സമ്മർ ട്രാൻസ്ഫർ ജാലകം അവസാനിക്കാൻ ഏതാനും ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ ബാഴ്സ പുതിയ താരങ്ങളെ സ്വന്തമാക്കാനുള്ള സാധ്യത വളരെ കുറവാണെന്നു വ്യക്തമാക്കി പരിശീലകൻ കൂമാൻ. നിലവിലുള്ള താരങ്ങളിൽ ചിലരെ വിൽക്കാതെ പുതിയ ട്രാൻസ്ഫറുകൾ പൂർത്തിയാക്കാൻ കഴിയില്ലെന്നു പറഞ്ഞ കൂമാൻ പ്രീ സീസൺ കളിച്ച താരങ്ങളെ വെച്ച് സീസൺ ആരംഭിക്കുമെന്നും വ്യക്തമാക്കി.
“പുതിയ സീസണു മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ ബാഴ്സലോണ പൂർത്തിയാക്കി കൊണ്ടിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ പ്രീ സീസൺ കളിച്ച താരങ്ങളുടെ ഗ്രൂപ്പ് തന്നെയായിരിക്കും സീസണാരംഭിക്കുമ്പോഴും ബാഴ്സലോണയിൽ ഉണ്ടാവുകയെന്നാണു ഞാൻ കരുതുന്നത്.” ഫോക്സ് സ്പോർട്സിനോടു സംസാരിക്കുമ്പോൾ കൂമാൻ പറഞ്ഞു.
സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സലോണ വിൽക്കാൻ ആഗ്രഹിക്കുന്ന ഏതാനും താരങ്ങളുണ്ട്. സുവാരസ്, വിദാൽ എന്നിവരെല്ലാം അതിലുൾപ്പെടുന്നു. ഇതു പോലെ ഏതാനും താരങ്ങളെ ടീമിൽ നിന്നും ഒഴിവാക്കാതെ ബാഴ്സലോണക്ക് പുതിയ കളിക്കാരെ സ്വന്തമാക്കാനാവില്ലെന്ന് ഡീപേയ് ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്കു മറുപടിയായി കൂമാൻ പറഞ്ഞു.
സെപ്തംബർ 26ന് വിയ്യാറയലിനെതിരെയാണ് ബാഴ്സയുടെ ആദ്യ ലാലിഗ മത്സരം. ഇതിനിടയിൽ ജിറോണക്കെതിരെ ഒരു സൗഹൃദ മത്സരവും കറ്റലൻ ക്ലബ് കളിക്കുന്നുണ്ട്. സീസൺ ആരംഭിക്കാനിരിക്കെ ആരൊക്കെ ടീമിനു പുറത്താകുമെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.