മാർക്കോ അസെൻസിയോ നേടിയ ഗോളിൽ ഗ്രാനഡയെ 1-0 ന് തോൽപിച്ച റയൽ മാഡ്രിഡ് ലാലിഗയിൽ അവരുടെ ലീഡ് ആറ് പോയിന്റായി ഉയർത്തി.അസെൻസിയോയുടെ 74-ാം മിനിറ്റിലെ അതിമനോഹരമായ സ്‌ട്രൈക്ക് ആണ് റയലിന് വിജയമൊരുക്കിയത്, ജയത്തോടെ കഴിഞ്ഞ ദിവസം ഒസാസുനയിൽ സമനില വഴങ്ങിയ രണ്ടാം സ്ഥാനക്കാരായ സെവിയ്യയേക്കാൾ ആറ് പോയിന്റുമായി 53 പോയിന്റുന്റെ ലീഡുമായി മാഡ്രിഡ ഒന്നാം സ്ഥാനത്തെത്തി.കരീം ബെൻസെമയുടെ തുടർച്ചയായ അഭാവത്തിൽ അൻസെലോട്ടി ഇസ്‌കോയെ ഇറക്കി മധ്യനിരയിൽ കാസെമിറോയ്ക്ക് പകരം എഡ്വേർഡോ കാമവിംഗയെത്തി. ബെൻസേമയുടെ അഭാവത്തിൽ മുന്നേറ്റത്തിൽ റയൽ മാഡ്രിഡിന് വേണ്ടത്ര ഓപ്‌ഷനുകൾ ഇല്ലാത്ത തിരിച്ചടിയായി.
സാവിയുടെ കീഴിലെ ബാഴ്സലോണയുടെ ഏറ്റവും മികച്ച പ്രകടനം കണ്ട മത്സരത്തിൽ ബാഴ്സലോണ രണ്ടിനെതിരെ നാല് ഗോളുകൾക്ക് അത്ലറ്റികോ മാഡ്രിഡിനെ തകർത്തു വിട്ടു. കളിയുടെ അവസാന 20 മിനുട്ടോളം 10 പേരുമായി കളിച്ചാണ് ബാഴ്സലോണ വിജയം നേടിയത്. ഇന്ന് ഒരു ഗോളും ഒരു അസിസ്റ്റും നേടി തിളങ്ങിയ വെറ്ററൻ താരം ഡാനി ആല്വെസ് അവസാനം ചുവപ്പ് കാർഡും വാങ്ങി പുറത്തു പോവുകയും ചെയ്തു.എട്ടാം മിനുട്ടിൽ കരാസ്കോ നേടിയ ഗോളോടെ അത്ലറ്റിക്കോ മാഡ്രിഡ് ആണ് ലീഡ് എടുത്തത്. പത്താം മിനുട്ടിൽ തന്നെ ബാഴ്സലോണ തിരിച്ചടിച്ചു. ആൽവസന്റെ പാസിൽ നിന്ന് ഒരു ഇടം കാലൻ വോളിയിലൂടെ ജോർദി ആൽബ ആണ് ബാഴ്സക്ക് സമനില നൽകിയത്. 21ആം മിനുട്ടിൽ പുതിയ സൈനിംഗ് ട്രയോരയുടെ അസിസ്റ്റിൽ നിന്ന് ഗവി ബാഴ്സലോണയെ ലീഡിൽ എത്തിച്ചു.
ആദ്യ പകുതിയുടെ അവസാനം അറോഹോയിലൂടെ ബാഴ്സലോണ മൂന്നാം ഗോളും നേടി ആദ്യ പകുതി 3-1ന് അവസാനിപ്പിച്ചു.രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ തകർപ്പൻ ഷോട്ടിലൂടെ അത്ലറ്റിക്കോ വല കുലുക്കിയ ഡാനി ആൽവസ് ഗോൾ കോൺട്രിബ്യൂഷൻ രണ്ടാക്കി. 58 ആം മിനിറ്റിൽ മുൻ ക്ലബിന്റെ വലയിൽ പന്ത് എത്തിച്ച് ലൂയി സുവാരസ് അത്ലറ്റിക്കോയ്ക്ക് പ്രതീക്ഷ നൽകി. സാവിയുടെ ടീം കൂടുതൽ ഗോളുകൾ നേടുമെന്ന പ്രതീതി നിലനിൽക്കെയാണ് അപകടരമായ ചലഞ്ചിന്റെ പേരിൽ ആൽവസ് ചുവപ്പ് കാർഡ് വാങ്ങിയത്. ബ്രസീലിയൻ വെറ്ററൻ ഡിഫൻഡർ ഒരേസമയം ഹീറോയും വില്ലനുമായി മാറി. ഈ വിജയത്തോടെ ബാഴ്സലോണ 38 പോയിന്റുമായി നാലാം സ്ഥാനത്തെത്തി. അത്ലറ്റിക്കോ മാഡ്രിഡ് ടോപ് 4ൽ നിന്ന് പുറത്തായി. മറ്റു മത്സരങ്ങളിൽ വലൻസിയയും റയൽ സോസിഡാഡും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.വിയ്യാറയൽ പി ടോറസ് (41′), É കാപൗ (83′) എന്നിവർ നേടിയ ഗോളുകൾക്ക് റിയൽ ബെറ്റിസിനെ പരാജയപ്പെടുത്തി.
