സമ്മർ ട്രാൻസ്ഫർ ജാലകം എല്ലാ ക്ലബുകൾക്കും അത്ര മികച്ചതായിരുന്നില്ല. കൊവിഡ് മഹാമാരി ക്ലബുകളുടെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചതിനാൽ വേണ്ട താരങ്ങളെ സ്വന്തമാക്കാനുള്ള മൂലധനം പല ക്ലബുകൾക്കും ഉണ്ടായിരുന്നില്ല. ഫ്രഞ്ച് ക്ലബായ പിഎസ്ജിയും അത്ര മികച്ച ട്രാൻസ്ഫറുകൾ സമ്മറിൽ നടത്തിയില്ലെങ്കിലും അതിന്റെ ക്ഷീണം ജനുവരിയിൽ തീർക്കാനാണ് അവർ ഒരുങ്ങുന്നത്.
ഇൻറർ മിലാനിൽ അവസരങ്ങൾ കുറഞ്ഞ മുൻ ടോട്ടനം ഹോസ്പർ താരം ക്രിസ്ത്യൻ എറിക്സനെയാണ് പിഎസ്ജി ജനുവരി ട്രാൻസ്ഫർ ജാലകത്തിലെ പ്രധാന ലക്ഷ്യമായി കണക്കാക്കിയിരിക്കുന്നത്. ഫ്രഞ്ച് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം പിഎസ്ജി പ്രസിഡൻറ് ലിയനാർഡോ താരത്തിന്റെ ഏജന്റുമായി ഇതു സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ജനുവരിയിലാണ് ടോട്ടനത്തിൽ നിന്നും എറിക്സനെ പതിനേഴു മില്യണിന്റെ ട്രാൻസ്ഫറിൽ ഇന്റർ മിലാൻ ടീമിലെത്തിച്ചത്. ഇന്ററുമായി നാലു വർഷത്തെ കരാർ ഒപ്പിട്ട താരത്തിനു പക്ഷേ പ്രതീക്ഷിച്ച പ്രകടനം ടീമിനൊപ്പം പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇതു വരെ ഒരു ഗോളും രണ്ട് അസിസ്റ്റും മാത്രമാണ് താരം ഇറ്റാലിയൻ ക്ലബിനു വേണ്ടി സ്വന്തമാക്കിയിരിക്കുന്നത്.
എറിക്സണിന്റെ പ്രതിഫലം വളരെ കൂടുതലാണെന്നതു കൊണ്ട് താരത്തെ ടീമിൽ നിന്നും ഒഴിവാക്കാൻ ഇന്ററിനും താൽപര്യമുണ്ട്. ഇരു ക്ലബുകളും തമ്മിൽ ട്രാൻസ്ഫർ ഫീസിന്റെ കാര്യത്തിൽ ധാരണയിലായാൽ എറിക്സൻ പിഎസ്ജിയിലെത്തുമെന്ന കാര്യം ഉറപ്പാണ്.