സ്വന്തം ആരാധകരാൽ അപമാനിക്കപ്പെട്ട മെസ്സിയുടെയും നെയ്മറിന്റെയും പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കിയത് പി എസ് ജി പ്രസിഡന്റ് |PSG

കഴിഞ്ഞ സീസണിൽ പലപ്പോഴും സ്വന്തം ആരാധകരിൽ നിന്ന് തന്നെ പിഎസ്ജി സൂപ്പർതാരങ്ങളായ ലയണൽ മെസ്സിക്കും നെയ്മർ ജൂനിയർക്കും വലിയ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു.മാത്രമല്ല സ്വന്തം ആരാധകരാൽ ഇരു താരങ്ങളും അപമാനിക്കപ്പെടുകയും ചെയ്തിരുന്നു.അതായത് പിഎസ്ജി ആരാധകരുടെ സംഘടനയായ കഴിഞ്ഞ സീസണിൽ ഈ രണ്ടു താരങ്ങളെയും കൂവി വിളിച്ചിരുന്നു.

പാർക്ക് ഡെസ് പ്രിൻസസിൽ വെച്ച് ഈ രണ്ടുപേരുടെയും പേര് അനൗൺസ് ചെയ്ത സമയത്താണ് അൾട്രാസ്‌ കൂവൽ നടത്തിയത്.അതിനു മുന്നേ മത്സരങ്ങൾക്ക് ശേഷം പിഎസ്ജി ആരാധകരെ നെയ്മറും മെസ്സിയും അഭിവാദ്യം ചെയ്യാറുണ്ടായിരുന്നു.എന്നാൽ ഈ കൂവൽ ഏറ്റതിന് പിന്നാലെ പിഎസ്ജി ആരാധകരുമായുള്ള ബന്ധം തകർന്നിരുന്നു.പക്ഷേ ആ ബന്ധം ഇപ്പോൾ വീണ്ടും പുനസ്ഥാപിച്ചു കഴിഞ്ഞു.

അതായത് കഴിഞ്ഞ ബയേണിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പിഎസ്ജി പരാജയപ്പെട്ടതിനുശേഷവും താരങ്ങൾ ആരാധകരെ അഭിവാദ്യം ചെയ്തിരുന്നു.വലിയ ഒരു ഇടവേളക്കുശേഷം ലയണൽ മെസ്സിയും നെയ്മർ ജൂനിയറും ആരാധകരെ ഗ്രീറ്റ് ചെയ്യാൻ എത്തിയിരുന്നു.അത് ആരാധകർക്ക് സന്തോഷം നൽകിയ ഒരു കാര്യമായിരുന്നു.എന്നാൽ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത് ക്ലബ്ബിന്റെ പ്രസിഡണ്ടായ നാസർ അൽ ഖലീഫിയാണ് എന്നാണ് ലേ പാരിസിയൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മൊണാക്കൊയോട് ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ തോൽവി വഴങ്ങിയതിനുശേഷം ക്ലബ്ബിന്റെ ക്യാപ്റ്റനായ മാർക്കിഞ്ഞോസ് ആരാധകരെ സമീപിക്കേണ്ടതില്ലെന്ന് താരങ്ങൾക്ക് നിർദേശം നൽകിയിരുന്നു.എന്നാൽ ആ നിർദ്ദേശം ലംഘിച്ചു കൊണ്ട് കിമ്പമ്പേ ആരാധകരെ സമീപിക്കുകയും മെഗാ ഫോണിലൂടെ അവർക്ക് നന്ദി അറിയിക്കുകയും ചെയ്തിരുന്നു.താരങ്ങളും ക്ലബ്ബിന്റെ ആരാധകരും തമ്മിലുള്ള ബന്ധം തകർന്നിരിക്കുന്നു എന്ന് അതിനുശേഷമാണ് വ്യക്തമായത്.തുടർന്നാണ് നാസർ അൽ ഖലീഫി ഇടപെട്ടത്.ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം എല്ലാ താരങ്ങളോടും സംസാരിക്കുകയും മത്സരശേഷം ആരാധകരെ അഭിവാദ്യം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.

ഇതിന്റെ ഫലമായാണ് ചാമ്പ്യൻസ് ലീഗ് മത്സരത്തിനുശേഷം മെസ്സിയും നെയ്മറുമൊക്കെ ആരാധകരെ അഭിവാദ്യം ചെയ്തിട്ടുള്ളത്.ഇനി ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ പിഎസ്ജിക്ക് ഒരു മികച്ച വിജയം അനിവാര്യമാണ്.അല്ലാത്തപക്ഷം ചാമ്പ്യൻസ് ലീഗിൽ നിന്നും ക്ലബ്ബിന് പുറത്തു പോകേണ്ടി വന്നേക്കും.

Rate this post