ഈ സീസണിന്റെ അവസാനത്തോടുകൂടി പൂർണ്ണമാവുന്ന ലയണൽ മെസ്സിയുടെ കോൺട്രാക്ട് പുതുക്കാനുള്ള ശ്രമങ്ങൾ ക്ലബ്ബ് ആരംഭിച്ചുകഴിഞ്ഞു എന്നുള്ളത് നേരത്തെ തന്നെ മാധ്യമങ്ങൾ കണ്ടെത്തിയ കാര്യമാണ്.മെസ്സിയുടെ കരാർ പുതുക്കാൻ പിഎസ്ജി വളരെയധികം താല്പര്യപ്പെടുന്നുണ്ട്.എന്നാൽ മെസ്സി തന്റെ നിലപാട് എന്താണ് എന്നുള്ളത് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഖത്തർ വേൾഡ് കപ്പിന് ശേഷമായിരിക്കും മെസ്സി കരാറിന്റെ കാര്യത്തിൽ ഒരു തീരുമാനമെടുക്കുക.
എന്നാൽ പിഎസ്ജിയുടെ സ്പോർട്ടിംഗ് ഡയറക്ടറായ ലൂയിസ് കാമ്പോസ് മെസ്സിയുടെ കരാറിന്റെ കാര്യത്തിൽ ഒരു സ്ഥിരീകരണം നടത്തിയിട്ടുണ്ട്. അതായത് മെസ്സിയോട് കരാർ പുതുക്കിക്കൊണ്ട് ഇവിടെ തുടരാൻ ആവശ്യപ്പെട്ടു എന്നുള്ള കാര്യമാണ് ഇദ്ദേഹം വെളിപ്പെടുത്തിയിട്ടുള്ളത്. തുടരുമെന്നുള്ള പ്രതീക്ഷ താൻ മെസ്സിയോട് പങ്കുവെച്ചെന്നും കാമ്പോസ് പറഞ്ഞു.
‘ ലയണൽ മെസ്സിയുടെ കാര്യത്തിൽ ഞാൻ വളരെയധികം സംതൃപ്തി ഉള്ളവനാണ്. അതുകൊണ്ടുതന്നെ മെസ്സി ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ അദ്ദേഹത്തോട് ഇവിടെ തുടരാൻ ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്റെ കാലാവധിയിൽ, അതായത് മൂന്നുവർഷത്തോളം മെസ്സി ഇവിടെ തുടരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നതെന്നുമുള്ള കാര്യവും ഞാൻ മെസ്സിയെ അറിയിച്ചിട്ടുണ്ട് ‘ RMC എന്ന മാധ്യമത്തോട് കാമ്പോസ് പറഞ്ഞു.
എന്നാൽ ഡിഫൻഡറായ റാമോസിന്റെ കാര്യം ഇതിൽ നിന്നും വ്യത്യസ്തമാണ്. അദ്ദേഹം മികച്ച പ്രകടനം നടത്തുകയാണെങ്കിൽ മാത്രമാണ് അദ്ദേഹത്തിന്റെ കരാർ പുതുക്കുക എന്നുള്ളത് കാമ്പോസ് പരോക്ഷമായി പറഞ്ഞിട്ടുണ്ട്. ‘ റാമോസ് തന്റെ മികച്ച പ്രകടനം തുടരുകയാണെങ്കിൽ എന്തുകൊണ്ട് അദ്ദേഹത്തിന്റെ കരാർ ഞങ്ങൾക്ക് പുതുക്കിക്കൂടാ? ഇതാണ് സ്പോർട്ടിംഗ് ഡയറക്ടർ ചോദിച്ചിട്ടുള്ളത്. അതായത് റാമോസിന്റെ കരാർ പുതുക്കണമെങ്കിൽ അദ്ദേഹത്തിന്റെ മികച്ച പ്രകടനം തുടർന്നേ മതിയാകൂ.
PSG Reveals Its Future Plans For Lionel Messi, Sergio Ramos https://t.co/5rwrTTn8aO
— PSG Talk (@PSGTalk) September 16, 2022
ഇതോടെ കാര്യങ്ങൾ പൂർണമായും ലയണൽ മെസ്സിയുടെ കൈകളിലായിട്ടുണ്ട്. പിഎസ്ജിയുമായി കരാർ പുതുക്കണമെങ്കിൽ അങ്ങനെയാവാം, ബാഴ്സയിലേക്ക് തിരികെ വരണമെങ്കിൽ അതിനുള്ള ഓപ്ഷനുമുണ്ട്. മറ്റേതെങ്കിലും ക്ലബ്ബിലേക്ക് പോകണമെങ്കിൽ അതിനുള്ള സാധ്യതകളും മെസ്സിയുടെ മുന്നിലുണ്ട്. പക്ഷേ നിലവിൽ മെസ്സി വരുന്ന വേൾഡ് കപ്പിൽ മാത്രമാണ് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്.