പി.എസ്.ജിയുടെ സൂപ്പർ താരനിരക്ക് എതിരെ യുവന്റസ് : മാഞ്ചസ്റ്റർ സിറ്റിക്കെതിരെ സെവിയ്യ : റയൽ മാഡ്രിഡിണ് സ്കോട്ടിഷ് വെല്ലുവിളി :ചെൽസിയും എസി മിലാനും ഇന്നിറങ്ങും

യുവേഫ ചാമ്പ്യൻസ് ലീഗ് 2022/23 ഗ്രൂപ്പ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവും.ആദ്യ ദിനം ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയും ഇറ്റാലിയൻ വമ്പൻമാരായ യുവന്റസും സൂപ്പർ മത്സരത്തിൽ ഏറ്റുമുട്ടും. പിഎസ്ജിയുടെ ഹോം ഗ്രൗണ്ടായ പാർക്ക് ഡെസ് പ്രിൻസസ് സ്റ്റേഡിയത്തിലാണ് മത്സരം.

ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരം ജയിക്കാൻ ഇരുടീമുകളും മികച്ച പോരാട്ടം പുറത്തെടുക്കുമെന്നതിനാൽ മത്സരം വാശിയേറിയതായിരിക്കുമെന്ന് ഉറപ്പാണ്.ഉഗ്രൻ ഫോമിലുള്ള ലിയോണൽ മെസി, നെയ്‌മർ ജൂനിയർ, കിലിയൻ എംബാപ്പെ ത്രയത്തിലാണ് പിഎസ്‌ജിയുടെ പ്രതീക്ഷയത്രയും. ലീഗ് വണ്ണിൽ തോൽവി അറിയാതെ ഗോൾ അടിച്ചുകൂട്ടിയാണ് പിഎസ്‌ജി സ്വന്തം കാണികൾക്ക് മുന്നിലിറങ്ങുന്നത്. യുവന്റസിന് ഇപ്പോൾ അത്ര നല്ല സമയം ഒന്നുമല്ല. അവസാനമായി കളിച്ച നാല് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് അവർ വിജയിച്ചിട്ടുള്ളത്.

സിരി എയിൽ ഏഴാം സ്ഥാനത്താണ് യുവന്റസ് ഉള്ളത്. പിഎസ്ജിയും യുവന്റസും ഇതുവരെ 5 തവണ മുഖാമുഖം വന്നിട്ടുണ്ട്. അതിൽ മൂന്നെണ്ണം യുവന്റസ് ജയിച്ചപ്പോൾ പിഎസ്ജി രണ്ടുതവണ ജയിച്ചു. 2017ൽ നടന്ന ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിലാണ് ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത്.അന്ന് വിജയം യുവന്റസിനൊപ്പമായിരുന്നു. പാർക്ക് ഡെസ് പ്രിൻസസ് സ്റ്റേഡിയത്തിൽ യുവന്റസ് 3-2ന് പിഎസ്ജിയെ തോൽപിച്ചു.ഈ സീസണിൽ യുവന്‍റസിലേക്ക് ചേക്കേറിയ എഞ്ചൽ ഡി മരിയയും ലിയാൻഡ്രോ പരേഡസും പിഎസ്‌ജിയുടെ മൈതാനത്തേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ആദ്യപാദ മത്സരത്തിനുണ്ട്. മത്സരത്തിനുള്ള പിഎസ്ജി ടീമിനെ പുറത്തുവിട്ടിരിക്കുകയാണ്.

പിഎസ്ജിയുടെ സൂപ്പർ താരങ്ങളായ നെയ്മർ, മെസ്സി, എംബാപ്പെ, റാമോസ്, മാർക്വിഞ്ഞോസ്, നവാസ്, വെറാട്ടി, ഡോണാരുമ്മ തുടങ്ങിയവരും ടീമിലുണ്ട്. ഏറ്റവുമൊടുവിൽ, ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം ടീമിനൊപ്പം ചേർന്ന സോളറെയും ചാമ്പ്യൻസ് ലീഗ് ഓപ്പണറിനുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഈ ട്രാൻസ്ഫർ വിൻഡോയിൽ പിഎസ്ജിയിൽ നിന്ന് യുവന്റസിലേക്ക് ചേക്കേറിയ അർജന്റീനിയൻ മിഡ്ഫീൽഡർ പരേഡസ്, ബൊണൂച്ചി, വ്ലാഹോവിച്ച്, മിലിക്ക്, കോസ്റ്റിക് എന്നിവരെല്ലാം യുവന്റസ് ടീമിൽ ഇടം നേടി. അതേസമയം, പരുക്കിനെ തുടർന്ന് കുറച്ചുകാലമായി ടീമിന് പുറത്തായിരുന്ന അർജന്റീനിയൻ വിങ്ങർ എയ്ഞ്ചൽ ഡി മരിയയ്ക്ക് ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരവും നഷ്ടമാകും.

മറ്റ് മത്സരങ്ങളിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ്, സെൽറ്റിക്കിനെയും പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി, സെവിയയെയും ഇറ്റാലിയൻ ചാമ്പ്യൻമാരായ എ സി മിലാൻ, ആർ ബി സാൽസ്ബർഗിനെയും നേരിടും. മുൻ ചാമ്പ്യൻമാരായ ചെൽസി രാത്രി പത്തേകാലിന് തുടങ്ങുന്ന മത്സരത്തിൽ ഡൈനമോ സാഗ്രബിനെയും ബൊറുസ്യ ഡോർട്ട്മുണ്ട്, ഡെൻമാർക്ക് ക്ലബ് എഫ് സി കോപ്പൻഹേഗനെയും നേരിടും.മികച്ച ഫോമോടെ സീസണിന് ആരംഭം കുറിച്ച മാഡ്രിഡ് ചാമ്പ്യൻസ് ലീഗിലും വിജയത്തിൽ കുറഞ്ഞ ഒന്നും ആദ്യ മത്സരത്തിൽ പ്രതീക്ഷിക്കുന്നില്ല.ലാ ലീഗയിലെ ആദ്യ മത്സരങ്ങളിൽ സമ്പൂർണ വിജയത്തോടെയാണ് മാഡ്രിഡ് കുതിക്കുന്നത്‌. അവസാന മത്സരത്തിൽ കരുത്തരായ എതിരാളികളായ റയൽ ബെറ്റിസിനെ തോൽപ്പിക്കാൻ ആയത് ടീമിന്റെ ആത്മവിശ്വാസം വീണ്ടും വർധിപ്പിക്കും.

Rate this post