“ഒരു വർഷത്തിനിടയിൽ പലതും സംഭവിക്കാം”- ലയണൽ മെസി ബാഴ്‌സയിൽ തിരിച്ചെത്തുമെന്ന സൂചന നൽകി മുൻ നായകൻ

കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പിഎസ്‌ജിയിലേക്ക് ചേക്കേറിയ സൂപ്പർതാരം ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചെത്താൻ സാധ്യതയുണ്ടെന്ന സൂചനകൾ നൽകി ക്ലബിന്റെ മുൻ നായകനും സ്‌പാനിഷ്‌ ഇതിഹാസവുമായ കാർലോസ് പുയോൾ. പിഎസ്‌ജിയിൽ ലയണൽ മെസിയുടെ കരാർ ഈ സീസണോടെ അവസാനിക്കാനിരിക്കെയാണ് കാർലോസ് പുയോൾ മെസിയുടെ തിരിച്ചുവരവിനെക്കുറിച്ച് സംസാരിച്ചത്. താരത്തെ ബാഴ്‌സലോണ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നും പുയോൾ പറഞ്ഞു.

കടുത്ത സാമ്പത്തിക പ്രതിസന്ധികളെ തുടർന്നാണ് ബാഴ്‌സലോണക്ക് കഴിഞ്ഞ സമ്മറിൽ ലയണൽ മെസിയെ ക്ലബിൽ നിന്നും ഒഴിവാക്കേണ്ടി വന്നത്. ഇതോടെ പിഎസ്‌ജിയിലേക്ക് ചേക്കേറിയ താരം രണ്ടു വർഷത്തെ കരാറാണ് ഒപ്പു വെച്ചിരിക്കുന്നത്. ഈ കരാർ ഒരു വർഷത്തേക്കു കൂടി നീട്ടാൻ കഴിയുമെന്ന ഉടമ്പടിയുണ്ടെങ്കിലും അതിനു മെസിയുടെ കൂടി സമ്മതം ആവശ്യമാണ്. ഈ സാഹചര്യത്തിൽ അർജന്റീന താരം ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുമെന്ന് ആരാധകരിൽ പലരും പ്രതീക്ഷിക്കുന്നുമുണ്ട്.

“ലയണൽ മെസിക്ക് തിരിച്ചു വരാനുള്ള സമയം ഒരുപാട് വൈകിയിട്ടില്ല. താരത്തിന്റെ കരാർ അവസാനിക്കാൻ പോവുകയാണ്, ഒരു വർഷത്തിനിടയിൽ ഒരുപാട് കാര്യങ്ങൾ സംഭവിക്കാനും സാധ്യതയുണ്ട്. ഇതൊരു ലോകകപ്പ് വർഷം കൂടിയാണ്. ഇതെല്ലാം സാവിയെയും മെസ്സിയെയും ആശ്രയിച്ചിരിക്കും. പക്ഷെ മെസിയെ ബാഴ്‌സലോണ ഏറ്റവും നല്ല രീതിയിലാണ് എല്ലായിപ്പോഴും സ്വീകരിക്കുക.” സ്‌പാനിഷ്‌ മാധ്യമം സ്പോർട്ടിനോട് പുയോൾ പറഞ്ഞു. ബാഴ്‌സലോണ ടീമിലെത്തിച്ച പോളണ്ട് താരം റോബർട്ട് ലെവൻഡോസ്‌കിയെ കുറിച്ചും പുയോൾ സംസാരിച്ചു.

“ലെവൻഡോസ്‌കി ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണ്. അത് ഗോളുകൾ നേടുന്നതു കൊണ്ട് മാത്രമല്ല. പന്തടക്കവും സഹതാരങ്ങൾക്കൊപ്പം ചേർന്ന് കളിക്കാനും താരത്തിന് കഴിയും. ലെവൻഡോസ്‌കിക്ക് ബാലൺ ഡി ഓർ വിജയിക്കാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്. താരം കടന്നു പോന്ന നല്ല വർഷങ്ങൾ കൊണ്ട് അതർഹിക്കുന്നു, അതു ബാഴ്‌സലോണക്കൊപ്പം നേടാനും അവസരമുണ്ട്, അതൊരു നല്ല അടയാളമാണ്.” പുയോൾ പറഞ്ഞു.

ലയണൽ മെസി ക്ലബ് വിട്ട കഴിഞ്ഞ സീസണിൽ ബാഴ്‌സലോണയുടെയും മെസിയുടെയും പ്രകടനം പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയർന്നില്ലായിരുന്നു. എന്നാൽ ഈ സീസണിൽ മെസിയും ബാഴ്‌സലോണയും മികച്ച പ്രകടനം നടത്താൻ ആരംഭിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ വേറെ ഗ്രൂപ്പുകളിൽ ആണെങ്കിലും നോക്ക്ഔട്ട് ഘട്ടത്തിൽ രണ്ടു ടീമുകളും ഏറ്റുമുട്ടിയാൽ അതു വളരെ വൈകാരികമായ ഒന്നായിരിക്കും.

Rate this post