ഖത്തർ ലോകകപ്പിൽ പന്തുരുളാൻ ഇനി 100 ദിവസങ്ങൾ മാത്രം |Qatar 2022

ലോകം ആവേശത്തോടെ കാത്തിരുന്ന ഖത്തർ വേൾഡ് കപ്പിന് അരങ്ങുണരാൻ ഇനി 100 നാൾ മാത്രം. ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞ ഒന്നായിരിക്കും ഇത്തവണത്തെ ഖത്തർ വേൾഡ് കപ്പ്. ശൈത്യകാലത്ത് നടക്കുന്നതും മിഡിൽ ഈസ്റ്റിൽ ആദ്യമായി നടക്കുന്നതുമായ വേൾഡ് കപ്പിൽ ഫുട്ബോൾ ആരാധകർ ഇതുവരെ അനുഭവിക്കാത്ത ദൃശ്യ വിരുന്നായിരിക്കും ലഭിക്കുക .

ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന 18-ാമത്തെ രാജ്യമായി ഖത്തർ മാറുകയാണ്. എട്ടു സ്റ്റേഡിയങ്ങളിലായിട്ടാണ് മത്സരം നടക്കുന്നത്.അറബ് സംസ്കാരം ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് ഖത്തറിന്റെ ഏറ്റവും വലിയ അഭിലാഷവും അഭിനിവേശവും.32 ടീമുകൾ പങ്കെടുക്കുന്ന അവസാന ലോകകപ്പാണിത്‌. അടുത്തതവണ ടീമുകളുടെ എണ്ണം നാൽപ്പത്തെട്ടാകും. ലോകകപ്പ്‌ ചരിത്രത്തിൽ ആദ്യമായി ഏഷ്യയിൽനിന്ന്‌ ആറ്‌ ടീമുകളാണ് ഫുട്ബോൾ മാമാങ്കത്തിൽ മാറ്റുരയ്ക്കുന്നത്. അറബ്‌ലോകത്തെ ആദ്യ ലോകകപ്പാണിത്. ഏഷ്യയിൽ രണ്ടാംതവണയാണ് ലോകകപ്പ് നടക്കുന്നത്.

ഖത്തർ ഫുട്ബോൾ ലോകകപ്പിന്‍റെ കിക്കോഫ് നവംബർ 20ന് നടക്കും. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടും അൽ ഖോറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കുക . നവംബർ 21ന് ഈ മത്സരം നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. ഫിക്‌സ്‌ചർ പ്രകാരം സെനഗൽ-നെതർലൻഡ്സ് മത്സരമായിരുന്നു ആദ്യം നടക്കേണ്ടിയിരുന്നത്. എന്നാൽ ആതിഥേയ രാജ്യത്തിന് ആദ്യ മത്സരം കളിക്കാൻ അവസരം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ മാറ്റം. 2006 ലോകകപ്പ് മുതൽ ആതിഥേയ രാജ്യമാണ് ആദ്യ മത്സരം കളിക്കുന്നത്.

ലോകകപ്പിന്റെ ഫൈനൽ മത്സരം നടക്കുന്ന ലുസൈലിലുള്ള ലുസൈൽ ഐക്കണിക് സ്റ്റേഡിയത്തിൽ വ്യാഴാഴ്ച (ഓഗസ്റ്റ് 11) വൈകുന്നേരം ആദ്യ ഔദ്യോഗിക മത്സരം നടന്നു. ഖത്തർ സ്റ്റാർസ് ലീഗ് (ക്യുഎസ്എൽ) ക്ലബ്ബുകളായ അൽ റയ്യാനും അൽ അറബിയും തമ്മിലായിരുന്നു ലുസൈൽ സ്റ്റേഡിയത്തിലെ ആദ്യ മത്സരം. ക്യുഎസ്എൽ മത്സരത്തിൽ അൽ അറബി 2-1ന് അൽ റയാനെ പരാജയപ്പെടുത്തി.80,000 കപ്പാസിറ്റിയുള്ള ലുസൈൽ സ്റ്റേഡിയം ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിലെ 8 സ്റ്റേഡിയങ്ങളിൽ ഏറ്റവും വലുതാണ്. ഖത്തറിലെ ഏറ്റവും വലിയ സ്റ്റേഡിയമാണ് ലുസൈൽ സ്റ്റേഡിയം.23 കിലോമീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്നതാണ് ലുസൈൽ സ്റ്റേഡിയം.

ഖത്തർ ഫുട്ബോൾ അസോസിയേഷന്റെ ഉടമസ്ഥതയിലുള്ള ലുസൈൽ സ്റ്റേഡിയം നിലവിൽ 80,000 കാണികളെ ഉൾക്കൊള്ളുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. എങ്കിലും ലോകകപ്പിന് ശേഷം സീറ്റുകൾ പകുതിയാക്കി ചുരുക്കി സ്റ്റേഡിയത്തിന്റെ ഭൂരിഭാഗവും കമ്മ്യൂണിറ്റി സ്‌പേസ് ആക്കി മാറ്റാനാണ് ഖത്തറിന്റെ ലക്ഷ്യമെന്നും റിപ്പോർട്ടുകളുണ്ട്. എന്തായാലും ലുസൈൽ സ്റ്റേഡിയം ലോകത്തിന് മുന്നിൽ ഖത്തറിന്റെ അഭിമാനങ്ങളിലൊന്നാണ് എന്നതിൽ സംശയമില്ല.6 ഗ്രൂപ്പ് മത്സരങ്ങൾ, റൗണ്ട് ഓഫ് 16, ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ എന്നിങ്ങനെ 10 ലോകകപ്പ് മത്സരങ്ങൾക്ക് ലുസൈൽ സ്റ്റേഡിയം വേദിയാകും. ഫൈനൽ മത്സരം ഡിസംബർ 22-നാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.