ഇന്നലെയായിരുന്നു ഈ സീസണിലെ സമ്മർ ട്രാൻസ്ഫർ ജാലകത്തിലെ അവസാനദിവസം. ബാഴ്സ തങ്ങളുടെ രണ്ട് താരങ്ങളെയാണ് കൈവിട്ടത്. ബ്രസീലിയൻ താരം റഫീഞ്ഞയെ പിഎസ്ജിക്ക് കൈമാറിയപ്പോൾ പ്രതിരോധനിരക്കാരനായ ടോഡിബോയെ പോർച്ചുഗീസ് ക്ലബായ ബെൻഫിക്കക്ക് കൈമാറുകയും ചെയ്തു. യഥാർത്ഥത്തിൽ ഇത് ഗുണം ചെയ്തത് യുവതാരം റിക്കി പുജിനാണ്.
ഇരുവരുടെയും ഒഴിവിൽ രണ്ട് താരങ്ങളെയാണ് ബാഴ്സ സീനിയർ ടീമിലേക്ക് ബി ടീമിൽ നിന്നും പ്രമോട്ട് ചെയ്തത്. റഫീഞ്ഞയുടെ സ്ഥാനത്തേക്കാണ് റിക്കി പുജിന് വിളി വന്നിരിക്കുന്നത്. കൂടാതെ ടോഡിബോയുടെ ഒഴിവിലേക്ക് ഡിഫൻഡർ റൊണാൾഡ് അരൗഹോയെയും ബാഴ്സ ഉൾപ്പെടുത്തി. ഒടുവിൽ ഏറെ അനിശ്ചിതത്വത്തിനൊടുവിൽ പുജിന്റെ കാര്യത്തിൽ കൂമാൻ തീരുമാനം മാറ്റുകയായിരുന്നു.
തുടക്കത്തിൽ പുജിനോട് ലോണിൽ പോവാൻ കൂമാൻ ആവിശ്യപ്പെട്ടിരുന്നു. എന്നാൽ താരം ഇത് നിരസിക്കുകയും ബാഴ്സയിൽ തന്നെ തുടരാൻ തീരുമാനിക്കുകയുമായിരുന്നു. എന്നാൽ പുജിനെ സീനിയർ ടീമിലേക്ക് എടുക്കാൻ കൂമാൻ തയ്യാറായിരുന്നില്ല. അതിനാൽ പുജ് ബാഴ്സ ബിയിലേക്ക് മടങ്ങിയിരുന്നു. എന്നാൽ ഇന്നലെ അവസാനനിമിഷം പുജിനെ ബാഴ്സലോണ തിരികെ സീനിയർ ടീമിലേക്ക് വിളിക്കുകയായിരുന്നു. ഇന്നലെയാണ് സീനിയർ ടീമിന്റെ ലിസ്റ്റ് എഫ്സി ബാഴ്സലോണ ലാലിഗക്ക് കൈമാറിയത്. ഇതിൽ ഇരുവരുടെയും പേരുകൾ ബാഴ്സലോണ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഫാറ്റിക്കൊപ്പം സീനിയർ ടീമിലേക്ക് പ്രൊമോഷൻ നേടാൻ പുജിനും അരൗഹോക്കും കഴിഞ്ഞു.
2018 ഡിസംബറിൽ കോപ്പ ഡെൽ റേ മത്സരത്തിലായിരുന്നു പുജ് ബാഴ്സക്ക് വേണ്ടി സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചത്.അന്ന് 55-ആം മിനുട്ടിൽ കളത്തിലിറങ്ങിയ താരം അസിസ്റ്റ് നേടുകയും ചെയ്തിരുന്നു. തുടർന്ന് ഏപ്രിൽ 13, 2019-ൽ താരം ലാലിഗയിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. കീക്കെ സെറ്റിയൻ പരിശീലകനായതോടെയാണ് പുജിന് അവസരങ്ങൾ ലഭിച്ചു തുടങ്ങിയത്. കഴിഞ്ഞ സീസണിൽ 12 മത്സരങ്ങൾ കളിക്കുകയും ചെയ്തു.