് ജെർമെയ്നുമായുള്ള ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. സസ്‌പെൻഷനുശേഷം അർജന്റീനക്കാരൻ മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ജൂൺ മാസത്തിൽ കരാർ അവസാനിക്കുന്നതിന് മുമ്പ് അദ്ദേഹം വീണ്ടും പിഎസ്ജി ജേഴ്സി ധരിക്കുമോ എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളുണ്ട്.

അടുത്തിടെ നടന്ന ഒരു പത്രസമ്മേളനത്തിൽ, ടീമിന്റെ പ്രകടനം, മെസ്സിയുടെ സസ്പെൻഷൻ, ചില ആരാധകരുടെ പെരുമാറ്റം എന്നിവയുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ PSG മാനേജർ ക്രിസ്റ്റോഫ് ഗാൽറ്റിയർ അഭിസംബോധന ചെയ്തു.കളിക്കാരുടെ വീടുകൾക്ക് മുന്നിൽ പ്രതിഷേധിക്കുന്ന ആരാധകരുടെ നടപടികളെ അപലപിക്കുകയും അത് “സ്വീകാര്യമല്ല” എന്നും അവരുടെ സ്വകാര്യതയുടെ ലംഘനമാണെന്നും വിശേഷിപ്പിച്ചു.

“മെസ്സിക്കും നെയ്‌മറിനും വെറാട്ടിക്കുമെതിരായ പ്രതിഷേധങ്ങൾ പരിശീലന കേന്ദ്രത്തിനോ സ്റ്റേഡിയത്തിനോ ക്ലബ്ബിന്റെ ആസ്ഥാനത്തിന്റെ മുന്നിലൊ ചെയ്തതെങ്കിൽ നമുക്ക് മനസ്സിലാക്കാം ,എന്നാൽ ഒരു കളിക്കാരന്റെ വീട്ടിൽ ഇത് ചെയ്യുന്നത് അസ്വീകാര്യമാണ്. കളിക്കാരുടെ സ്വകാര്യ ജീവിതത്തെ ഞങ്ങൾ മാനിക്കണം, ”ഗാൽറ്റിയർ പറഞ്ഞു.പരിക്കിന്റെയും കഠിനമായ സീസണിന്റെയും വെല്ലുവിളികൾക്കിടയിലും ലീഗ് കിരീടം നേടാനുള്ള ടീമിന്റെ കഴിവിൽ ഗാൽറ്റിയർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. മാധ്യമങ്ങളുടെ ഊഹാപോഹങ്ങളും ടീമിന്റെ അവസ്ഥയുടെ യാഥാർത്ഥ്യവും തമ്മിലുള്ള അന്തരം അദ്ദേഹം എടുത്തു കാണിച്ചു.“നേടാൻ ഒരു ലക്ഷ്യമുണ്ട്. കളിക്കാർ ജോലി ചെയ്യുന്നു. ഞങ്ങൾ എല്ലാവരും ലീഗ് കിരീടം നേടുന്നതിൽ ശ്രദ്ധാലുക്കളാണ്, ”ഗാൽറ്റിയർ പറഞ്ഞു.

“ലിയോ മെസ്സിയെ സസ്‌പെൻഡ് ചെയ്യാനുള്ള തീരുമാനത്തെക്കുറിച്ച് ക്ലബ്ബ് എന്നെ ആഴ്ചയുടെ തുടക്കത്തിൽ അറിയിച്ചിരുന്നു,” പിഎസ്ജി കോച്ച് പറഞ്ഞു. മെസ്സിയുടെ സസ്പെൻഷനെക്കുറിച്ച് ചോദിച്ചപ്പോൾ, ആഴ്ചയുടെ തുടക്കത്തിൽ തന്നെ ക്ലബ് അറിയിച്ചിരുന്നുവെന്നും ക്ലബിന്റെ തീരുമാനമായതിനാൽ അതിനെക്കുറിച്ച് പ്രതികരിക്കേണ്ടെന്ന് തീരുമാനിച്ചതായും ഗാൽറ്റിയർ പറഞ്ഞു. തീരുമാനത്തെക്കുറിച്ച് തന്നോട് കൂടിയാലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി, വിഷയം കൂടുതൽ ചർച്ച ചെയ്യുന്നതിനുപകരം ടീമിന്റെ ശേഷിക്കുന്ന ഗെയിമുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറയുകയും ചെയ്തു.

പി‌എസ്‌ജിയുമായുള്ള നെയ്‌മറിന്റെ ഭാവിയെക്കുറിച്ചും ഗാൽറ്റിയർ അഭിപ്രായം പങ്കുവെച്ചു.ടീമിന്റെ അടിയന്തര ആവശ്യങ്ങളിലാണ് തന്റെ ശ്രദ്ധയെന്നും ഭാവി കൃത്യസമയത്ത് തീരുമാനിക്കുമെന്നും കോച്ച് പ്രസ്താവിച്ചു. അടുത്ത സീസണിൽ നെയ്മറെ (പിഎസ്ജിയിൽ) വീണ്ടും കാണുമോ? ഞങ്ങളുടെ അവസാന അഞ്ച് മത്സരങ്ങളിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, അടുത്ത സീസണിൽ എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം ഗാൽറ്റിയർ പറഞ്ഞു.

Rate this post
Psg