അർജന്റീനയെ സംബന്ധിച്ചിടത്തോളം വീണ്ടും ഒരു നോകൗട്ട് മത്സരമാണ് ഇനിയും വരാൻ പോകുന്നത്. ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് അപ്രതീക്ഷിത തോൽവി വഴങ്ങേണ്ടി വന്നതിന്റെ അടിയന്തരഫലങ്ങളാണ് ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. മെക്സിക്കോക്കെതിരെ തകർപ്പൻ വിജയം സ്വന്തമാക്കാൻ കഴിഞ്ഞത് ടീമിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്.
അർജന്റീന പോളണ്ടിനെ ഈ മത്സരത്തിൽ തോൽപ്പിക്കാൻ കഴിഞ്ഞാൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ അടുത്ത റൗണ്ടിലേക്ക് കടക്കാൻ കഴിയും, സമനിലയാണെങ്കിൽ സൗദി അറേബ്യ-മെക്സിക്കോ മത്സരത്തിന്റെ ഫലം അനുസരിച്ചായിരിക്കും മുന്നോട്ടുള്ള ഭാവി തീരുമാനിക്കുക. സൗദി അറേബ്യ ജയിച്ചാൽ അർജന്റീന പുറത്താവും, മെക്സിക്കോയാണ് ജയിക്കുന്നതെങ്കിൽ അർജന്റീന പോളണ്ട് മത്സരം സമനില ആയാലും അർജന്റീനക്ക് അടുത്ത റൗണ്ടിൽ കടക്കാം.
ഇനി അർജന്റീന പോളണ്ടിനോട് തോറ്റെന്നിരിക്കട്ടെ ആദ്യ റൗണ്ടിൽ തന്നെ ഖത്തർ ലോകകപ്പിൽ നിന്നും പുറത്താകും, അതുകൊണ്ട് ഇത് അർജന്റീനക്ക് ഒരു നോകൗട്ട് തന്നെയാണ്, ലവ്താരൊ മാർട്ടിനസ് സൂചിപ്പിച്ച പോലെ ഇനിയുള്ള രണ്ടു മത്സരങ്ങളും അർജന്റീനക്ക് ഫൈനലാണ്.ഇരുടീമുകളും തമ്മിൽ 11 തവണ നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ വ്യക്തമായ മുൻതൂക്കം അർജന്റീനയ്ക്കായിരുന്നു. ആറ് കളികൾ ജയിക്കുകയും മൂന്ന് തോൽക്കുകയും രണ്ട് സമനിലയും നേടി.സൂപ്പർ താരം ലയണൽ മെസിയുടെ മിന്നുന്ന ഫോമിലാണ് അര്ജന്റീന വിശ്വാസം അർപ്പിച്ചിരിക്കുന്നത്.
ആദ്യ മത്സരത്തിൽ സൗദി അറേബ്യക്കെതിരെ അട്ടിമറി തോൽവി ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും രണ്ടാം മത്സരത്തിൽ മെക്സിക്കോയെ മെസ്സിയുടെ മികവിൽ കീഴ്പെടുത്തി നോക്ക് ഔട്ട് പ്രതീക്ഷകൾ സജീവമാക്കുകയും ചെയ്തു.ടൂർണമെന്റ് ഫേവറിറ്റുകളിൽ ഒന്നായ അർജന്റീനക്ക് വേണ്ടി ലയണൽ മെസ്സി തന്റെ അഞ്ചാമത്തേയും അവസാനത്തേതുമായ വേൾഡ് കപ്പാണ് കളിക്കുന്നത്.ഡീഗോ മറഡോണക്കൊപ്പമെത്താനും മാതൃരാജ്യത്തിനായി ട്രോഫി ഉയർത്താനുമുള്ള അദ്ദേഹത്തിന്റെ അവസാന അവസരമാണിത്.ഗ്രൂപ്പ് സിയിലെ രണ്ട് മത്സരങ്ങളും നാളെ രാത്രിയാണ്,നാളെ രാത്രി ഇന്ത്യൻ സമയം 12 30നാണ് രണ്ട് മത്സരങ്ങളും നടക്കുക.