ഫ്രഞ്ച് ലീഗിൽ തകർപ്പൻ ജയവുമായി പിഎസ്ജി. നിലവിലെ ചാമ്പ്യൻമാരായ ലീലിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് പിഎസ്‌ജി തറപറ്റിച്ചത്. ഒരു ഗോൾ നേടുകയും മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത സൂപ്പർ താരം ലയണൽ മെസി കളിയിൽ തിളങ്ങി. ഫ്രഞ്ച് ലീഗിലെ രണ്ടാം ഗോളാണ് മെസി ലീലിനെതിരെ നേടിയത്. ഡാനിലോ പെരേര രണ്ട് ഗോൾ നേടിയപ്പോൾ, കിംപെമ്പെ, എംബാപ്പെ എന്നിവരും സ്‌കോർ ചെയ്തു. മെസിയുടെ അളന്ന് മുറിച്ചുള്ള കോർണറിൽ നിന്നായിരുന്നു കിംപെമ്പെയുടെ ഗോൾ. ലീലിന്റെ ഏക ഗോൾ ബോട്മാന്റെ വകയായിരുന്നു. ഫ്രഞ്ച് ലീഗിൽ 13 പോയിന്റിന്റെ വമ്പൻ ലീഡുമായി പിഎസ്ജി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
സിരി എ യിൽ തകർപ്പൻ ജയവുമായി യുവന്റസ്. ഇന്നലെ നടന്ന മത്സരത്തിൽ വെറോണയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് യുവന്റസ് തകർത്തത്.യുവന്റസിനായുള്ള കന്നി മത്സരത്തിൽ തന്നെ സ്‌കോർ ചെയ്ത് ദുസാൻ വ്ലാഹോവിച്ചും ഡെന്നിസ് സക്കറിയയും. വ്ലാഹോവിച്ച് ആദ്യ പകുതിയിലും സക്കറിയ ഹാഫ് ടൈമിന് ശേഷവും ഗോൾ നേടിയപ്പോൾ യുവന്റസ് വെറോണയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് കീഴടക്കി. ജയത്തോടെ മുൻ ഇറ്റാലിയൻ ചാമ്പ്യൻമാർ സിരി എയിൽ നാലാം സ്ഥാനത്തെത്തി.
മറ്റൊരു മത്സരത്തിൽ അറ്റലാന്റയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കാഗ്ലിയാരി പരാജയപ്പെടുത്തി.പന്ത് കൈവശം വച്ചതും അവസരങ്ങൾ തുറന്നതും അറ്റലാന്റ ആണെങ്കിലും രണ്ടാം പകുതിയിൽ 50 മത്തെ മിനിറ്റിൽ ഗാസ്റ്റൺ പെരീരോയിലൂടെ കാഗ്ലിയാരി ആണ് മത്സരത്തിൽ മുന്നിലെത്തിയത്.52 മത്തെ മിനിറ്റിൽ ഗോൾ കീപ്പർ യുവാൻ മുസ്സോ ചുവപ്പ് കാർഡ് കൂടി കണ്ടതോടെ അറ്റലാന്റ കൂടുതൽ സമ്മർദ്ദത്തിലായി. എന്നാൽ 64 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരം ഗോൾ ആക്കി മാറ്റിയ ജോസെ ലൂയിസ് പോളോമിനോ അറ്റലാന്റക്ക് സമനില ഗോൾ സമ്മാനിച്ചു. എന്നാൽ നാലു മിനിറ്റിനുള്ളിൽ ഒരു പ്രത്യാക്രമണത്തിലൂടെ തന്റെ രണ്ടാം ഗോൾ കണ്ടത്തിയ പെരീരോ മത്സരം അറ്റലാന്റയിൽ നിന്നു തട്ടിയെടുത്തു.
വെനഷിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു നാപോളി ലീഗിൽ 52 പോയിന്റുകളും ആയി ഇന്റർ മിലാനു ഒരു പോയിന്റ് മാത്രം പിന്നിൽ എത്തി.പരിക്ക് കാരണം നവംബർ മുതൽ വിശ്രമത്തിൽ ആയിരുന്ന വിക്ടർ ഒസിമിഹൻ തന്റെ തിരിച്ചു വരവ് മത്സരത്തിൽ നാപോളിക്ക് രണ്ടാം പകുതിയിൽ 59 മത്തെ മിനിറ്റിൽ ഗോൾ സമ്മാനിച്ചു. മറ്റെയോ പൊളിറ്റാനയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ ആയിരുന്നു താരത്തിന്റെ ഗോൾ. സീസണിൽ ലീഗിൽ താരത്തിന്റെ പത്താം ഗോൾ ആയിരുന്നു ഇത്.
ബുണ്ടസ് ലീഗയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന് വമ്പൻ പരാജയം. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് ആണ് സ്വന്തം മൈതാനത്ത് ഡോർട്ട്മുണ്ട് ബയേർ ലെവർകുസനോട് പരാജയപ്പെട്ടത്.ഹാളണ്ടിന്റെ അഭാവത്തിൽ ആയിരുന്നു ഡോർട്ട്മുണ്ട് മത്സരത്തിനു ഇറങ്ങിയത്. മാനുവൽ അകാൻജി (10′ OG)ഫ്ലോറിയൻ വിർട്ട്സ് (20′)റോബർട്ട് ആൻഡ്രിച്ച് (28′)ജോനാഥൻ താഹ് (53′)മൂസ ഡയബി (87′) എന്നിവർ ലെവർകൂസന് വേണ്ടി ഗോൾ നേടിയപ്പോൾ ജെറമി ഫ്രിംപോംഗ് (16′ OG) സ്റ്റെഫൻ ടിഗ്ഗെസ് (89′) എന്നിവർ ഡോർട്മുണ്ടിന്റെ ഗോളുകൾ നേടി.21 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 43 പോയിന്റുമായി ബയേണിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഡോർട്മുണ്ട്