റൊണാൾഡോയെ കൊവിഡ് ബാധയേൽക്കാതെ സംരക്ഷിച്ചതിന് ആരും നാപോളിയോടു നന്ദി പറഞ്ഞില്ലെന്ന് ഇറ്റാലിയൻ റീജിയൻ പ്രസിഡൻറ്

സൂപ്പർതാരമായ റൊണാൾഡോയെ കൊവിഡ് ബാധയേൽക്കാതെ സംരക്ഷിച്ചതിന് നാപോളി കടപ്പാട് അർഹിക്കുന്നുണ്ടെന്നും അവരോട് ആരും നന്ദിയറിയിച്ചതായി കണ്ടില്ലെന്നും ഇറ്റലിയിലെ കംപാനിയ റീജിയണിന്റെ പ്രസിഡന്റായ വിൻസെൻസോ ഡി ലൂക്ക. രണ്ടു താരങ്ങൾക്കു കൊവിഡ് കണ്ടെത്തിയതിനെ തുടർന്ന് യുവന്റസിനെതിരായ സീരി എ മത്സരത്തിൽ പങ്കെടുക്കാൻ ഇറ്റാലിയൻ ടീമിനു ആരോഗ്യ പ്രവർത്തകരുടെ വിലക്കുണ്ടായിരുന്നു.

മത്സരത്തിൽ പങ്കെടുത്തില്ലെങ്കിൽ മൂന്നു പോയിന്റ് നഷ്ടപ്പെടുമെന്ന് സീരി എ അറിയിച്ചിട്ടും ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശം പിന്തുടരാനായിരുന്നു നാപോളിയുടെ തീരുമാനം. ഇത് അഭിനന്ദനാർഹമായ കാര്യമാണെന്നും ലോകഫുട്ബോളിലെ സൂപ്പർ താരമായ റൊണാൾഡോയെയാണ് നാപോളി സംരക്ഷിച്ചതെന്നുമാണ് ക്ലബ് നിലനിൽക്കുന്ന പ്രവിശ്യയുടെ പ്രസിഡന്റായ ഡി ലൂക്ക പറയുന്നത്.

“റൊണാൾഡോയെ കൊവിഡ് ബാധയേൽക്കാതെ സംരക്ഷിച്ചതിന് ആരും നാപോളിയോട് നന്ദിയറിയിച്ചു കണ്ടില്ല. കൊവിഡ് ബാധയേറ്റ താരങ്ങളുമായി ജെനോവയെ പോലെ നാപോളി യുവന്റസിനെ നേരിടാൻ പോയിരുന്നെങ്കിൽ എന്താകുമായിരുന്നു. അതിനു ശേഷം റൊണാൾഡോക്ക് വൈറസ് ബാധയേറ്റാൽ അത് ന്യൂയോർക്ക് ടൈംസിൽ വരെ ഒന്നാം പേജിൽ വന്നേനെ.” ഫേസ്ബുക്ക് വീഡിയോയിൽ ഡി ലൂക്ക പറഞ്ഞു.

“ആരോഗ്യ കാര്യങ്ങളുമായി ബന്ധപ്പെട്ടാവുമ്പോൾ സീരി എ പ്രൊട്ടോകോൾ അനുസരിക്കാൻ പൂർണമായും കഴിയില്ല. ഇക്കാര്യത്തിൽ കളിക്കാർക്കും ഇറ്റലിയിലെ സാധാരണ ജനങ്ങൾക്കും ഒരേ നിയമമാണുള്ളത്. അതു കൊണ്ടാണ് നാപോളി മത്സരം കളിക്കില്ലെന്ന തീരുമാനമെടുത്തത്.”

“സീരി എ പ്രൊട്ടോകോൾ പാലിച്ച് സ്റ്റേഡിയത്തിൽ എത്തുമെന്ന യുവന്റസ് പ്രസിഡൻറിന്റെ വാക്കുകൾ എനിക്കു വേദനയുണ്ടാക്കിയിരുന്നു. മഹത്വമെന്നത് വിജയം മാത്രമല്ല, തോൽക്കാതിരിക്കൽ കൂടിയാണെന്ന വാക്കുകൾ അദ്ദേഹം മറക്കരുതായിരുന്നു. ഞാനതു പോലെ പെരുമാറിയാൽ എനിക്ക് എന്നോടുള്ള മതിപ്പാണു നഷ്ടപ്പെടുക.” അദ്ദേഹം വ്യക്തമാക്കി.

സീരി എയിലെ ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ചതിനു ശേഷമാണ് നാപോളി മത്സരത്തിനിറങ്ങാതെ മൂന്നു പോയിന്റ് നഷ്ടപ്പെടുത്തിയത്.

Rate this post