യുവന്റസിനെ വീഴ്ത്താൻ പ്യാനിച്ചിന്റെ സഹായം തേടും, ചാമ്പ്യൻസ്‌ലീഗിനു ഒരുങ്ങാൻ കൂമാനും ബാഴ്സയും
കൂമാനു കീഴിൽ ചാമ്പ്യൻസ്‌ലീഗിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്കായുള്ള തയ്യാറെടുപ്പിലാണ് ബാഴ്സലോണ. ഗ്രൂപ്പ് ജിയിൽ ഇറ്റാലിയൻ വമ്പന്മാരായ യുവന്റസും ഹംഗേറിയൻ ക്ലബ്ബായ ഫെറെൻക്വാരോസും ഉക്രെനിയൻ വമ്പന്മാരായ ഡൈനമോ കീവുമാണ് ബാഴ്‌സലോണയ്ക്ക് എതിരാളികളായി ഉൾപ്പെട്ടിരിക്കുന്നത്. ഗ്രൂപ്പിൽ മികച്ച രണ്ടു ക്ലബ്ബുകളിലൊന്നാണെങ്കിലും മികച്ച പ്രകടനത്തിലൂടെ ഗ്രൂപ്പ് ഘട്ടം കടന്നു മുന്നേറാനുള്ള തയ്യാറെടുപ്പിലാണ് കൂമാനും സംഘവും.
ഗ്രൂപ്പിൽ ബാഴ്സക്ക് ഏറ്റവും ഭീഷണിയുയർത്തുക സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോയുടെ യുവന്റസ് തന്നെയായിരിക്കുമെന്നുറപ്പാണ്. എന്നിരുന്നാലും എതിരാളികളെക്കുറിച്ച് കൂടുതൽ പഠിച്ച് മികച്ച രീതിയിൽ തയ്യാറെടുപ്പുകൾ നടത്തി നേരിടാനാവുമെന്ന ആത്മവിശ്വാസത്തിലാണ് കൂമാൻ.
🗣️ — Koeman: "Juventus are showing every year that they have a strong team, with experience and a great player like Cristiano Ronaldo. We have Pjanic, who can give us a little more information about his former club." pic.twitter.com/yUxqjIXmmz
— Barça Universal (@BarcaUniversal) October 9, 2020
അതിനായി യുവന്റസ് താരം പ്യാനിച്ചിന്റെ സഹായം തേടുമെന്നും കൂമാൻ വെളിപ്പെടുത്തി. ഏറെക്കാലം യുവന്റസിന്റെ തന്ത്രങ്ങളിൽ പ്രധാനിയായിരുന്ന പ്യാനിച്ച് ബാഴ്സക്ക് ഗുണകരമാവുമെന്ന് തന്നെയാണ് കൂമാൻ കണക്കു കൂട്ടുന്നത്. “ഇതു വളരെയധികം പ്രധാനപ്പെട്ട മത്സരമാണ്. ഞങ്ങളും മികച്ച ടീമാണെങ്കിലും അതു തെളിയിക്കേണ്ടതുണ്ട്.”
“ഞങ്ങളുടെ തട്ടകത്തിൽ വെച്ച് ഫെറെൻക്വരോസുമായുമായാണ് ഇതിനു തുടക്കം കുറിക്കുന്നത്. അതൊരു പ്രധാനമത്സരം തന്നെയാണ്. ഞങ്ങൾക്ക് എതിരാളികളെക്കുറിച്ച് കൂടുതൽ പഠിച്ച് തയ്യാറാവേണ്ടതുണ്ട്. യുവന്റസ് എല്ലാ സീസണിലും അവർ ശക്തമായ ടീമാണെന്ന് തെളിയിക്കുന്നുണ്ട്, അനുഭവജ്ഞാനത്തിലും ഒപ്പം മികച്ച താരമായ ക്രിസ്ത്യാനോ റൊണാൾഡോക്കോപ്പവും. ഞങ്ങൾക്ക് പ്യാനിച്ച് ഉണ്ട്, അദ്ദേഹത്തിനു മുൻടീമുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയും.” കൂമാൻ അഭിപ്രായപ്പെട്ടു.