എംബാപ്പയെ നിലനിർത്തി എംഎൻഎം ത്രയം പിരിക്കാനുള്ള പദ്ധതികളുമായി പിഎസ്‌ജി

നിലവിൽ യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച മുന്നേറ്റനിര താരങ്ങൾ ഏതു ക്ലബിലാണെന്നു ചോദിച്ചാൽ എല്ലാവരുടെയും ഉത്തരം പിഎസ്‌ജി എന്നു തന്നെയാകും. എന്നാൽ ലയണൽ മെസി, നെയ്‌മർ, എംബാപ്പെ എന്നീ താരങ്ങൾ ടീമിലുണ്ടെങ്കിലും ഏറ്റവും മികച്ച പ്രകടനം നടത്താൻ അവർക്ക് കഴിയുന്നില്ല. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ പുറത്തായ ടീം ഈ സീസണിലും പതറുകയാണ്.

ടീമിലെ താരങ്ങൾ തമ്മിലുള്ള ഒത്തിണക്കമില്ലായ്‌മയും മുന്നേറ്റനിരയിലെ ഈ കളിക്കാർ ടീമിന്റെ സന്തുലിതാവസ്ഥയെ ബാധിക്കുന്നു എന്നതുമാണ് പിഎസ്‌ജി അനുഭവിക്കുന്ന ഒരു പ്രതിസന്ധി. പ്രതിരോധത്തെ സഹായിക്കാൻ മടിയുള്ള, ആക്രമണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു നിൽക്കുന്ന ഈ മൂന്നു താരങ്ങളുടെ ശൈലി പിഎസ്‌ജിക്ക് പല മത്സരങ്ങളിലും വലിയ വെല്ലുവിളി സൃഷ്‌ടിക്കുന്നുണ്ട്.

അതിനു പുറമെ ഈ താരങ്ങൾ ടീമിലുള്ളതിനാൽ സാമ്പത്തികമായ പ്രശ്‌നങ്ങളും പിഎസ്‌ജി അനുഭവിക്കുന്നുണ്ട്. ഈ മൂന്നു താരങ്ങളും കനത്ത പ്രതിഫലമാണ് വാങ്ങുന്നത് എന്നതിനാൽ പുതിയ താരങ്ങളെ സ്വന്തമാക്കുന്നതിൽ പിഎസ്‌ജിക്ക് വിട്ടുവീഴ്ച്ചകൾ ചെയ്യേണ്ടി വരുന്നു. ജനുവരി ജാലകത്തിൽ ഒരു സൈനിങ്‌ പോലും പിഎസ്‌ജി നടത്തിയിട്ടില്ല.

ഇതൊക്കെ പരിഗണിച്ച് എംഎൻഎം ത്രയത്തെ പിരിക്കാനുള്ള പദ്ധതിയാണ് പിഎസ്‌ജി ആസൂത്രണം ചെയ്യുന്നത്. എംബാപ്പയെ നിലനിർത്തി, ടീമിന്റെ കേന്ദ്രമാക്കി മെസി, നെയ്‌മർ എന്നിവരിലൊരാളെ ഒഴിവാക്കാനാണ് പിഎസ്‌ജിയുടെ തീരുമാനമെന്ന് ആർഎംസി സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നു. ഈ സീസണിലെ പ്രകടനം നോക്കിയാവും ഇവരിൽ ആരെ നിലനിർത്തണമെന്ന് പിഎസ്‌ജി തീരുമാനിക്കുക.

നെയ്‌മർ അടുത്ത സമ്മറിൽ പിഎസ്‌ജിയിൽ നിന്നും പുറത്തു പോകുമെന്നും ചെൽസി അടക്കമുള്ള നിരവധി പ്രീമിയർ ലീഗ് ക്ലബുകൾ താരത്തിനായി ശ്രമം നടത്തുന്നുണ്ടെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിനൊപ്പം ലയണൽ മെസി കരാർ പുതുക്കാനുള്ള സാധ്യതകളും മങ്ങിയിട്ടുണ്ട്. നിലവിൽ ഇവരിൽ ആരായിരിക്കും അടുത്ത സമ്മറിൽ ഒഴിവാക്കപ്പെടുകയെന്ന കാര്യത്തിൽ നിശ്ചയമില്ല.

2.2/5 - (5 votes)
Psg