ബാഴ്സ ഫ്ലോപിന് വേണ്ടി പിഎസ്ജി ശ്രമങ്ങൾ നടത്തുന്നുണ്ട്, സ്ഥിരീകരിച്ച് പരിശീലകൻ

ഫ്രഞ്ച് ടീമായ പിഎസ്ജിക്ക് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ അവരുടെ മുന്നേറ്റ നിരയിലെ താരമായ പാബ്ലോ സറാബിയയെ നഷ്ടമായിരുന്നു.വോൾവ്സാണ് താരത്തെ സ്വന്തമാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ സറാബിയയുടെ പകരക്കാരനായി കൊണ്ട് ഒരു പ്ലേയറെ ഇപ്പോൾ പിഎസ്ജിക്ക് ആവശ്യമുണ്ട്. റഷ്യൻ ക്ലബ്ബായ സെനിത്തിന്റെ ബ്രസീലിയൻ താരമായ മാൽക്കത്തിന് വേണ്ടി പിഎസ്ജി ശ്രമങ്ങൾ നടത്തുന്നുണ്ട് എന്നുള്ള വാർത്തകൾ ഉണ്ടായിരുന്നു.

നേരത്തെ സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണക്ക് വേണ്ടി കളിച്ചിട്ടുള്ള ബ്രസീലിയൻ താരമാണ് മാൽക്കം. പക്ഷേ ബാഴ്സയിൽ ഈ താരം ഫ്ലോപ്പ് ആയിരുന്നു. അതുകൊണ്ടായിരുന്നു താരം പിന്നീട് സെനിത്തിലേക്ക് പോയത്.എന്നാൽ അവിടെ ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് ഈ ബ്രസീൽ താരം നടത്തുന്നത്. ഈ സീസണിൽ ആകെ കളിച്ച 23 മത്സരങ്ങളിൽ നിന്ന് 22 ഗോളുകളിൽ കോൺട്രിബ്യൂട്ട് ചെയ്യാൻ ഈ ബ്രസീൽ താരത്തിന് സാധിച്ചു.

15 ഗോളുകൾക്ക് പുറമെ ഏഴ് അസിസ്റ്റുകളും ഈ താരം നേടിയിട്ടുണ്ട്. അതുകൊണ്ടാണ് ഇപ്പോൾ പിഎസ്ജിക്ക് ഈ താരത്തെ ആവശ്യമുള്ളത്.പിഎസ്ജി താൽപ്പര്യം പ്രകടിപ്പിച്ചുകൊണ്ട് ക്ലബ്ബിനെ സമീപിച്ചിട്ടുണ്ട് എന്നുള്ള കാര്യം സെനിത്തിന്റെ പരിശീലകനായ സെർജി സെമക് ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ എത്തിക്കാനാണ് പിഎസ്ജി ആഗ്രഹിക്കുന്നത്.

‘ മാൽക്കത്തിന് വേണ്ടി ഒഫീഷ്യൽ ബിഡുകൾ ഒന്നും വന്നിട്ടില്ല.പക്ഷെ പിഎസ്ജിയിൽ ഈ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.ഞാൻ അദ്ദേഹവുമായി സംസാരിച്ചിരുന്നു. ഒരു ഔദ്യോഗിക ഓഫറിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞങ്ങൾ ഉള്ളത്.അത് വന്നു കഴിഞ്ഞാൽ ഞങ്ങൾ പരിശോധിക്കും.പിഎസ്ജി ഒരു മികച്ച ക്ലബ്ബാണ്. ഞങ്ങൾ ഒരിക്കലും ഒരു താരത്തെ ഇവിടെ തുടരാൻ നിർബന്ധിക്കില്ല.മാൽക്കം പോവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അദ്ദേഹത്തിന് പോകാം ‘ സെനിത്ത് കോച്ച് പറഞ്ഞു.

2018-ൽ ബാഴ്സയിൽ എത്തുന്നതിന് മുമ്പ് ഫ്രഞ്ച് ക്ലബ്ബായ ബോർഡക്സിന് വേണ്ടി ഈ ബ്രസീൽ താരം കളിച്ചിട്ടുണ്ട്.അതിന് ശേഷമായിരുന്നു ബാഴ്സയിൽ എത്തിയിരുന്നത്. എന്നാൽ അവിടെ ഫ്ലോപായി.പിന്നീട് 2019-ലാണ് 5 വർഷത്തെ കോൺട്രാക്ടിൽ സെനിത്തിൽ എത്തിയത്.

Rate this post