സബ്സ്റ്റിട്യൂട്ട് ചെയ്തതിൽ അതൃപ്തി പ്രകടിപ്പിച്ച് മെസ്സി : തകർപ്പൻ തിരിച്ചു വരവിൽ റയൽ മാഡ്രിഡിന് ജയം : ഗോൾ വേട്ട അവസാനിപ്പിക്കാതെ ഹാലാൻഡ്: ജയം കണ്ടെത്താനാവാതെ യുവന്റസ്
ലാ ലീഗയിൽ തകർപ്പൻ ജയവുമായി റയൽ മാഡ്രിഡ്. ഇന്നലെ വലൻസിയയെ വമ്പൻ തിരിച്ചുവരവിൽ റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്.ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡിന്റെ ജയം. റയൽ മാഡ്രിഡിന് വേണ്ടി വിനീഷ്യൻസ് ജൂനിയറും കെരീം ബെൻസിമയുമാണ് ഗോളടിച്ചത്. വലൻസിയയുടെ ഗോളടിച്ചത് ഹ്യൂഗോ ഡുറോയാണ്. കളി അവസാനിക്കാനിരിക്കെ രണ്ട് മിനുട്ടിൽ പിറന്ന രണ്ട് ഗോളുകളാണ് കളി റയൽ മാഡ്രിഡിന് അനുകൂലമാക്കിയത് ഗോൾ രഹിതമായ ആദ്യ പകുതിക്ക് പിന്നാലെ കളിയുടെ 66ആം മിനുട്ടിലാണ് ഡുറോ വലൻസിയയെ മുന്നിലെത്തിക്കുന്നത്. റയലിന് വേണ്ടി 86ആം മിനുട്ടിൽ ബെൻസിമ ആദ്യ ഗോൾ നേടി. ഗോളിന് വഴിയൊരുക്കിയത് വിനീഷ്യസായിരുന്നു. റയൽ ആരാധകരെ ആവേശത്തിലാഴ്ത്തി രണ്ട് മിനുട്ടിനുള്ളിൽ വിനീഷ്യസ് ലീഡ് നേടി. ഈ ഗോളിന് വഴിയൊരുക്കിയത് ബെൻസിമയും. ഇന്നലത്തെ ജയത്തോട് കൂടി ലാലിഗയിൽ 13 പോയന്റുമായി ഒന്നാം സ്ഥാനത്താണ് റയൽ മാഡ്രിഡ്.
ഫ്രഞ്ച് ലീഗിൽ പിഎസ്ജി ക്ക് ജയം. ഇന്നലെ നടന്ന മത്സരത്തിൽ 2-1നാണ് ലിയോണിനെ പാരീസ് പരാജയപ്പെടുത്തിയത്.സൂപ്പർ താരങ്ങൾ ഉണ്ടായിട്ടും പി എസ് ജിക്ക് നന്നായി വിയർക്കേണ്ടി വന്നു.ഇഞ്ച്വറി ടൈമിൽ ഇക്കാർഡി നേടിയ ഗോളിന്റെ പിൻബലത്തിലായിരുന്നു പിഎസ്ജി യുടെ ജയം. സൂപ്പർ താരം ലയണൽ മെസ്സിക്ക് ഇന്നലെ കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല 76 ആം മിനുട്ടിൽ സൂപ്പർ താരത്തെ സബ്സ്റ്റിട്യൂട്ട് ചെയ്യുകയും ചെയ്തു.സബ്സ്റ്റിട്യൂട്ട് ചെയ്ത തീരുമാനത്തിൽ മെസ്സി നിരാശനുമായിരുന്നു. 54ആം മിനുട്ടിൽ പക്വേറ്റയിലൂടെ ലിയോൺ ആണ് ലീഡ് നേടിയത്. 66 ആം മിനുട്ടിൽ നെയ്മർ പിഎസ്ജി യെ ഒപ്പമെത്തിച്ചു.അവസാന നിമിഷം എമ്പപ്പെയുടെ ക്രോസിൽ നിന്നായിരുന്നു ഇക്കാർഡിയുടെ ഗോൾ. പി എസ് ജിയുടെ ലീഗിലെ തുടർച്ചയായ ആറാം വിജയമാണിത്. പി എസ് ജി തന്നെയാണ് ലീഗിൽ ഒന്നാമത്. ലിയോൺ 9 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്.
സീരി എയിൽ യുവന്റസിന് സീസണിലെ ആദ്യ വിജയത്തിനായി ഇനിയും കാത്തിരിക്കണം. ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ട ശേഷം ലീഗിൽ കഷ്ടപ്പെടുന്ന യുവന്റസിനെ ഇന്നലെ എ സി മിലാൻ ആണ് സമനിലയിൽ തളച്ചത്. 1-1 എന്ന സ്കോറിലാണ് കളി അവസാനിച്ചത്. ലീഗിൽ നാലു മത്സരങ്ങൾ കഴിഞ്ഞിട്ടും അലെഗ്രിയുടെ ടീം ഒരു കളി ജയിച്ചിട്ടില്ല.ആദ്യ പകുതിയിൽ മൊറാട്ടയുടെ ഗോൾ യുവന്റസിന് ലീഡ് നൽകിയിരുന്നു. കളിയുടെ നാലാം മിനുട്ടിൽ ഡിബാലയുടെ പാസിൽ നിന്നായിരുന്നു ഈ ഗോൾ.അധികം അവസരങ്ങൾ പിറക്കാത്ത മത്സരത്തിൽ രണ്ടാം പകുതിയിൽ 76ആം മിനുട്ടിലാണ് മിലാൻ സമനില കണ്ടെത്തിയത്. ഗംഭീര ഫോമിൽ ഉള്ള റെബികിന്റെ വക ആയിരുന്നു ഗോൾ.
സൂപ്പർ താരം ഹാലാൻഡിന്റെ ഗോളടി മികവിൽ മുന്നേറുകയാണ് ഡോർട്മുണ്ട്. ഇന്നലെ നടന്ന മത്സരത്തിൽ ഹാലാൻഡിന്റെ ഇരട്ട ഗോൾ മികവിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് യൂണിയൻ ബെർലിനെ പരാജയപ്പെടുത്തി.ഇരട്ട ഗോളുകൾ നേടിയ ഹാളണ്ട് സീസണിൽ ഡോർട്ടുമുണ്ടിന് ആയി എട്ടാം മത്സരത്തിൽ തന്റെ പതിനൊന്നാം ഗോൾ ആണ് ഹാളണ്ട് ഇന്ന് കണ്ടത്തിയത്. ഡോർട്ടുമുണ്ടിന് ആയി കളിച്ച 67 കളികളിൽ നിന്നു 68 മത്തെ ഗോൾ ആയിരുന്നു ഹാളണ്ടിന് ഇത്. നിലവിൽ 5 കളികളിൽ നിന്ന് 12 പോയിന്റുകളുമായി ഡോർട്ടുമുണ്ട് ബയേണിനു പിറകിൽ രണ്ടാം സ്ഥാനത്ത് ആണ്.