“കരുത്ത് തെളിയിച്ച് റയൽ മാഡ്രിഡ് : നീസിനോട് പരാജയപ്പെട്ട് പിഎസ്ജി : മിന്നുന്ന വിജയങ്ങളുമായി ചെൽസിയും ലിവർപൂളും : ബയേണിന് സമനില”

ബെർണബ്യൂവിൽ റയൽ സോസിഡാഡിനെ 4-1ന് തോൽപ്പിച്ച് ഗോളുകളിലേക്ക് ശക്തമായി തിരിച്ചു വന്ന് റയൽ മാഡ്രിഡ് . വിജയത്തോടെ രണ്ടാം സ്ഥാനക്കാരായ സെവിയ്യയുമായി പോയിന്റ് വ്യത്യസം എട്ടാക്കി വർധിപ്പിക്കാനും റയലിനായി . മത്സരം തുടങ്ങി 10 മിനിറ്റിനുള്ളിൽ തന്നെ മൈക്കൽ ഒയാർസബൽ സോസോഡാഡിനെ പെനാൽറ്റിയിൽ നിന്നുള്ള ഗോളിൽ മുന്നിലെത്തിച്ചു.40 മിനിറ്റിനുള്ളിൽ എഡ്വേർഡോ കാമവിംഗ ശക്തമായ ഒരു ലോംഗ് റേഞ്ച് ഷോട്ടിലൂടെ സമനില പിടിച്ചു.മൂന്ന് മിനിറ്റിന് ശേഷം ലൂക്കാ മോഡ്രിച്ച് സമാനമായ ശ്രമത്തിലൂടെ മാഡ്രിഡിനെ മുന്നിലെത്തിച്ചു.

രണ്ടാം പകുതിയിലുടനീളം റയൽ മാഡ്രിഡ് ആധിപത്യം പുലർത്തി, 76 മിനിറ്റിൽ കരിം ബെൻസെമ പെനാൽറ്റിയിൽ നിന്നും നേടിയ ഗോളിലൂടെ സ്കോർ 3 -1 ആക്കി ഉയർത്തി. 79 ആം മിനുട്ടിൽ പകരക്കാരനായ മാർക്കോ അസെൻസിയോ നാലാം ഗോളും നേടി വിജയം ഉറപ്പിക്കുകയും ചെയ്തു.പാരീസ് സെന്റ് ജെർമെയ്‌നുമായുള്ള ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് മത്സരത്തിന് മുന്നോടിയായി മാഡ്രിഡിന് ഈ വിജയം കൂടുതൽ ആത്മവിശ്വാസം നൽകുന്നുണ്ട്. 27 മത്സരങ്ങളിൽ നിന്നും റയലിന് 63 പോയിന്റും രണ്ടാം സ്ഥാനത്തുള്ള സേവിയയ്ക്ക് 55 പോയിന്റുമാണുള്ളത്.

ഫ്രഞ്ച് ലീഗ് 1 ൽ ഇന്നലെ നടന്ന മത്സരത്തിൽ നൈസ് എതിരില്ലാത്ത ഒരു ഗോളിന് ലിഗ് 1 ലീഡർമാരായ പാരിസ് സെന്റ് ജെർമെയ്‌നെ ഞെട്ടിച്ചു. മത്സരത്തിന്റെ 88 ആം മിനുട്ടിൽ ആൻഡി ഡെലോർട്ട് നേടിയ ഗോളിനായിരുന്നു നൈസിന്റെ ജയം. പരാജയത്തോടെ 27 മത്സരങ്ങളിൽ നിന്ന് 62 എന്ന നിലയിൽ തുടരുന്നതിനാൽ ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള പിഎസ്ജിയുടെ ലീഡ് 13 പോയിന്റായി ചുരുങ്ങി, അതേ മത്സരങ്ങളിൽ നിന്ന് 49 പോയിന്റുമായി നൈസ് രണ്ടാം സ്ഥാനത്തെത്തി. സൂപ്പർ താരം എംബാപ്പയുടെ അഭാവത്തിൽ പിഎസ്ജി ആക്രമണങ്ങൾക്ക് വേണ്ടത്ര കൃത്യത ഇന്നലെയുണ്ടായിരുന്നില്ല.

പ്രീമിയർ ലീഗിൽ ചെൽസിക്ക് തകർപ്പൻ ജയം. ബേൺലിയെ ഏകപക്ഷീയമായ നാല് ഗോളിനാണ് ബ്ലൂസ് തോൽപ്പിച്ചത്. കയ് ഹാവെർട്സിന്റെ ഇരട്ട ഗോൾ പ്രകടനമാണ് ചെൽസിയുടെ ജയം അനായാസമാക്കിയത്. റീസ് ജെയിംസും ക്രിസ്റ്റിയൻ പുലിസിക്കും ഓരോ തവണ ലക്ഷ്യം കണ്ടു. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു ചെൽസിയുടെ ഉജ്ജ്വല തിരിച്ചുവരവ്. 26 മത്സരങ്ങളിൽ നിന്ന് 53 പോയിന്റുമായി ചെൽസി പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്ത് തുടരുകയാണ്.

മറ്റൊരു മത്സരത്തിൽ വെസ്റ്റ് ഹാം ഉയർത്തിയ വെല്ലുവിളി ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്ന് ലിവർപൂൾ. 27 ആം മിനിറ്റിൽ സാദിയോ മാനെയാണ് റെഡ്സിന്റെ ഏക ഗോൾ നേടിയത്. വെസ്റ്റ് ഹാമിനെ തോൽപ്പിച്ചതോടെ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്‌ നിൽക്കുന്ന മാഞ്ചസ്റ്റർ സിറ്റിയുടെ തൊട്ടടുത്തെത്തി ലിവർപൂൾ. മാഞ്ചസ്റ്റർ സിറ്റിക്ക് 66 പോയിന്റും രണ്ടാമതുള്ള ലിവർപൂളിന് 63 പോയിന്റുമാണ് നിലവിൽ.

ജർമൻ ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്കിനെ സമനിലയിൽ തളച്ച് ബയേർ ലെവർകൂസൻ. 18 ആം മിനുട്ടിൽ നിക്ലാസ് സുലെ നേടിയ ഗോളിൽ മുന്നിൽ എത്തിയ ബയേൺ 36 ആം മിനുട്ടിൽ മുള്ളർ വഴങ്ങിയ സെൽഫ് ഗോളിലൂടെയാണ് സമനില വഴങ്ങിയത്.25 മത്സരങ്ങൾക്ക് ശേഷം 59 പോയിന്റുമായി ബയേൺ തന്നെയാണ് ഇപ്പോഴും പോയിന്റ് ടേബിളിൽ ഒന്നാമത്. ഒരു മത്സരം കുറവ് കളിച്ച ഡോർട്ട്മുണ്ട് 50 പോയിന്റുമായി രണ്ടാമതാണ്.45 പോയിന്റുമായി ലെവർകൂസൻ മൂന്നാം സ്ഥാനത്ത് തുടർന്നു.

Rate this post
Bayern MunichChelseaLiverpoolPsgReal Madrid