ലയണൽ മെസിക്കെതിരെ മാത്രമല്ല, നെയ്‌മറുടെ നേരെയും പിഎസ്‌ജി ആരാധകർ അവരുടെ രോഷം പ്രകടിപ്പിക്കുന്നുണ്ട്. പലപ്പോഴും നെയ്‌മറുടെ ചെയ്‌തികളിൽ അതൃപ്‌തി പ്രകടിപ്പിച്ചിട്ടുള്ള പിഎസ്‌ജി ആരാധകർ ഈ സീസണിൽ അതിന്റെ കൂടിയ രൂപമാണ് കാണിക്കുന്നത്. കഴിഞ്ഞ ദിവസം താരത്തിന്റെ വീടിനു മുന്നിൽ ആരാധകർ നടത്തിയ പ്രതിഷേധം ആരാധകർ എത്രത്തോളം രോഷാകുലരാണെന്ന് വ്യക്തമാക്കുന്നു.
അതിനു പിന്നാലെ ആരാധാകരെ പ്രകോപിപ്പിക്കുന്ന തരത്തിലാണ് നെയ്‌മർ പെരുമാറിയത്. ഇൻസ്റ്റഗ്രാമിൽ പിഎസ്‌ജി ഒരു ചെറിയ ക്ലബാണെന്നും ഒരു ചരിത്രവും അവർക്ക് അവകാശപ്പെടാൻ കഴിയില്ലെന്നും പറയുന്ന രണ്ടു പോസ്റ്റുകളിൽ നെയ്‌മർ ലൈക്ക് ചെയ്‌തത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇതോടെ അടുത്ത സീസണിൽ ക്ലബിനൊപ്പം നെയ്‌മറും ഉണ്ടാകില്ലെന്ന കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
നെയ്‌മറെ വിൽക്കാൻ നേരത്തെ താൽപര്യമുണ്ടായിരുന്ന പിഎസ്‌ജി ഇതോടെ ആ തീരുമാനത്തിൽ കൂടുതൽ മുന്നോട്ടു പോവുകയാണ്. സ്കൈ സ്പോർട്ട്സിന്റെ റിപ്പോർട്ടുകൾ പ്രകാരം വരുന്ന സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ താരത്തിനായി വരുന്ന ഓഫറുകൾ പിഎസ്‌ജി പരിഗണിക്കാൻ പോവുകയാണ്. ബ്രസീലിയൻ താരത്തെ വിൽക്കാൻ തന്നെയാണ് അവരുടെ ഉദ്ദേശമെന്ന് ഇതിൽ നിന്നും വ്യക്തമാണ്.
നെയ്‌മറെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്തു വന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഖത്തറിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏറ്റെടുക്കാനുള്ള ബിഡ് സമർപ്പിച്ചിട്ടുണ്ട്. ക്ലബ്ബിനെ ഖത്തറിൽ നിന്നുള്ള ഉടമകൾ ഏറ്റെടുത്താൽ അവർ നെയ്‌മർക്ക് വേണ്ടി ശ്രമം നടത്തുമെന്നും താരത്തെ ടീമിലെത്തിക്കുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Man Utd's chances of landing Neymar have reportedly received a huge boost with PSG prepared to listen to offers for the Brazilian 🔴
— Sky Sports Premier League (@SkySportsPL) May 4, 2023
എന്നാൽ പരിശീലകനായ എറിക് ടെൻ ഹാഗ് ഇക്കാര്യത്തിൽ എന്തു തീരുമാനമെടുക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഏറെ നാളുകളായി മോശം ഫോമിലായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിട്ടുണ്ട്. അതിനു തടസ്സമാകുന്ന ഒരു സൈനിങ്ങും നടത്താൻ ഡച്ച് പരിശീലകൻ സമ്മതിക്കില്ലെന്നു തീർച്ചയാണ്.