അയാക്സിലെ ‘പുതിയ പോൾ പോഗ്ബക്ക് ‘ വേണ്ടി യുവന്റസ്, വെല്ലുവിളിയുമായി ബാഴ്സ.
മറ്റൊരു അയാക്സ് താരത്തിന് വേണ്ടിയുള്ള പോരാട്ടം കൂടി അടുത്ത ട്രാൻസ്ഫർ മാർക്കറ്റിൽ അരങ്ങേറാൻ പോവുകയാണ്. മുമ്പ് ഫ്രങ്കി ഡിജോങ്, ഹാക്കിം സിയെച്ച്, സെർജിനോ ഡെസ്റ്റ്, ഡോണി വാൻ ഡി ബീക്ക് എന്നീ അയാക്സ് താരങ്ങൾക്ക് വേണ്ടി ട്രാൻസ്ഫർ മാർക്കറ്റിൽ കടുത്ത പോരാട്ടം നടന്നിരുന്നു. തുടർന്ന് ഡിജോങ്, ഡെസ്റ്റ് എന്നിവർ ബാഴ്‌സയിലേക്ക് സിയെച്ച് ചെൽസിയിലേക്കും ഡോണി മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കും കൂടുമാറുകയായിരുന്നു.
ഇപ്പോഴിതാ മധ്യനിരയിലെ പുത്തൻ താരോദയമായ റയാൻ ഗ്രാവൻബേഷിന് വേണ്ടി ട്രാൻസ്ഫർ മാർക്കറ്റിൽ വമ്പൻമാർ ഇറങ്ങി തിരിച്ചിരിക്കുന്നത്. പുതിയ പോൾ പോഗ്ബ എന്ന് മാധ്യമങ്ങൾ വിശേഷണം ചാർത്തികൊടുത്ത മധ്യനിര താരമാണ് റയാൻ. 2019/20 സീസണിൽ മികച്ച പ്രകടനമായിരുന്നു താരം കാഴ്ച്ചവെച്ചിരുന്നത്. ഹോളണ്ടിന്റെ അണ്ടർ 19 താരമാണ് റയാൻ.
Barcelona to challenge Juventus for rising Ajax star Ryan Gravenberch in 2021 https://t.co/8Gx61UlndH
— footballespana (@footballespana_) October 26, 2020
താരത്തിന് വേണ്ടി ആദ്യം രംഗത്ത് വന്നത് ഇറ്റാലിയൻ വമ്പൻമാരായ യുവന്റസ് ആണെങ്കിലും പിന്നാലെ എഫ്സി ബാഴ്സലോണയും രംഗപ്രവേശനം ചെയ്തിട്ടുണ്ട്. ഇറ്റാലിയൻ മാധ്യമമായ ട്യൂട്ടോസ്പോർട്ട് ആണ് ഈ വാർത്തയുടെ ഉറവിടം. പതിനെട്ടുകാരനായ താരത്തെ അടുത്ത സമ്മറിൽ സൈൻ ചെയ്യാൻ വേണ്ടിയാണ് ഇരുക്ലബുകളും പോരാടിക്കുന്നതെന്നാണ് ട്യൂട്ടോസ്പോർട്ടിന്റെ റിപ്പോർട്ട് പ്രതിപാദിക്കുന്നത്. ലിവർപൂളിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ താരം അരങ്ങേറ്റം കുറിച്ചിരുന്നു. മത്സരത്തിൽ മിന്നും പ്രകടനം നടത്തിയതോടെയാണ് ഈ വമ്പൻ ക്ലബുകളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ താരത്തിനായത്.
എന്നാൽ താരത്തെ ദീർഘകാലത്തേക്ക് നിലനിർത്താൻ തന്നെയാണ് അയാക്സിന് താല്പര്യം. പക്ഷെ താരം ക്ലബ് വിടാൻ ആഗ്രഹം പ്രകടിപ്പിച്ചാൽ അയാക്സ് വിട്ടേക്കും. 2023 ജൂൺ വരെ താരത്തിന് അയാക്സിൽ കരാറുണ്ട്. പക്ഷെ വമ്പൻ ക്ലബുകളുടെ പ്രലോഭനത്തിൽ താരം വീഴാനാണ് സാധ്യത. അങ്ങനെയാണെങ്കിൽ ഒരു ഇരുപത്തിയഞ്ച് മില്യൺ യൂറോ ലഭിച്ചാൽ താരത്തെ കൈവിടാൻ അയാക്സ് ഒരുക്കമായേക്കും.