ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു എഫ്സി ബാഴ്സലോണയുടെ ബ്രസീലിയൻ താരം റഫീഞ്ഞ അൽകാൻട്രയെ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി സൈൻ ചെയ്തത്. തുടർന്ന് താരം പിഎസ്ജിക്ക് വേണ്ടി കളിക്കാൻ തുടങ്ങിയിട്ടുമുണ്ട്. ആകെ അഞ്ച് കളികളാണ് താരം പിഎസ്ജിക്ക് വേണ്ടി കളിച്ചത്. ഇതിൽ നാലെണ്ണത്തിൽ പിഎസ്ജി വിജയിച്ചപ്പോൾ യുണൈറ്റഡിനോട് പിഎസ്ജി പരാജയമറിഞ്ഞു.
എന്നാൽ പിഎസ്ജി സൈൻ ചെയ്യാൻ ശ്രമിച്ചിരുന്നത് റഫീഞ്ഞയുടെ ജേഷ്ഠനായ തിയാഗോയെ ആയിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇരുവരുടെയും പിതാവായ മാസിഞ്ഞോ. കഴിഞ്ഞ ദിവസം ഫ്രാൻസ് ഫുട്ബോളിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. ഈ ട്രാൻസ്ഫർ ജാലകത്തിൽ തിയാഗോയെ ബയേൺ മ്യൂണിക്കിൽ നിന്നും ലിവർപൂൾ റാഞ്ചിയിരുന്നു.തുടർന്ന് രണ്ട് മത്സരങ്ങൾ മാത്രമാണ് താരത്തിന് ക്ലോപിന്റെ കീഴിൽ കളിക്കാൻ സാധിച്ചത്.
” ഈ ട്രാൻസ്ഫർ ജാലകത്തിൽ ഞാൻ പിഎസ്ജി ഡയറക്ടർ ലിയനാർഡോയുമായി സംസാരിച്ചിരുന്നു. പക്ഷെ അത് തിയാഗോയെ സംബന്ധിച്ചായിരുന്നു. ലിയനാർഡോക്ക് തിയാഗോയെ പിഎസ്ജിയിൽ എത്തിക്കാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ തിയാഗോ ലിവർപൂളുമായി കരാറിൽ എത്തിയിരുന്നു. ഇതോടെ ആ നീക്കം ഉപേക്ഷിച്ചു ” പിതാവായ മാസിഞ്ഞോ തുടരുന്നു.
” പിന്നീട് ഞങ്ങൾ റഫീഞ്ഞയെ പറ്റി സംസാരിച്ചു. പക്ഷെ അദ്ദേഹം ലിയനാർഡോയുടെ പദ്ധതികളിൽ ഇല്ലായിരുന്നു. പിന്നീട് ഞങ്ങൾ വീണ്ടും സംസാരിച്ചപ്പോൾ അദ്ദേഹം മനസ്സ് മാറ്റി. എല്ലാം നടന്നത് അവസാനദിനത്തിലായിരുന്നു. ആ തിങ്കളാഴ്ച്ചയായിരുന്നു രണ്ട് ക്ലബുകളും കൺവിൻസ് ചെയ്യപ്പെട്ടത്. ഡെഡ്ലൈനിന്റെ അഞ്ചോ ആറോ മണിക്കൂറുകൾക്ക് മുമ്പ് മാത്രമാണ് ഞങ്ങൾ കരാറിൽ എത്തിയത്. ലിയനാർഡോക്ക് തിയാഗോയെ ആയിരുന്നു വേണ്ടിയിരുന്നത്. പക്ഷെ ലഭിച്ചത് റഫീഞ്ഞയെ ആയിരുന്നു. റഫീഞ്ഞക്കാവട്ടെ തന്റെ സ്വപ്നക്ലബ് ലഭിക്കുകയും ചെയ്തു ” മാസിഞ്ഞോ പറഞ്ഞു.