മെസ്സി ബാഴ്സയിൽ തുടരണമെങ്കിൽ സംഭവിക്കേണ്ടത് ഒന്നേ ഒന്നു മാത്രം, സുഹൃത്തായ സുവാരസ് വെളിപ്പെടുത്തുന്നു.

എഫ്സി ബാഴ്സലോണയിലെ ഉറ്റസുഹൃത്തുക്കളായിരുന്ന ലയണൽ മെസ്സിയും ലൂയിസ് സുവാരസും ഇനി ഒരുമിച്ചില്ല എന്നത് ഈ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ വ്യക്തമായതാണ്. ഏറെ വിവാദങ്ങൾക്കും പ്രശ്നങ്ങൾക്കും ശേഷം സുവാരസിനെ ബാഴ്സ ഒഴിവാക്കുകയും താരം അത്ലെറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറുകയുമായിരുന്നു. എന്നാൽ ക്ലബ് വിടാൻ ശ്രമിച്ച മെസ്സിയെയാവട്ടെ ബാഴ്‌സ തടഞ്ഞു വെക്കുകയും ചെയ്തു.ഇതിനെതിരെ മെസ്സിയും സുവാരസും വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

ഇപ്പോഴിതാ മെസ്സിയെ കുറിച്ചും ബാഴ്‌സയെ കുറിച്ചും കൂടുതൽ സംസാരിച്ചിരിക്കുകയാണ് ഈ ഉറുഗ്വൻ സൂപ്പർ താരം. മെസ്സിയുമായുള്ള തന്റെ ബന്ധം അവസാനിപ്പിക്കാൻ വേണ്ടിയാണ് ബാഴ്‌സ തന്നെ ഒഴിവാക്കിയത് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. കൂടാതെ ലയണൽ മെസ്സി ബാഴ്‌സയിൽ തുടരണമെങ്കിൽ ബാഴ്‌സ ബോർഡ് മാറണമെന്നും അത് മാത്രമാണ് മെസ്സി ബാഴ്‌സയിൽ തുടരാനുള്ള വഴിയെന്നും സുവാരസ് തുറന്നു പറഞ്ഞിരിക്കുകയാണ്. ഇഎസ്പിഎന്നിന്റെ 90 മിനുട്സ് ഓഫ് ഫുട്ബോൾ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു സുവാരസ്.

” മെസ്സിയുടെയും എന്റെയും ബന്ധമാണ് ബാഴ്സ എന്നെ പുറത്താക്കാൻ കാരണം. അല്ലാതെ മറ്റൊന്നും തന്നെ ഞാൻ കാണുന്നില്ല. മെസ്സി ബാഴ്‌സ വിടാൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് അനുവദിക്കുകയാണ് വേണ്ടത്. അദ്ദേഹത്തെ തീരുമാനത്തെ അവർ ബഹുമാനിക്കണം. ആ സമയത്ത് ഞാനും മെസ്സിയും തമ്മിൽ കൂടുതലൊന്നും സംസാരിച്ചിരുന്നില്ല. അതൊരു സങ്കീർണമായ, ബുദ്ദിമുട്ടേറിയ നിമിഷങ്ങളായിരുന്നു. പക്ഷെ ഞാൻ ആ സമയത്ത് അദ്ദേഹത്തെ സഹായിക്കുകയാണ് ചെയ്തത്. മെസ്സി ബാഴ്‌സക്ക്‌ വേണ്ടി എന്തൊക്കെ ചെയ്തു എന്നുള്ളത് നാം കണ്ടതാണ്. ഒരിക്കലും സങ്കൽപ്പിക്കാനാവാത്ത കാര്യങ്ങളാണ് മെസ്സി ബാഴ്‌സക്ക്‌ നൽകിയത് ” സുവാരസ് തുടർന്നു.

” ചിലപ്പോൾ മെസ്സി മറ്റൊരു ക്ലബ്ബിന് വേണ്ടി കളിച്ചേക്കാം. പക്ഷെ അദ്ദേഹത്തിന് ബാഴ്‌സയിൽ നന്നായി തോന്നുകയും സന്തോഷമായിരിക്കുകയും, പുതിയ ബോർഡ് വരികയും ചെയ്താൽ ഒരുപക്ഷെ അദ്ദേഹം ബാഴ്‌സയിൽ തന്നെ തുടർന്നേക്കും. ഒരു സുഹൃത്തെന്ന നിലയിൽ അദ്ദേഹത്തിന് നല്ലത് സംഭവിക്കുന്നതിൽ എനിക്ക് സന്തോഷമേ ഒള്ളൂ. അതല്ല, ഇനി അദ്ദേഹം മറ്റൊരു ക്ലബ്ബിലേക്ക് പോവുകയാണെങ്കിലും ഞാൻ അതിൽ സന്തോഷിക്കും. തീർച്ചയായും ഞാൻ അദ്ദേഹത്തെ ഇപ്പോൾ മിസ് ചെയ്യുന്നുണ്ട്. ഞങ്ങൾ ഒരു കുടുംബം പോലെ കഴിഞ്ഞവരാണ്. പക്ഷെ ഇപ്പോഴും ഞങ്ങൾ സാധ്യമായ സമയത്തെല്ലാം സംസാരിക്കാറുണ്ട് ” സുവാരസ് പറഞ്ഞു.

Rate this post